ADVERTISEMENT

മുംബൈ ∙ നാസിക് ജില്ലയിലെ കൽവൺ നിയമസഭാ സീറ്റ് എൻസിപി ശരദ് പവാർ വിഭാഗം ഇന്ത്യാമുന്നണിയിലെ സഖ്യകക്ഷിയായ സിപിഎമ്മിന് വിട്ടുനൽകി. പട്ടികവർഗ സംവരണ സീറ്റാണിത്. സിപിഎമ്മിന്റെ കർഷക സംഘടനയായ കിസാൻ സഭ 2018ൽ നടത്തിയ കർഷക ലോങ് മാർച്ചിനു ചുക്കാൻ പിടിച്ച ജെ.പി.ഗാവിത്താണ് പാർട്ടി സ്ഥാനാർഥി.

ആദിവാസി, പിന്നാക്ക വിഭാഗങ്ങൾക്കും കർഷകർക്കും തൊഴിലാളികൾക്കുമിടയിൽ സ്വാധീനമുള്ള അദ്ദേഹം 2014ൽ സിപിഎം സ്ഥാനാർഥിയായി വിജയിച്ച സീറ്റാണിത്. 2019ൽ അവിഭക്ത എൻസിപിയോടു പരാജയപ്പെട്ടു. പരസ്പരം പോരടിച്ചിരുന്ന സിപിഎമ്മും എൻസിപിയുമാണ് ഇന്ത്യാമുന്നണിയുടെ രൂപീകരണത്തിനു ശേഷം വിട്ടുവീഴ്ചകൾക്കു തയാറായത്.

കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ കൽവൺ നിയമസഭാ മണ്ഡലം ഉൾപെടുന്ന ദിൻഡോരിയിൽ ജെ.പി. ഗാവിത് സിപിഎം സ്ഥാനാർഥിയായി മത്സരിക്കാൻ പദ്ധതിയിട്ടിരുന്നു. ശരദ് പവാറാണ് അദ്ദേഹത്തെ അനുനയിപ്പിച്ചത്. തുടർന്ന്, സിപിഎമ്മിന്റെ കൂടി പിന്തുണയോടെ പവാറിന്റെ സ്ഥാനാർഥി ലോക്സഭാമണ്ഡലം പിടിച്ചെടുത്തു. നിയമസഭാ തിരഞ്ഞെടുപ്പിൽ അതിനുള്ള പ്രത്യുപകാരമെന്ന നിലയിൽ കൽവൺ സീറ്റ് പവാർ വിഭാഗം സിപിഎമ്മിനു വിട്ടുകൊടുക്കാൻ തീരുമാനിക്കുകയായിരുന്നു. ആയിരക്കണക്കിന് ഇന്ത്യാമുന്നണി പ്രവർത്തകരുടെ റാലിക്കു ശേഷം ജെ.പി. ഗാവിത് നാമനിർദേശ പത്രിക സമർപ്പിച്ചു. കൽവണിനു പുറമേ, കഴിഞ്ഞ തവണ പാർട്ടി വിജയിച്ച പാൽഘർ ജില്ലയിലെ ഡഹാണു സീറ്റും സിപിഎമ്മിന് ലഭിക്കും. കൂടുതൽ സീറ്റിനായി ചർച്ച നടത്തിവരികയാണെന്നു പാർട്ടിവൃത്തങ്ങൾ പറഞ്ഞു.

English Summary:

Sharad Pawar without defeating CPM

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com