ഖലിസ്ഥാൻ ഭീകരൻ അർഷ്‌ദീപ് ദല്ല കാനഡയിൽ പിടിയിലെന്ന് സൂചന; നിജ്ജറിന്റെ വിശ്വസ്തൻ

Mail This Article
ന്യൂഡൽഹി∙ ഹർദീപ് സിങ് നിജ്ജറിന്റെ വിശ്വസ്തനായിരുന്ന ഖലിസ്ഥാൻ ഭീകരൻ അർഷ്‌ദീപ് ദല്ല കാനഡയിൽ കസ്റ്റഡിയിലെന്ന് സൂചന. കാനഡയിലുണ്ടായ വെടിവയ്പുമായി ബന്ധപ്പെട്ടാണ് കസ്റ്റഡിയിലായതെന്നാണ് വിവരം. ഒക്ടോബർ28–29 തീയതികളിലാണ് വെടിവയ്പുണ്ടായത്.
ഹാൾട്ടൺ റീജണൽ പൊലീസ് സർവീസ് സംഭവവുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തുന്നതായി കനേഡിയൻ ഏജൻസി പറഞ്ഞു. കാനഡയുമായുള്ള നയതന്ത്ര ബന്ധത്തിൽ വിള്ളലുണ്ടായതിനെ തുടർന്ന് ഇരുരാജ്യങ്ങളും തമ്മിൽ വിവരകൈമാറ്റം നടക്കുന്നില്ല.
അർഷ്‌ദീപ് കാനഡയിൽ ഭാര്യയ്ക്കൊപ്പം താമസിക്കുന്നതായാണ് വിവരം. പഞ്ചാബ് പൊലീസ് ഇയാൾക്കെതിരെ ലുക്കൗട്ട് നോട്ടിസ് പുറത്തിറക്കിയിട്ടുണ്ട്. കൊലപാതകം ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയായ ഇയാൾക്കെതിരെ യുഎപിഎ ചുമത്തിയിരുന്നു.