ജൂസ് ചാലഞ്ച്, ശേഷം കഷായം; വെള്ളമിറക്കാനാകാതെ 11 ദിവസം ആശുപത്രിയിൽ: ഗ്രീഷ്മയുടെ ക്രൂരതയുടെ നാൾവഴി

Mail This Article
തിരുവനന്തപുരം∙ കുറ്റകൃത്യത്തിനു ദൃക്സാക്ഷികളില്ലാതിരുന്ന കേസിൽ പൊലീസ് നടത്തിയ പിഴവില്ലാത്ത അന്വേഷണവും പ്രോസിക്യൂഷന്റെ കൃത്യതയുള്ള വാദങ്ങളുമാണ് ഷാരോൺ വധക്കേസിൽ ഒന്നാം പ്രതിയായ ഗ്രീഷ്മയെ കുടുക്കിയത്. കൊലപാതകത്തിൽ ഗ്രീഷ്മയ്ക്കു മാത്രമാണു നേരിട്ടു പങ്കെന്നും സംഭവശേഷം തെളിവു നശിപ്പിക്കാൻ അമ്മയും അമ്മാവനും കൂട്ടുനിന്നുവെന്നുമായിരുന്നു പൊലീസിന്റെ കണ്ടെത്തൽ.
2021ലാണ് ഷാരോണും ഗ്രീഷ്മയും പ്രണയത്തിലായത്. 2022 മാർച്ച് നാലിന് ഗ്രീഷ്മയും സൈനികനുമായുള്ള വിവാഹനിശ്ചയം നടന്നു. അതേ വർഷം ഓഗസ്റ്റ് 22ന് ഷാരോണിന് ഗ്രീഷ്മ ജൂസ് ചാലഞ്ച് നടത്തി. ജൂസിൽ 50 പാരസെറ്റമോൾ ടാബ്‌ലറ്റ് കലർത്തി നൽകിയങ്കിലും രുചിവ്യത്യാസം തോന്നിയതിനാൽ ഷാരോൺ കുടിച്ചില്ല. പിന്നീടായിരുന്നു വീട്ടിൽ വിളിച്ചുവരുത്തി കഷായം നൽകി കൊലപ്പെടുത്തിയത്. ഷാരോണിന്റെ ഉള്ളിൽ വിഷാംശം ചെന്നതു മുതൽ ഗ്രീഷ്മയ്ക്ക് തൂക്കുകയർ വിധിച്ചതു വരെ നാൾവഴി ഇങ്ങനെ:
∙∙ 2022 ഒക്ടോബർ 14–21
മുര്യങ്കര ജെ.പി ഹൗസിൽ ജയരാജിന്റെ മകൻ നെയ്യൂർ ക്രിസ്ത്യൻ കോളജിലെ അവസാന വർഷ ബിഎസ്‌സി റേഡിയോളജി വിദ്യാർഥി ജെ.പി. ഷാരോൺരാജ് (23) ദുരൂഹസാഹചര്യത്തി്ൽ മരിക്കുന്നു. സുഹൃത്തായ ഗ്രീഷ്മ എന്ന പെൺകുട്ടിയുടെ വീട്ടിൽനിന്നു നൽകിയ കഷായം, ജ്യൂസ് എന്നിവയാണു മരണകാരണം എന്ന് ആരോപണം.
∙ 14നു പെൺകുട്ടിയുടെ വീട്ടിൽവച്ചു നൽകിയ പാനീയം കഴിച്ച ഉടൻ ഛർദ്ദിൽ അനുഭവപ്പെട്ടതായും തുടർന്നു വ്യക്കകളുടെയും മറ്റ് ആന്തരികാവയവങ്ങളുടെയും പ്രവർത്തനം മോശമാകുയും ചെയ്തു. പല ആശുപത്രികളിലും ചികിത്സ തേടിയശേഷം 19നു മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിയെങ്കിലും 25ാം തീയതി ഷാരോൺ മരിച്ചു. അസ്വാഭാവിക മരണത്തിനാണ് പാറശാല പൊലീസ് കേസെടുത്തത്.
∙∙ 2022 ഒക്ടോബർ 29
ഷാരോൺ ദുരൂഹസാഹചര്യത്തിൽ മരിച്ച സംഭവത്തിൽ അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിനു കൈമാറി
∙∙ 2022 ഒക്ടോബർ 30
സംഭവം കൊലപാതകമാണെന്ന് പൊലീസ്. കഷായത്തിൽ കീടനാശിനി ചേർത്തു നൽകിയെന്നു യുവതി കുറ്റസമ്മതം നടത്തി.
