‘റിജോ എപ്പോഴും ജോളി, കളിച്ചും ചിരിച്ചും സംസാരം; വിവരമറിഞ്ഞ് ഭാര്യ പൊട്ടിക്കരഞ്ഞു, മക്കൾ ഷോക്കിൽ’

Mail This Article
തൃശൂർ∙ പോട്ട ഫെഡറൽ ബാങ്ക് കവർച്ച കേസിലെ പ്രതി അയൽവാസിയായ റിജോ ആന്റണിയാണെന്ന് അറിഞ്ഞതിന്റെ ഞെട്ടൽ വാർഡ് കൗൺസിലർ കൂടിയായ ജിജി ജോൺസനെ വിട്ടുമാറിയിട്ടില്ല. ‘‘രണ്ടര വർഷം മുൻപാണ് റിജോ എന്റെ വാർഡിൽ വന്നു താമസിക്കാൻ തുടങ്ങിയത്. എപ്പോഴും ജോളിയായിട്ട് നടക്കുന്ന ഒരു മനുഷ്യനാണ്. കുഴപ്പമുള്ള വ്യക്തിയേ അല്ലായിരുന്നു. റിജോ വിദേശത്തായിരുന്നു. കോവിഡ് സമയത്താണ് നാട്ടിലേക്ക് വന്നത്. എല്ലാവരുമായും കമ്പനിയായി പോകുന്നയാളാണ്. എന്തെങ്കിലും പരിപാടി വന്നാൽ ആദ്യാവസാനം റിജോയുണ്ടാകും. അത്രമാത്രം സഹകരണമായിരുന്നു. പള്ളി പെരുന്നാൾ വന്നാലും ആഘോഷങ്ങളുടെ മുൻപന്തിയിലുണ്ടാകും. ആരെ എപ്പോൾ കണ്ടാലും ചിരിച്ചുകൊണ്ടേ സംസാരിക്കുമായിരുന്നുള്ളൂ. എന്റെ വീടിന്റെ അടുത്താണ് റിജോ താമസിക്കുന്നത്. 200 മീറ്റർ മാത്രമാണ് ഞങ്ങളുടെ വീടുകൾ തമ്മിലെ അകലം.’’ – ജിജി ജോൺസൻ പറഞ്ഞു.
‘‘റിജോയുടെ ഭാര്യ വിദേശത്ത് നഴ്സാണ്. പിള്ളേരുടെ കാര്യങ്ങളൊക്കെ റിജോയാണ് നോക്കിയിരുന്നത്. മൂത്തയാൾ പ്ലസ് വണ്ണിലും രണ്ടാമത്തെയാൾ നാലാം ക്ലാസിലുമാണ്. അവരെ സ്കൂളിലേക്ക് അയച്ചു കഴിഞ്ഞാൽ റിജോ മാത്രമേ വീട്ടിലുണ്ടാവൂ. റിജോയുടെ അറസ്റ്റിന്റെ ഷോക്കിലാണ് കുട്ടികൾ. അയാളുടെ ഭാര്യയൊരു പാവമാണ്. അവർ ഈ വിവരം അറിഞ്ഞ് ഗൾഫിൽ ഇരുന്ന് പൊട്ടിക്കരയുകയാണ്. റിജോയുടെ വീട്ടിൽ അയാളുടെ അമ്മയില്ല. അത്തരത്തിൽ വന്ന വാർത്ത തെറ്റാണ്. അമ്മ മേലൂരിലെ വീട്ടിൽ സുഖമില്ലാതെ കിടപ്പാണ്. ജോലിക്കാരിയായി ഒരു ചേച്ചിയുണ്ട്. ആ ചേച്ചിക്കോ മക്കൾക്കോ റിജോയെ സംശയമുണ്ടായിരുന്നില്ല. അയാൾ അങ്ങനെ ഒരാളെ അല്ലായിരുന്നു.’’– ജിജി പറഞ്ഞു.
