‘കേരളം സാമ്പത്തിക പ്രതിസന്ധിയിൽ; ലേഖനം വായിച്ചിട്ടേ അഭിപ്രായം പറയാവൂ’: രണ്ടാം കുറിപ്പുമായി തരൂർ

Mail This Article
തിരുവനന്തപുരം ∙ ഇടതു സർക്കാരിന്റെ വ്യവസായ നയത്തെ പ്രശംസിച്ചതിനെച്ചൊല്ലിയുള്ള വിവാദത്തിനിടെ, മണിക്കൂറുകൾക്കുള്ളിൽ വീണ്ടും വിശദീകരണവുമായി ശശി തരൂർ എംപി. തന്റെ ലേഖനം കേരളത്തിന്റെ സാമ്പത്തിക അവസ്ഥയെ വിലയിരുത്താനുള്ള ശ്രമമല്ലെന്നും കേരളം ഇപ്പോഴും വലിയ സാമ്പത്തിക പ്രതിസന്ധിയിലാണെന്നും സമൂഹമാധ്യമത്തിലെ പുതിയ കുറിപ്പിൽ തരൂർ അഭിപ്രായപ്പെട്ടു. എവിടെയെങ്കിലും ഒരു മേഖലയിൽ ആശാവഹമായ മാറ്റം കാണുമ്പോൾ അംഗീകരിക്കണം. സ്റ്റാർട്ടപ്പ് മേഖലയുടെ വളർച്ചയിലൂടെ വ്യവസായ പരിസ്ഥിതിയിലെ മാറ്റത്തിനു തുടക്കം കുറിച്ചതു മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയാണെന്നും തരൂർ വ്യക്തമാക്കി.
ഉമ്മൻ ചാണ്ടി സർക്കാരിൽ പി.കെ.കുഞ്ഞാലിക്കുട്ടിയുടെ നേതൃത്വത്തിൽ വലിയ നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ടെന്ന കുറിപ്പിനു പിന്നാലെയാണു തരൂരിന്റെ രണ്ടാം പോസ്റ്റ്. സിപിഎം നേതൃത്വം നൽകുന്ന സർക്കാർ സാങ്കേതികവിദ്യയ്ക്കും വ്യവസായ വളർച്ചയ്ക്കും പിന്തിരിഞ്ഞുനിന്ന സമീപനങ്ങളിൽ മാറ്റം വരുത്തിയെന്നു പറയുന്നതു കേരളത്തിനു ഗുണം ചെയ്യുന്നുണ്ടോ എന്നതിനെ കുറിച്ചായിരുന്നു ലേഖനമെന്നാണു മുൻ കുറിപ്പിൽ തരൂർ നിലപാട് മയപ്പെടുത്തിയത്. എന്തെങ്കിലും നേട്ടം കേരളത്തിന് ഇന്നുണ്ടായിട്ടുണ്ടെങ്കിൽ കഴിഞ്ഞ കാലങ്ങളിലെ യുഡിഎഫ് സർക്കാരിന്റെ അശ്രാന്ത പരിശ്രമത്താലാണെന്ന മറുപടിയുമായി മുസ്‌ലിം ലീഗ് നേതാവ് പി.കെ.കുഞ്ഞാലിക്കുട്ടി എംഎൽഎ രംഗത്തെത്തിയിരുന്നു.
ശശി തരൂരിന്റെ രണ്ടാം കുറിപ്പ് വായിക്കാം:
‘‘ഇന്ത്യൻ എക്സ്പ്രസിലെ എന്റെ ലേഖനത്തെക്കുറിച്ചുള്ള വിവാദം അൽപം അതിശയിപ്പിച്ചു. കേരളത്തിലെ എംപി എന്ന നിലയിൽ ഒരു പ്രത്യേക വിഷയത്തെ കുറിച്ചാണ് എഴുതിയത് – സ്റ്റാർട്ടപ്പ് മേഖലയുടെ വളർച്ചയിലൂടെ കാണുന്ന വ്യവസായ പരിസ്ഥിതിയിലെ മാറ്റം എന്നതു മാത്രം. കോൺഗ്രസ്സുകാരൻ എന്ന നിലയിൽ ഇതിനു തുടക്കം കുറിച്ചതു മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയാണെന്ന് അഭിമാനത്തോടെ പറയാൻ ഈ അവസരം വിനിയോഗിക്കുന്നു. സ്റ്റാർട്ടപ്പ് വില്ലേജും സംസ്ഥാനത്തിന്റെ സ്റ്റാർട്ടപ്പ് മിഷനും അദ്ദേഹം ആരംഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഇക്കാര്യങ്ങൾ വികസിച്ചത്. ഇപ്പോഴത്തെ സർക്കാർ അതിനെ സ്വാഭാവികമായി മുന്നോട്ടു കൊണ്ടുപോയിട്ടുണ്ട്.
എന്നാൽ, എന്റെ ലേഖനം കേരളത്തിന്റെ സമ്പൂർണ സാമ്പത്തിക അവസ്ഥയെ വിലയിരുത്താനുള്ള ശ്രമമല്ല. പലവട്ടം ഞാൻ പറഞ്ഞതുപോലെ, കേരളം ഇപ്പോഴും വലിയ സാമ്പത്തിക പ്രതിസന്ധിയിലാണ് – ഉയർന്ന തൊഴിൽക്ഷാമം, പ്രത്യേകിച്ചു വിദ്യാഭ്യാസമുള്ള യുവാക്കളുടെ വിദേശത്തേക്കുള്ള പ്രവാസം, കൃഷി മേഖലയിലെ പ്രതിസന്ധി (റബർ, കശുമാവ് മുതലായ മേഖലകളിൽ), ചരിത്രത്തിലാദ്യമായി ഏറ്റവും ഉയർന്ന കടബാധ്യത എന്നിവ ഉൾപ്പെടെ. ഇതൊക്കെ പരിഹരിക്കാൻ ഏറെ സമയം വേണ്ടിയിരിക്കുന്നു. എന്നാൽ, എവിടെയെങ്കിലും ഒരു മേഖലയിൽ ആശാവഹമായ മാറ്റം കാണുമ്പോൾ അതിനെ അംഗീകരിക്കാതിരിക്കുക ചെറുതായിരിക്കും.
ഞാൻ ലേഖനം എഴുതിയതിന് അടിസ്ഥാനമായത് 2024ലെ ഗ്ലോബൽ സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റം റിപ്പോർട്ടാണ്; അതിൽ നിന്നുള്ള കണക്കുകളും വിവരങ്ങളും ചേർത്തു തന്നെയാണ് എന്റെ ആശയവിനിമയം. അവസാനമായി ഒരു അഭ്യർഥന: ലേഖനം വായിച്ചിട്ടു മാത്രമേ അഭിപ്രായം പറയാവൂ! പാർട്ടി രാഷ്ട്രീയത്തെക്കുറിച്ച് ഒന്നും അതിൽ ഇല്ല. കേരളം സാമ്പത്തിക പ്രതിസന്ധിയിൽനിന്നു പുറത്തുവരാൻ എന്തൊക്കെ ചെയ്യേണ്ടതുണ്ട് എന്നതിനെക്കുറിച്ചാണു സംസാരിക്കുന്നത്. കഴിഞ്ഞ 16 വർഷമായി കേരളത്തിലെ സാമ്പത്തിക പുരോഗതിയെക്കുറിച്ച് തന്നെയാണു പലതവണ ഞാൻ പറഞ്ഞിട്ടുള്ളതും.’’