ADVERTISEMENT

ന്യൂഡൽഹി ∙ ഉത്തർപ്രദേശിലെ പ്രയാഗ്‌രാജിൽ മഹാകുംഭമേളയിൽ പങ്കെടുക്കാനെത്തി ‘കാണാതായ’ വീട്ടമ്മ കൊല്ലപ്പെട്ട കേസിന്റെ ചുരുളഴിച്ച് പൊലീസ്. ഡൽഹി ത്രിലോക്പുരി സ്വദേശി അശോക് കുമാറിന്റെ ഭാര്യ മീനാക്ഷിയാണു കൊല്ലപ്പെട്ടത്. മീനാക്ഷിയെ കൊലപ്പെടുത്തിയത് അശോകാണെന്നു തെളിഞ്ഞു. കുംഭമേളയുടെ തിരക്കിൽപെട്ട് മീനാക്ഷിയെ കാണാതായെന്ന് ഇയാൾ മക്കളെ അറിയിച്ചിരുന്നു.

പ്രയാഗ്‌രാജിൽ എത്തിയ ദമ്പതികൾ വിഡിയോകളും ഫോട്ടോകളും എടുത്തിരുന്നു. ഇതു വീട്ടിലുള്ള മക്കൾക്ക് അയച്ചുകൊടുത്ത അശോക്, താനും മീനാക്ഷിയും സന്തോഷത്തിലാണെന്ന് അവരെ തെറ്റിദ്ധരിപ്പിച്ചു. 18 നു രാത്രി ജുൻസി പ്രദേശത്തെ ആസാദ് നഗർ കോളനിയിലെ ചെറിയ ഹോംസ്റ്റേയിൽ ഇവർ മുറിയെടുത്തിരുന്നു. പിറ്റേന്നു രാവിലെ ജീവനക്കാരാണ് കുളിമുറിയിൽ രക്തം വാർന്ന നിലയിൽ മീനാക്ഷിയുടെ മൃതദേഹം കണ്ടത്. മൂർച്ചയുള്ള ആയുധം ഉപയോഗിച്ച് കഴുത്ത് മുറിച്ചായിരുന്നു കൊലപാതകം. അശോക് സ്ഥലംവിട്ടിരുന്നു. ഇവരുടെ തിരിച്ചറിയൽരേഖകൾ ഹോംസ്റ്റേ മാനേജർ വാങ്ങിയിരുന്നില്ല. അതിനാൽ മരിച്ചത് ആരെന്നു തിരിച്ചറിയാനായില്ല. മഹാകുംഭമേളയിലെ തീർഥാടകർക്കു ഗസ്റ്റ് ഹൗസായി അനുവദിച്ച സ്ഥലമാണിത്.

പൊലീസിന്റെ അന്വേഷണത്തിൽ, സ്ത്രീ 18 ന് ഭർത്താവിനൊപ്പം ഡൽഹിയിൽനിന്നു പ്രയാഗ്‌രാജിലേക്ക് യാത്ര ചെയ്തതായി കണ്ടെത്തി. ഇവരുടെ ഫോട്ടോ സമൂഹമാധ്യമങ്ങളിലും പത്രങ്ങളിലും പ്രസിദ്ധീകരിച്ചു. ഇതിനിടെ മീനാക്ഷിയെ തിരഞ്ഞ് പ്രയാഗ്‌രാജിലെത്തിയ സഹോദരൻ പ്രവേഷ് കുമാർ, അശോകിന്റെയും മീനാക്ഷിയുടെയും മക്കളായ അശ്വിൻ, ആദർശ് എന്നിവർ ചിത്രം കണ്ട് പൊലീസിനെ ബന്ധപ്പെട്ടു. മീനാക്ഷിയാണു കൊല്ലപ്പെട്ടതെന്ന് തിരിച്ചറിയുകയും ചെയ്തു. അശോക് കുമാറിനെതിരെ കേസ് റജിസ്റ്റർ ചെയ്ത പൊലീസ്, ഇയാളെ കണ്ടെത്തി അറസ്റ്റ് ചെയ്തു.

ചോദ്യം ചെയ്യലിൽ അശോക് കുറ്റം സമ്മതിച്ചു. 3 മാസമായി ഭാര്യയെ കൊലപ്പെടുത്താൻ പദ്ധതിയിട്ടിരുന്നതായും വെളിപ്പെടുത്തി. ശുചീകരണതൊതൊഴിലാളിയായ അശോകിന് ഒരു വിവാഹേതര ബന്ധം ഉണ്ടായിരുന്നു. അതു തുടരാൻ ഭാര്യയെ ഇല്ലാതാക്കാനാണു കൊലപാതകം ആസൂത്രണം ചെയ്തത്. 17 ന്, കുംഭമേളയ്ക്കു പോകാമെന്നു പറഞ്ഞാണ് അശോക് ഡൽഹിയിൽനിന്നു മീനാക്ഷിക്കൊപ്പം പുറപ്പെട്ടത്. ജുൻസിയിലെത്തി ഹോംസ്റ്റേയിൽ മുറിയെടുത്തു. രാത്രിയായപ്പോൾ ഇരുവരും തമ്മിൽ തർക്കമുണ്ടായി. മീനാക്ഷി കുളിമുറിയിലേക്കു പോയപ്പോൾ, അശോക് പിന്നിൽനിന്ന് ആക്രമിക്കുകയും കത്തി ഉപയോഗിച്ച് കഴുത്ത് മുറിക്കുകയും ചെയ്തെന്നു പൊലീസ് പറഞ്ഞു.

രക്തം പുരണ്ട വസ്ത്രങ്ങളും കത്തിയുമായി അശോക് അവിടെനിന്നു കടന്നു. തെളിവുകൾ നശിപ്പിച്ച ശേഷം മകൻ അശ്വിനെ വിളിച്ച് കുംഭമേളയുടെ തിരക്കിൽ മീനാക്ഷിയെ കാണാതായെന്നു പറഞ്ഞു. അച്ഛന്റെ വിശദീകരണത്തിൽ മകനു സംശയം തോന്നി. 20ന് അമ്മയുടെ ഫോട്ടോയുമായി സഹോദരനും അമ്മാവനുമൊപ്പം പ്രയാഗ്‌രാജിൽ എത്തുകയായിരുന്നു.

കൊലപാതകത്തിന്റെ തലേന്ന് മീനാക്ഷിക്കൊപ്പം പുണ്യസ്നാനം ചെയ്യുന്നതിന്റെ വിഡിയോ അശോക് സമൂഹമാധ്യമത്തിൽ അപ്‌ലോഡ് ചെയ്തിരുന്നു. ഇതും സിസിടിവി ദൃശ്യങ്ങളും ഫൊറൻസിക് റിപ്പോർട്ടുകളും പൊലീസ് പരിശോധിച്ചിരുന്നു. പരസ്പരവിരുദ്ധമായ മൊഴികൾ കൂടിയായതോടെയാണ് അശോകിനെ അറസ്റ്റ് ചെയ്തത്.

English Summary:

Prayagraj Kumbh Mela Murder: Husband Confesses to Killing Wife

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com