അനുമതിയില്ലാതെ ആനയെ എഴുന്നള്ളിച്ച് ഉത്സവം: അമ്പല കമ്മിറ്റിക്കും ഉത്സവ നടത്തിപ്പുകാർക്കുമെതിരെ നടപടി

Mail This Article
കൊച്ചി ∙ അനുമതി നേടാതെ ആനയെ എഴുന്നള്ളിച്ച് ഉത്സവം നടത്തിയ ബാലുശ്ശേരി പൊന്നാരംതെരു മഹാഗണപതി ക്ഷേത്രത്തിലെ അമ്പല കമ്മിറ്റിക്കും ഉത്സവ നടത്തിപ്പുകാർക്കുമെതിരെ നടപടി സ്വീകരിക്കാൻ നാട്ടാന പരിപാലന കമ്മിറ്റി തീരുമാനിച്ചു. ബന്ധപ്പെട്ടവർക്ക് എതിരെ നേരത്തേ കേസെടുക്കുകയും ഉത്തരവ് കൈമാറുകയും ചെയ്തതാണ്. വിലക്ക് ലംഘിച്ച് ഉത്സവം നടത്തിയതു കണക്കിലെടുത്താണു നടപടി. ഇതു സംബന്ധിച്ച് റൂറൽ എസ്പിക്കു നിർദേശം നൽകി.
എഴുന്നള്ളിച്ച ബാലുശ്ശേരി ഗജേന്ദ്രൻ എന്ന ആനയുടെ ഉടമസ്ഥനെതിരെ 2021, 2023 വർഷങ്ങളിലും പരാതി ലഭിച്ചിരുന്നതായി യോഗം ചൂണ്ടിക്കാട്ടി. നിലനിൽക്കുന്ന പരാതികളും ആന എഴുന്നള്ളിപ്പ് സംബന്ധിച്ച സുപ്രീം കോടതി വിധികളും പരിശോധിച്ച് ജില്ലാ ഫോറസ്റ്റ് ഓഫിസർ കലക്ടർക്കു റിപ്പോർട്ട് സമർപ്പിക്കും. അതിന്റെ അടിസ്ഥാനത്തിൽ ആനയെ പിടിച്ചെടുക്കുന്നതുൾപ്പെടെയുള്ള തുടർനടപടികളിൽ തീരുമാനമെടുക്കും.
ബുധനാഴ്ച രാവിലെ ജില്ലാ കലക്ടർ സ്നേഹിൽ കുമാർ സിങ്ങിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണു തീരുമാനം. മുൻ യോഗതീരുമാനപ്രകാരം ആനകളെ എഴുന്നള്ളിക്കുന്ന ഉത്സവങ്ങൾക്കു മുൻകൂറായി അനുമതി നൽകുന്നതിൽ നിശ്ചയിച്ചിരുന്ന മാനദണ്ഡങ്ങൾ പരിശോധിക്കുകയാണ്. ഉത്സവ വിവരങ്ങൾ ഉൾപ്പെടുത്തി മുൻകൂട്ടി അനുമതിക്കുള്ള അപേക്ഷ, പങ്കെടുപ്പിക്കുന്ന ആനയെ ഇൻഷുർ ചെയ്യൽ, ആനയുടെ മൂവ്മെന്റ് റജിസ്റ്റർ സമർപ്പിക്കൽ തുടങ്ങിയതിന്റെ അടിസ്ഥാനത്തിലാണ് അനുമതി നൽകുന്നത്.