രാജ്യത്താകെ ദലിത് വിപ്ലവം അനിവാര്യം; 23ന് ദലിത് കോൺക്ലേവ് നടത്തും: രമേശ് ചെന്നിത്തല

Mail This Article
തിരുവനന്തപുരം∙ സ്വാതന്ത്ര്യത്തിന്റെ അമൃത വർഷത്തിലും രാജ്യത്തെ ദലിത്- ആദിവാസി വിഭാഗങ്ങളുടെ പിന്നാക്കാവസ്ഥയിൽ ഒരു മാറ്റവും വന്നിട്ടില്ലെന്ന് രമേശ് ചെന്നിത്തല. ഭരണഘടന ഉറപ്പാക്കിയ സംവരണ മാനദണ്ഡങ്ങൾ അട്ടിമറിച്ച് ദലിത് ജനസമൂഹത്തെ കൂടുതൽ ദരിദ്രമാക്കുകയാണ് ഭരണകൂടങ്ങൾ ചെയ്യുന്നതെന്നും ഇതിനെതിരെ രാജ്യത്താകമാനം ശക്തമായ ദലിത് വിപ്ലവത്തിനു സമയമായെന്നും രമേശ് ചെന്നിത്തല അഭിപ്രായപ്പെട്ടു. ദലിത് മുന്നേറ്റം ലക്ഷ്യം വച്ച് വിശാലമായ ദലിത് കോൺക്ലേവ് നടത്താൻ ഗാന്ധിഗ്രാമം ഫൗണ്ടേഷൻ തീരുമാനിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി.
‘‘ജനസംഖ്യയുടെ 16.6 ശതമാനം വരുന്ന, 25 കോടിയോളം വരുന്ന ദലിത് ജനങ്ങൾ ഇന്നും പാർശ്വവൽക്കരിക്കപ്പെട്ട് പിന്തള്ളപ്പെടുകയാണ്. ഇതിനെതിരെ ശക്തമായ മുന്നേറ്റം ഉണ്ടാകണം. കെപിസിസി പ്രസിഡന്റായിരിക്കെ 2010ൽ ഞാൻ കേരളത്തിൽ തുടങ്ങിയ ഗാന്ധിഗ്രാമം പരിപാടി 15 വർഷം പൂർത്തിയാക്കിയ പശ്ചാത്തലത്തിലാണ് ദലിത് പ്രോഗ്രസിവ് കോൺക്ലേവ് 2025നു രൂപം നൽകിയത്. 14 ജില്ലകളിലായി ഇതുവരെ 25ൽപ്പരം ഗാന്ധിഗ്രാമം പരിപാടികൾ നടത്തി. കക്ഷി രാഷ്ട്രീയങ്ങൾക്കതീതമായി, ദലിത് മുന്നേറ്റം ലക്ഷ്യം വച്ച് വിവിധ രാഷ്ട്രീയ നേതാക്കളെയും ദലിത് ആദിവാസി മുന്നേറ്റ നായകരെയും അണിനിരത്തി, ഈ മാസം 23ന് തിരുവനന്തപുരം ജഗതിയിലുള്ള രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബയോ ടെക്നോളജിയിലാണ് കോൺക്ലേവ് നടത്തുന്നത്.’’ – രമേശ് ചെന്നിത്തല അറിയിച്ചു
23നു രാവിലെ 9.30നു ചേരുന്ന സമ്മേളനത്തിൽ ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ കോൺക്ലേവ് ഉദ്ഘാടനം ചെയ്യും. രമേശ് ചെന്നിത്തല അധ്യക്ഷത വഹിക്കും. പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ, പ്രകാശ് യശ്വന്ത് അംബേദ്കർ, ടി. തിരുമാവളവൻ എംപി തുടങ്ങിയവർ പ്രസംഗിക്കും. ലോക്സഭയിൽ ഏറ്റവും കൂടുതൽ കാലം അംഗമായിരുന്ന കൊടിക്കുന്നിൽ സുരേഷിനെ കോൺക്ലേവിൽ വച്ച് ഗവർണർ ആദരിക്കും.