മദ്യലഹരിയിൽ റെയിൽവേ ട്രാക്കിൽ കിടന്നു; പാഞ്ഞെത്തി ഷാലിമാർ എക്സ്പ്രസ്, ഒടുവിൽ... – വിഡിയോ

Mail This Article
കൊച്ചി∙ മദ്യപിച്ച് റെയിൽവേ ട്രാക്കിൽ കിടന്ന രണ്ടുപേർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. കഴിഞ്ഞ ശനിയാഴ്ച രാത്രി ആലുവയ്ക്കും ചൊവ്വരയ്ക്കും ഇടയിലായിരുന്നു സംഭവം. പ്രദേശവാസികളായ മധ്യവയസ്കനും യുവാവുമാണ് മദ്യപിച്ച് റെയിൽവേ ട്രാക്കിൽ കിടന്നത്. ആലുവ റെയിൽവേ സ്റ്റേഷൻ വിട്ട് ഏകദേശം ഒന്നര കിലോമീറ്റർ പിന്നിട്ട ശേഷമാണ് ഹെഡ് ലൈറ്റിന്റെ വെളിച്ചത്തിൽ ലോക്കോ പൈലറ്റ് ഇരുവരെയും കാണുന്നത്. ഒരാൾ ട്രാക്കിൽ ഇരിക്കുകയും മറ്റൊരാൾ ഇയാൾക്കു സമീപം നിൽക്കുകയുമായിരുന്നു. ഇതോടെ ലോക്കോ പൈലറ്റ് എമർജൻസി ബ്രേക്കിട്ടു.
-
Also Read
ഗൂഗിൾ മാപ് നോക്കി യാത്ര; കാർ പുഴയിൽ വീണു
ട്രെയിൻ വരുന്നത് കണ്ട് പാളത്തിൽനിന്നു മാറാൻ ഇവർ ശ്രമിച്ചെങ്കിലും ട്രെയിൻ അടുത്തെത്തിയതോടെ ഇവരുവരും കെട്ടിപ്പിടിച്ച് നിൽക്കുകയായിരുന്നുവെന്ന് ലോക്കോ പൈലറ്റ് അൻവർ ഹുസൈൻ പറഞ്ഞു. ഉടൻ തന്നെ ഇരുവരും പാളത്തിലേക്ക് വീഴുകയും ചെയ്തു. ബ്രേക്ക് ചെയ്ത ട്രെയിൻ ഇവരുടെ മുകളിലായാണ് നിന്നത്. ഉടൻ തന്നെ ലോക്കോപൈലറ്റുമാർ താഴെയിറങ്ങി ഇരുവരോടും പുറത്തിറങ്ങാൻ പറഞ്ഞു. പരിശോധനയിൽ രണ്ടുപേർക്കും പരുക്കേറ്റിരുന്നില്ല. രണ്ടുപേർ ട്രെയിനിനു താഴെ കിടന്നാൽ പരുക്കേൽക്കാതെ രക്ഷപ്പെടാൻ സാധ്യത കുറവാണെന്നാണ് ട്രെയിൻ നിയന്ത്രിച്ചിരുന്ന ലോക്കോ പൈലറ്റ് അൻവർ ഹുസൈൻ പറയുന്നത്. ഈ ഭാഗത്ത് ആളുകൾ ട്രാക്ക് മുറിച്ചുകടക്കുന്നത് പതിവാണെന്നും ലോക്കോ പൈലറ്റ് പറഞ്ഞു.
മരിക്കാതെ രക്ഷപ്പെട്ടെങ്കിലും ട്രാക്കിൽ കിടന്നതിന് ഇരുവർക്കുമെതിരെ റെയിൽവേ പൊലീസ് കേസെടുത്തു. ഇവർ കിടന്നിരുന്നതിനു സമീപത്തുനിന്ന് 2 മദ്യക്കുപ്പികളും കണ്ടെടുത്തു.