തബല വിദ്വാൻ ഉസ്‌താദ് സാക്കിർ ഹുസൈൻ ഗുരുതരാവസ്ഥയിൽ; ആശുപത്രിയിൽ പ്രവേശിപ്പിച്ചു
Mail This Article
സാൻഫ്രാൻസിസ്കോ∙ ലോകപ്രശസ്ത തബല വിദ്വാൻ ഉസ്‌താദ് സാക്കിർ ഹുസൈനെ (73) ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഹൃദയസംബന്ധമായ രോഗത്തെ തുടർന്ന് സാൻഫ്രാൻസിസ്കോയിലെ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.
ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്ന് സാക്കിർ ഹുസൈന്റെ ബന്ധുക്കൾ അറിയിച്ചു. അദ്ദേഹത്തിനായി പ്രാർഥിക്കണമെന്നും അവർ പറഞ്ഞു. സാക്കിർ ഹുസൈന്റെ സഹോദരി ഭർത്താവ് അയ്യൂബ് ഔലിയ ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്.
സാക്കിർ ഹുസൈൻ അന്തരിച്ചതായി കേന്ദ്ര വാർത്താവിതരണ മന്ത്രാലയം ഉൾപ്പെടെ ട്വീറ്റ് ചെയ്തെങ്കിലും പിന്നീട് പിൻവലിച്ചു. മരണ വാർത്ത തെറ്റാണെന്നു വ്യക്തമാക്കിയ സാക്കിർ ഹുസൈന്റെ കുടുംബം, അദ്ദേഹം ജീവനോടെയുണ്ടെന്നും അദ്ദേഹത്തിനായി പ്രാർഥിക്കണമെന്നും അഭ്യർഥിച്ചു.