തിരുവല്ലയിൽ ക്ഷേത്ര ഉത്സവത്തിനിടെ ആന വിരണ്ട് മറ്റൊരാനയെ കുത്തി, പരിഭ്രാന്തരായി ജനങ്ങൾ; 10 പേർക്ക് പരുക്ക്– വിഡിയോ

Mail This Article
പത്തനംതിട്ട∙ തിരുവല്ല ശ്രീവല്ലഭ ക്ഷേത്രത്തില്‍ ഉത്സവ എഴുന്നള്ളിപ്പിനിടെ ആനവിരണ്ട് കൂട്ടാനയെ കുത്തിയത് പരിഭ്രാന്തി സൃഷ്ടിച്ചു. സംഭവത്തിൽ പത്തു പേർക്ക് പരുക്കേറ്റു. ആന വിരണ്ടത് കണ്ട് ഓടിയവർക്കും ആനകൾക്കു മുകളിലിരുന്ന കീഴ്ശാന്തിമാര്‍ക്കുമാണ് പരുക്കേറ്റത്. ഉത്സവത്തോട് അനുബന്ധിച്ച് നടന്ന എഴുന്നള്ളത്തിന് എത്തിയ വേണാട്ടുമറ്റം ഉണ്ണിക്കുട്ടന്‍ എന്ന ആന വിരണ്ട് ഒപ്പമുണ്ടായിരുന്ന തിരുവല്ല ദേവസ്വത്തിന്റെ ജയരാജൻ എന്ന ആനയെ കുത്തിയതോടെയാണ് പ്രശ്‌നങ്ങളുടെ തുടക്കം.
ഇതോടെ അൽപം മുന്നോട്ട് കുതിച്ച ജയരാജന്‍, പഴയ ഊട്ടുപുരയ്ക്ക് സമീപത്തേക്ക് ഓടി. ജയരാജന്റെ മുകളിലുണ്ടായിരുന്ന കീഴ്ശാന്തി ശ്രീകുമാര്‍ താഴെക്ക് വീണെങ്കിലും ആന ശാന്തനായതിനാല്‍ അപകടം ഒഴിവായി. വേണാട്ടുമുറ്റം ഉണ്ണിക്കുട്ടന്‍ ശാസ്താംനടയ്ക്ക് സമീപത്തേക്കാണ് ഓടിയത്. ഇതിന്റെ പുറത്തിരുന്ന അനൂപിനു വീണു സാരമായി പരുക്കേറ്റു. ഞായറാഴ്ച വൈകിട്ടത്തെ ശ്രീബലി എഴുന്നള്ളത്തില്‍ രണ്ടാം വലത്തിനിടെ ഗരുഡമാടത്തറയ്ക്ക് സമീപമാണ് സംഭവം. അധികം താമസിക്കാതെ രണ്ട് ആനകളെയും തളച്ചു.
കീഴ്ശാന്തിമാര്‍ക്കും ചില ഭക്തര്‍ക്കുമാണ് നിസാരമായി പരുക്കേറ്റത്. രാവിലെ നടന്ന എഴുന്നള്ളത്തിനിടെയും ഉണ്ണിക്കുട്ടന്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയിരുന്നു. ഇതിന്റെ പുറത്തിരുന്നവരെ ഇറങ്ങാന്‍ സമ്മതിക്കാതെ വന്നതായും ഭക്തര്‍ ആരോപിച്ചു. ഈ ആനയെ വൈകിട്ട് എഴുന്നള്ളിച്ചതില്‍ ഭക്തര്‍ക്ക് ഇടയില്‍ പ്രതിഷേധമുണ്ട്. പരുക്കേറ്റവരില്‍ എട്ടുപേരായ ശ്രീലക്ഷ്മി, ശ്രേയ, ശോഭ, രേവമ്മ, രാമചന്ദ്രന്‍, രമേശ്, ശശികല, അശോകന്‍ എന്നിവര്‍ തിരുവല്ല താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി. ശ്രീകുമാറിന് കാലിനു പൊട്ടലും അനൂപിന്റെ തലയുടെ പിന്നില്‍ മുറിവേറ്റിട്ടുമുണ്ടെന്ന് ചികിത്സ തേടിയ തിരുവല്ല മെഡിക്കല്‍ മിഷന്‍ ആശുപത്രയിലെ അധികൃതര്‍ അറിയിച്ചു