‘സാധാരണ പൗരന്റെ അവസ്ഥ കഷ്ടം’: സർക്കാരിന് പ്രതികാരം, വലഞ്ഞ് ജേക്കബ് തോമസും സിസ തോമസും

Mail This Article
തിരുവനന്തപുരം ∙ മുന്‍ ഡിജിപി ജേക്കബ് തോമസിനും ഡിജിറ്റൽ സർവകലാശാലയുടെ നിലവിലെ വിസി ഡോ.സിസ തോമസിനും വിരമിക്കല്‍ ആനുകൂല്യം പോലും നല്‍കാതെ പ്രതികാര നടപടി തുടർന്നു സർക്കാർ. ഡല്‍ഹിയിലെ പ്രത്യേക പ്രതിനിധി കെ.വി.തോമസിനു യാത്രാബത്ത കൂട്ടിക്കൊടുക്കുമ്പോഴാണ് ഇവർ ദുരിതം അനുഭവിക്കുന്നത്. 2020 മേയില്‍ വിരമിച്ച ജേക്കബ് തോമസും സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് സീനിയര്‍ ജോയിന്റ് ഡയറക്ടര്‍ സ്ഥാനത്തുനിന്ന് 2023 മാര്‍ച്ച് 31ന് വിരമിച്ച സിസ തോമസും വിരമിക്കല്‍ ആനുകൂല്യങ്ങള്‍ക്കായി അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിച്ച് നിയമനടപടിയുമായി മുന്നോട്ടുപോകുകയാണ്.
ഇവരെ ഏതൊക്കെ തരത്തില്‍ ദ്രോഹിക്കാമെന്ന കാര്യത്തില്‍ മത്സരിക്കുകയാണു സര്‍ക്കാര്‍. ജനങ്ങളുടെ നികുതിപ്പണത്തില്‍നിന്നു ലക്ഷങ്ങള്‍ മുടക്കി വലിയ അഭിഭാഷകരെ ഇറക്കി, എതിര്‍ശബ്ദങ്ങള്‍ക്കുള്ള മുന്നറിയിപ്പായി സുപ്രീംകോടതി വരെ സർക്കാർ പോയി. സ്വന്തം പോക്കറ്റില്‍നിന്നു പണം നല്‍കി കോടതി വരാന്തകള്‍ കയറി ഇറങ്ങേണ്ട ഗതികേടിലാണു ജേക്കബ് തോമസും സിസ തോമസും.
ഡിജിറ്റല്‍ സര്‍വകലാശാലയുടെ നിലവിലെ വൈസ് ചാന്‍സലര്‍ ആയ സിസ തോമസിനെതിരായ ഹര്‍ജി നമ്പറിടാതെ സുപ്രീംകോടതി തള്ളി. അതിനെതിരെ റിവ്യൂ പെറ്റീഷന്‍ നല്‍കിയെന്ന തൊടുന്യായമാണ് സര്‍ക്കാര്‍ ഉന്നയിക്കുന്നത്. ഇതു സംബന്ധിച്ച് യാതൊരു അറിയിപ്പും സുപ്രീംകോടതിയില്‍നിന്നോ സര്‍ക്കാരില്‍നിന്നോ സിസയ്ക്കു ലഭിച്ചിട്ടില്ല. 2017ല്‍ അഴിമതിവിരുദ്ധ ദിനത്തില്‍ സര്‍ക്കാരിന്റെ ഓഖി രക്ഷാപ്രവര്‍ത്തനങ്ങളെ വിമര്‍ശിച്ചതിന്റെ പേരില്‍ ജേക്കബ് തോമസിനു സസ്‌പെന്‍ഷൻ ലച്ചിരുന്നു. അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലില്‍ ഇതിനു കൃത്യമായി മറുപടി നല്‍കാതെ സർക്കാർ വലയ്ക്കുകയാണെന്നും വ്യക്തിവൈരാഗ്യത്തിനപ്പുറം അഴിമതിവിരുദ്ധ ശബ്ദങ്ങളും പ്രവര്‍ത്തനങ്ങളും വേണ്ട എന്ന മുന്നറിയിപ്പു സന്ദേശമാണ് തനിക്കെതിരായ നീക്കമെന്നാണു കരുതുന്നതെന്നും ജേക്കബ് തോമസ് പറഞ്ഞു.
