‘പ്ലാസ്റ്റിക് കുപ്പികൾ പ്രകൃതിയെ നശിപ്പിക്കുന്നു; വിവാഹ സത്കാര ചടങ്ങുകളില്‍ നിന്ന് ഒഴിവാക്കിക്കൂടേ?’; ചോദ്യവുമായി ഹൈക്കോടതി

Mail This Article
കൊച്ചി∙ വിവാഹ സത്കാര ചടങ്ങുകളില്‍നിന്നു പ്ലാസ്റ്റിക് വെള്ളക്കുപ്പികള്‍ ഒഴിവാക്കിക്കൂടേയെന്നു ഹൈക്കോടതി. പ്ലാസ്റ്റിക്കിനു പകരം ചില്ലു കുപ്പികള്‍ ഉപയോഗിക്കാമല്ലോ എന്നും കോടതി ചോദിച്ചു. ചെറിയ പ്ലാസ്റ്റിക് കുപ്പികൾ പ്രകൃതിയെ നശിപ്പിക്കുന്നുണ്ടെന്നും കോടതി പറഞ്ഞു. പ്ലാസ്റ്റിക് വെള്ളക്കുപ്പി നിരോധനം എങ്ങനെ പ്രായോഗികമായി നടപ്പാക്കാനാകുമെന്നും ജസ്റ്റിസുമാരായ ബെച്ചു കുര്യൻ തോമസ്, പി.ഗോപിനാഥ് എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് ചോദിച്ചു.
എന്നാൽ നൂറ് പേരില്‍ കൂടുതല്‍ പങ്കെടുക്കുന്ന ചടങ്ങില്‍ പ്ലാസ്റ്റിക് ഉപയോഗത്തിനു തദ്ദേശ സ്ഥാപനങ്ങളുടെ ലൈസന്‍സ് ആവശ്യമുണ്ടെന്നു സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. സൽക്കാര ചടങ്ങുകളില്‍ അരലിറ്ററിൽ താഴെയുള്ള പ്ലാസ്റ്റിക് വെള്ളക്കുപ്പികള്‍ ഉപയോഗിക്കുന്നതിനു നിരോധനമുണ്ടെന്നും മലയോര മേഖലയില്‍ പ്ലാസ്റ്റിക് നിരോധനം പരിഗണനയിലുണ്ടെന്നും തദ്ദേശ സ്വയംഭരണ വകുപ്പ് സ്‌പെഷല്‍ സെക്രട്ടറി പറഞ്ഞു.
അതിനിടെ മാലിന്യ നിക്ഷേപത്തിന്റെ പേരിൽ റെയിൽവേയെ കോടതി വിമർശിച്ചു. ട്രാക്കുകള്‍ മാലിന്യ മുക്തമായി സൂക്ഷിക്കാന്‍ റെയില്‍വേക്ക് ബാധ്യതയുണ്ട്. പൊതുസമൂഹത്തോടും നിയമ സംവിധാനത്തോടുമുള്ള ഉത്തരവാദിത്തം നിറവേറ്റണം. ട്രാക്കുകളിലെ മാലിന്യം പൂര്‍ണ്ണമായും നീക്കണമെന്നും റെയില്‍വേക്ക് കോടതി നിർദ്ദേശം നൽകി.