∙∙ 2022 ഒക്ടോബർ 31
ഷാരോണിനെ കളനാശിനി കലർത്തി നൽകി കൊലപ്പെടുത്തിയ കേസിൽ കേരള അതിർത്തിയിൽ കാരക്കോണത്തിനു സമീപം രാമവർമൻചിറ സ്വദേശി ഗ്രീഷ്മയുടെ (23) അറസ്റ്റ് രേഖപ്പെടുത്തി. കസ്റ്റഡിയിലിരിക്കെ പൊലീസ് സ്റ്റേഷൻ ശുചിമുറിയിൽനിന്ന് അണുനാശിനി കുടിച്ച് ആത്മഹത്യയ്ക്കു ശ്രമിച്ച ഗ്രീഷ്മ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
∙ പലതവണ അഭ്യർഥിച്ചിട്ടും തന്റെ സ്വകാര്യ ദൃശ്യങ്ങൾ തിരികെ നൽകാത്തതിന്റെ വൈരാഗ്യമാണു കൊലപാതകത്തിലേക്കു നയിച്ചതെന്നു പ്രതി ഗ്രീഷ്മയുടെ മൊഴി. ഗ്രീഷ്മ ഒന്നാം പ്രതിയും അമ്മ സിന്ധു രണ്ടാം പ്രതിയും ഗ്രീഷ്മയുടെ അമ്മാവൻ നിർമലകുമാരൻ നായർ മൂന്നാം പ്രതിയും.
∙ കേരളത്തിൽ വിചാരണ നടത്താൻ കഴിയില്ലെന്ന പ്രതികളുടെ ഹർജി ഹൈക്കോടതി തള്ളിയതോടെ കുറ്റപത്രം നൽകി.
∙∙ 2023 മാർച്ച് 6
കേസിൽ ജില്ലാ ക്രൈംബ്രാഞ്ച് ജനുവരി അവസാനവാരം സമർപ്പിച്ച കുറ്റപത്രത്തിന്റെ പകർപ്പ് പുറത്ത്. കഷായത്തിൽ കളനാശിനി കലർത്തി നൽകി ഗ്രീഷ്മ തന്നെ ചതിച്ചെന്നും താൻ മരിച്ചു പോകുമെന്നും ഷാരോൺ ആശുപത്രിയിൽ തീവ്രപരിചരണത്തിലായിരുന്നപ്പോൾ കരഞ്ഞു പറഞ്ഞുവെന്നു ജില്ലാ ക്രൈം ബ്രാഞ്ചിന്റെ കുറ്റപത്രം.
∙∙ 2023 ജൂൺ 2
ഒന്നാം പ്രതി ഗ്രീഷ്മയുടെ ജാമ്യാപേക്ഷ കോടതി തള്ളി.
∙∙ 2024 ഫെബ്രവരി 22
കേസിൽ ക്രൈംബ്രാഞ്ച് ഡിവൈഎസ്പിക്ക് അന്തിമ റിപ്പോർട്ട് ഫയൽ ചെയ്യാൻ നിയമപരമായ അധികാരമില്ലെന്നു ചൂണ്ടിക്കാട്ടി ഗ്രീഷ്മ ഉൾപ്പെടെയുള്ള പ്രതികൾ നൽകിയ ഹർജി ഹൈക്കോടതി തള്ളി.
∙∙ 2024 ഏപ്രിൽ
കുറ്റപത്രം റദ്ദാക്കണമെന്ന ഗ്രീഷമയുടെ ഹർജി സുപ്രീം കോടതി തള്ളി.
∙ കഴിഞ്ഞ ഒക്ടോബർ 15നു തുടങ്ങിയ വിചാരണ ഈ മാസം മൂന്നിനാണ് അവസാനിച്ചത്. 95 സാക്ഷികളെ വിസ്തരിച്ചു.
∙ ഇംഗ്ലിഷിൽ ബിരുദാനന്തര ബിരുദം നേടിയ ഗ്രീഷ്മ 22ാം വയസിലാണു കേസിൽ പ്രതിയാകുന്നത്.
∙∙ 2025 ജനുവരി 17
ഒന്നാം പ്രതി ഗ്രീഷ്മയും അമ്മാവനും മൂന്നാം പ്രതിയുമായ നിർമലകുമാരൻ നായരും കുറ്റക്കാരെന്ന് കോടതി കണ്ടെത്തി. ഗ്രീഷ്മയുടെ അമ്മയും രണ്ടാം പ്രതിയുമായ സിന്ധുവിനെ തെളിവുകളുടെ അഭാവത്തിൽ വിട്ടയച്ചു. തെളിവു നശിപ്പിക്കലാണു നിർമലകുമാരൻ നായർക്കു മേലുള്ള കുറ്റം. ഇയാളെ ജാമ്യത്തിൽ വിട്ടു. കുപ്പി ഒളിപ്പിക്കാൻ അമ്മ സിന്ധുവും കൂട്ടുനിന്നെന്ന വാദം തെളിയിക്കാനായില്ല.
∙∙ ജനുവരി 20
ഗ്രീഷ്മയ്ക്കു തൂക്കുകയർ. ഗ്രീഷ്മയ്ക്കെതിരെ 48 സാഹചര്യ തെളിവുകളുണ്ടെന്നും അപൂർവങ്ങളിൽ അപൂർവമായ കേസാണെന്നും കോടതി വിധിന്യായത്തിൽ ചൂണ്ടിക്കാട്ടി. നിർമലകുമാരൻ നായർക്കു മൂന്നു വർഷം തടവുശിക്ഷയും വിധിച്ചു.