33 വര്‍ഷം സര്‍വീസ് പൂര്‍ത്തിയാക്കിയ സിസാ തോമസിന് താല്‍ക്കാലിക പെന്‍ഷനും 2023 മുതലുള്ള കുടിശികയും രണ്ട് ആഴ്ചയ്ക്കുള്ളില്‍ നല്‍കണമെന്ന് കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍ 11ന് ഉത്തരവിട്ടു. ഇതേപ്പറ്റി അറിയിപ്പൊന്നും സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല. സ്ഥിരം പെന്‍ഷനും മറ്റു സര്‍വീസ് ആനുകൂല്യങ്ങളും ഇത്രയുംനാള്‍ എന്തുകൊണ്ട് നല്‍കിയില്ലെന്നതിന്റെ കാരണം അറിയിക്കാന്‍ സര്‍ക്കാരിനോടും സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറോടും ട്രൈബ്യൂണല്‍ നിര്‍ദേശിച്ചിരുന്നു. 2022 നവംബറിലാണ് ഗവര്‍ണറുടെ ഉത്തരവ് പ്രകാരം സിസ തോമസ് സാങ്കേതിക സര്‍വകലാശാല വൈസ് ചാന്‍സലറുടെ ചുമതല ഏറ്റെടുത്തത്. ഇതിനെതിരെ സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചു. നിയമനം കോടതി ശരിവച്ചു.
തുടര്‍ന്ന് സിസയ്ക്ക് എതിരെ അച്ചടക്ക നടപടിയെടുക്കാനുള്ള സര്‍ക്കാര്‍ശ്രമം ഹൈക്കോടതി റദ്ദാക്കി. സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചെങ്കിലും അപ്പീല്‍ തള്ളി. എന്നിട്ടും സിസ തോമസിനു പെന്‍ഷനും മറ്റു ആനുകൂല്യങ്ങളും നല്‍കാന്‍ സര്‍ക്കാര്‍ തയാറായില്ല. 2023 ഓഗസ്റ്റില്‍ താല്‍ക്കാലിക പെന്‍ഷന്‍ പാസാക്കി ഉത്തരവ് ഇറക്കിയെങ്കിലും തുക നല്‍കിയില്ല. ഈ സാഹചര്യത്തിലാണ് സിസ തോമസ് ട്രൈബ്യൂണലിനെ സമീപിച്ചത്.
സുപ്രീംകോടതിയില്‍ സര്‍ക്കാര്‍ നല്‍കി എന്നു പറയപ്പെടുന്ന റിവ്യു പെറ്റീഷന്‍ സംബന്ധിച്ച് തനിക്കോ അഭിഭാഷകര്‍ക്കോ നോട്ടിസ് ലഭിച്ചിട്ടില്ലെന്നു സിസ പറഞ്ഞു. ട്രൈബ്യൂണല്‍ നിര്‍ദേശം സര്‍ക്കാര്‍ പാലിച്ചില്ലെങ്കില്‍ തുടര്‍നടപടി എന്താണെന്ന ചോദ്യത്തിന്, ഒരു നിമിഷത്തെ മൗനത്തിനു ശേഷം, വിരമിക്കല്‍ ആനുകൂല്യം സര്‍ക്കാര്‍ നല്‍കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നായിരുന്നു മറുപടി.
‘ഈ നാട്ടില്‍ നിയമവാഴ്ച ഇല്ല’
വിരമിക്കല്‍ ആനുകൂല്യത്തിനായി 5 വര്‍ഷമായി നിയമപോരാട്ടത്തിലാണെന്നും ഒച്ചിന്റെ വേഗത്തിലാണ് കേസ് മുന്നോട്ടുപോകുന്നതെന്നും ജേക്കബ് തോമസ് പറഞ്ഞു. ‘‘സര്‍ക്കാര്‍ സമയത്തു മറുപടി നല്‍കാതെ കേസ് നീട്ടിവച്ച് ബുദ്ധിമുട്ടിക്കുകയാണ്. കേസുകള്‍ നീട്ടിവയ്ക്കാനുള്ള പ്രാവീണ്യം സര്‍ക്കാരിനുണ്ട്.
വിരമിച്ചു കഴിഞ്ഞ് സാധാരണ പൗരരായി മാറുന്നതോടെ സര്‍ക്കാരുമായി നടത്തുന്ന നിയമപോരാട്ടം ചെലവേറിയതാകും. സമയത്ത് ഒരു കേസും തീരില്ല എന്നതാണ് അടുത്ത പ്രശ്‌നം. ഇന്നു കിട്ടേണ്ട പണം പത്തു വര്‍ഷം കഴിഞ്ഞു കിട്ടിയിട്ട് എന്തു കാര്യം? ആരോഗ്യവും അനുഭവവും ഉള്ളവര്‍ വിരമിച്ച ശേഷം എന്തെങ്കിലും സംരംഭം തുടങ്ങണമെന്ന് ആഗ്രഹിച്ചാല്‍ അതിനു കഴിയാതെ വരും. നിക്ഷേപകരെ ആകര്‍ഷിക്കാന്‍ വമ്പന്‍ സംഗമങ്ങള്‍ സംഘടിപ്പിക്കുന്ന സര്‍ക്കാര്‍ ഇതു ചിന്തിക്കണം.
