‘ഇതു യുഗാണ്ട, ഞങ്ങൾക്ക് എന്തും ചെയ്യാം; ജയിലിൽ വെള്ളത്തിന് കൈക്കൂലി’: ദുരിതം പറഞ്ഞ് കോടീശ്വരപുത്രി

Mail This Article
ന്യൂഡൽഹി ∙ യുഗാണ്ടയിൽ അകാരണമായി ദിവസങ്ങളോളം തടവിൽ കഴിഞ്ഞതിന്റെ ദുരിതം വെളിപ്പെടുത്തി ഇന്ത്യൻ വംശജയായ ശതകോടീശ്വരപുത്രി. അടിസ്ഥാന സൗകര്യങ്ങൾ പോലും ജയിലിൽ നൽകിയില്ലെന്നു വ്യവസായികളായ പങ്കജ് ഓസ്വാളിന്റെയും രാധികാ ഓസ്വാളിന്റെയും മകൾ വസുന്ധര ഓസ്വാൾ പറഞ്ഞു. കൊലപാതകക്കുറ്റത്തിനാണ് 20 ദിവസത്തോളം വസുന്ധരയെ തടവിലാക്കിയത്. കൊല്ലപ്പെട്ടെന്നു കരുതിയയാൾ ജീവനോടെയുണ്ടെന്നു കണ്ടെത്തിയിരുന്നു.
‘‘ജയിലിൽ ഭക്ഷണം, വെള്ളം, കുളിമുറി തുടങ്ങിയ അടിസ്ഥാന മനുഷ്യാവകാശങ്ങൾ നിഷേധിക്കപ്പെട്ടു. അഭിഭാഷകർ വഴി പൊലീസ് ഉദ്യോഗസ്ഥർക്കു കൈക്കൂലി നൽകിയാണു മാതാപിതാക്കൾ ഇവ എനിക്കു ലഭ്യമാക്കിയത്. പൊലീസ് പരിശോധനയ്ക്ക് എത്തിയത് വാറന്റില്ലാതെയാണ്. അഭിഭാഷകന്റെ സാന്നിധ്യമില്ലാതെ മൊഴി നൽകാൻ നിർബന്ധിച്ചു. ഇതു യുഗാണ്ടയാണ്, ഞങ്ങൾക്ക് എന്തും ചെയ്യാം. നിങ്ങൾ ഇനി യൂറോപ്പിലല്ല എന്നാണ് അധികൃതർ പറഞ്ഞത്.’’– വാർത്താ ഏജൻസിയായ പിടിഐയ്ക്കു നൽകിയ അഭിമുഖത്തിൽ വസുന്ധര പറഞ്ഞു.
ഓസ്വാൾ കുടുംബത്തിന്റെ ബിസിനസ് സംരംഭങ്ങളിലൊന്നിലെ ജീവനക്കാരനായ മുകേഷ് മെനാരിയയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്താൻ ശ്രമിച്ചെന്ന കേസിൽ 2024 ഒക്ടോബർ ഒന്നിനായിരുന്നു അറസ്റ്റ്. ലോ എൻഫോഴ്സ്മെന്റുകാർ എന്നവകാശപ്പെട്ട് 20 ആയുധധാരികളാണു വസുന്ധരയെയും മറ്റു ചില ജീവനക്കാരെയും യുഗാണ്ടയിലുള്ള ഓസ്വാൾ കുടുംബത്തിന്റെ സ്പിരിറ്റ് ഫാക്ടറിയിൽനിന്നു പിടിച്ചുകൊണ്ടു പോയത്. എന്നാൽ മുകേഷ് മെനാരിയ ടാൻസാനിയയിൽ ജീവനോടെയുണ്ടെന്നും തങ്ങൾക്കനുകൂലമായി മൊഴി നൽകിയിട്ടുണ്ടെന്നും ഓസ്വാൾ കുടുംബം അറിയിച്ചു.
യുഗാണ്ട പ്രസിഡന്റിനും കുടുംബം പരാതി നൽകി. പൊലീസ് റിപ്പോർട്ട് പ്രകാരം ഒക്ടോബർ 21നു വസുന്ധരയ്ക്കു ജാമ്യം അനുവദിച്ചു. എന്നിട്ടും ഡിസംബർ 10 വരെ പാസ്പോർട്ട് തടഞ്ഞുവച്ചു. ഡിസംബർ 19നാണു നിയമനടപടികൾ അവസാനിച്ചത്. മകളെ അനധികൃതമായി യുഗാണ്ടയിൽ തടവിലിട്ടെന്നു പങ്കജ് ഓസ്വാൾ ഐക്യരാഷ്ട്ര സംഘടനയ്ക്കും അപ്പീൽ നൽകിയിരുന്നു.