‘‘ഞായറാഴ്ച കുടുംബയോഗം റിജോയുടെ വീട്ടിലായിരുന്നു ചേർന്നിരുന്നത്. എല്ലാവരോടും ചിരിച്ചും കളിച്ചും വളരെ സ്വാഭാവികമായാണ് റിജോ പെരുമാറിയത്. ഉള്ളിൽ ചിലപ്പോൾ അസ്വസ്ഥത ഉണ്ടായിരുന്നിരിക്കാം. തലേദിവസവും ഞാൻ റിജോയെ കണ്ടിരുന്നു. അന്നും ചിരിച്ചൊക്കെയാണ് സംസാരിച്ചത്. ഞാൻ കൗൺസിലറായതു കൊണ്ട് നാട്ടുകാര്യങ്ങളും റിജോ എന്നോട് സംസാരിക്കും. മൂന്നോ നാലോ തവണ ആ വീടിനു മുന്നിൽ കൂടി ഞാൻ ദിവസവും പോകുന്നതാണ്. കള്ളൻ ഏതെങ്കിലും കാട്ടിൽ പോയി ഒളിച്ചിട്ടുണ്ടായിരിക്കും എന്ന് റിജോ കുടുംബയോഗത്തിൽ പറഞ്ഞിട്ടില്ല. അത്തരത്തിൽ വരുന്ന വാർത്തകൾ തെറ്റാണ്. വികാരിയച്ചൻ കുടുംബയോഗത്തിൽ വന്നപ്പോൾ പൊലീസുകാർ ഈ ഭാഗത്ത് തമ്പടിച്ചിട്ടുണ്ടെന്ന് പറഞ്ഞു. കള്ളൻ ഈ ഭാഗത്ത് കാണുമെന്നും പൊലീസ് ഇവിടെ വളഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ‘കള്ളനെയൊന്നും പിടിക്കാൻ പറ്റില്ല അവൻ ആ വഴി പോയിട്ടുണ്ടാകും, ഏതെങ്കിലും മതിലിനടിയിൽ അവൻ ഒളിച്ചിരിപ്പുണ്ടാകും’ എന്നാണ് റിജോ പറഞ്ഞത്. ഇരുപതോളം പേർ കുടുംബ യോഗത്തിൽ പങ്കെടുത്തിരുന്നു. ചായയും പഴംപൊരിയും സമൂസയുമൊക്കെ കഴിക്കാനായി റിജോ ഒരുക്കിയിരുന്നു.
രണ്ടരയ്ക്ക് തുടങ്ങിയ കുടുംബസംഗമം വൈകിട്ടു നാലരയ്ക്കാണ് കഴിഞ്ഞത്. ആ സമയത്തൊക്കെ പൊലീസ് പരിസരത്ത് കറങ്ങുന്നുണ്ട്. എന്റെ വീടിന്റെ മുൻവശത്തെ ക്യാമറ പരിശോധിച്ചപ്പോൾ അതിൽ ഈ സ്കൂട്ടർ കിട്ടിയിരുന്നു. പക്ഷേ അത് റിജോ ആണെന്ന് എന്നൊന്നും നമ്മൾ സംശയിക്കുന്നില്ലല്ലോ. പ്രദേശവാസികൾ ചോദിച്ചപ്പോൾ പൊലീസ് വേറെ പല കാര്യങ്ങളുമാണ് പറഞ്ഞിരുന്നത്. റിജോയെപ്പറ്റി ഒരക്ഷരം പറഞ്ഞിരുന്നില്ല. പിടിക്കുമെന്ന് റിജോയും കരുതിയിരുന്നില്ല. 6 മണി കഴിഞ്ഞപ്പോഴാണ് പൊലീസ് റിജോയുടെ വീട്ടിലെത്തി അറസ്റ്റ് ചെയ്തത്. പിന്നീട് റിജോയുടെ സംസാരിക്കാൻ പറ്റിയില്ല. പൊലീസ് അയാളെ വളഞ്ഞിരുന്നു.’’– ജിജി ജോൺസൻ പറഞ്ഞു.