ട്രൈബ്യൂണലില്‍ കേസ് നമ്മള്‍ ജയിച്ചാല്‍ സര്‍ക്കാര്‍ അപ്പീല്‍ പോകുന്ന സ്ഥിതിയെക്കുറിച്ചും പുനരാലോചന നടക്കേണ്ടതാണ്. സര്‍ക്കാര്‍ എതിര്‍കക്ഷിയായ ഇത്തരം കേസുകളില്‍ ഒരു കോടതിയില്‍നിന്ന് സാധാരണ പൗരന് അനുകൂല വിധി ഉണ്ടായാല്‍ അയാളെ ഉപദ്രവിക്കാന്‍ ഹൈക്കോടതിയിലും സുപ്രീംകോടതിയിലും അപ്പീല്‍ പോകുന്നത് ശരിയല്ല. അപ്പീല്‍ പോകാന്‍ തീരുമാനിക്കുന്ന ഉദ്യോഗസ്ഥന്റെയോ മന്ത്രിയുടെയോ പോക്കറ്റില്‍നിന്ന് പണം പോകുന്നില്ല. സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരുടെ കാര്യത്തില്‍ തീരുമാനമെടുക്കുന്നത് മുഖ്യമന്ത്രിയാണ്. മേല്‍ക്കോടതിയിലേക്കു പോകുംതോറും അഭിഭാഷകഫീസ് വര്‍ധിക്കും. ഒടുവില്‍ കേസ് ജയിച്ചാല്‍ പോലും, കിട്ടുന്ന പണം മുഴുവന്‍ വക്കീല്‍ഫീസ് നല്‍കേണ്ട നിലയാവും. ഇക്കാര്യത്തില്‍ നയപരമായ തീരുമാനം വേണം.
അഴിമതിവിരുദ്ധ ദിനത്തില്‍ ഒരു സെമിനാറില്‍, ഓഖിയില്‍ മരണപ്പെട്ട ആളുകളുടെ പക്ഷത്തു നിന്നുവെന്ന ഒറ്റ കുറ്റം ആരോപിച്ചാണ് എന്നെ സസ്‌പെന്‍ഡ് ചെയ്തത്. എന്നോടുള്ള വ്യക്തിവൈരാഗ്യം എന്നതിനുപരി അഴിമതിക്കെതിരെ ഇവിടെ ഇനി ഒരുത്തനും ശബ്ദിക്കേണ്ട എന്ന സന്ദേശം നല്‍കാനാവും സര്‍ക്കാര്‍ ഇത്തരത്തില്‍ നടപടി സ്വീകരിക്കുന്നത്. അല്ലാതെ സര്‍വീസിൽ ഇരുന്നപ്പോള്‍ വ്യക്തിപരമായ വൈരാഗ്യം തോന്നാന്‍ പ്രത്യേക കാരണമൊന്നും ഇല്ല. മുഖ്യമന്ത്രിയുമായി ആലോചിച്ചാണ് പല കേസുകളിലും തീരുമാനം എടുത്തിരുന്നത്. 2017ല്‍ ആണ് എനിക്കെതിരെ ആദ്യ അച്ചടക്ക നടപടിയായ സസ്‌പെന്‍ഷന്‍ ഉണ്ടായത്. എട്ടു വര്‍ഷമായിട്ടും അതിലൊരു തീരുമാനം അറിയിക്കാന്‍ സര്‍ക്കാര്‍ തയാറായിട്ടില്ല. സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥക്കെതിരായ നടപടി ആറു മാസത്തിനകം അവസാനിപ്പിക്കണമെന്ന് നിയമമുണ്ട്. അതൊന്നും പാലിക്കപ്പെടുന്നില്ല. ഈ നാട്ടില്‍ നിയമവാഴ്ച ഇല്ല എന്നു പറയുന്നതിനു കാരണം എന്റെ അനുഭവമാണ്. സാധാരണ പൗരന്റെ അവസ്ഥ ഭയങ്കര കഷ്ടമാണ്’ - ജേക്കബ് തോമസ് പറഞ്ഞു.