അപകടത്തിൽപ്പെട്ടയാളെ തെറ്റിദ്ധരിപ്പിച്ചു പണം തട്ടി; പാലക്കാട്ട് രണ്ടുപേർ അറസ്റ്റിൽ

Mail This Article
വാളയാർ∙ ദേശീയപാതയിൽ അപകടം സംഭവിച്ചയാളെ തെറ്റിദ്ധരിപ്പിച്ചു പണം തട്ടിയ സംഭവത്തിൽ കസബ പൊലീസ് രണ്ടു പ്രതികളെ പിടികൂടി. പൊലീസ് സയന്റിഫിക് അസിസ്റ്റന്റായ ആനന്ദിൽനിന്നാണു പണം തട്ടിയത്. പുതുശ്ശേരി നീലിക്കാട് സ്വദേശി സുരേഷ്(62), മലപ്പുറം ചങ്ങരകുളം സ്വദേശിയായ നജിമുദീൻ (47) എന്നിവരാണ് അറസ്റ്റിലായത്. ഈ മാസം 18നാണു തട്ടിപ്പിനിടയായ സംഭവം നടന്നത്.
ദേശീയപാത മരുതറോഡിൽ സ്കൂട്ടറിൽ യാത്ര ചെയ്യുന്നതിനിടയിൽ വഴിയാത്രക്കാരന്റെ ദേഹത്തു തട്ടി തെറിച്ചു വീണ് ആനന്ദിനു പരുക്കേൽക്കുകയായിരുന്നു. സമീപത്ത് ഹോട്ടലിൽ സെക്യൂരിറ്റിയായി ജോലി ചെയ്യുന്ന സുരേഷ് അബോധാവസ്ഥയിലായിരുന്ന ആനന്ദിനെ ആരെയും അറിയിക്കാതെ ഹോട്ടലിന്റെ പാർക്കിങ് ഏരിയയിൽ ഇരുത്തി വെള്ളവും മറ്റു നൽകി. ശേഷം സഹായി എന്ന നിലയിൽ ആനന്ദിനെ വീട്ടിലെത്തിക്കുകയും ചെയ്തു. തുടർന്ന് അപകടത്തിൽപ്പെട്ട കാൽനടയാത്രക്കാരനു വലിയ പരുക്കാണെന്നും ചികിത്സാ ചെലവിനായി പണം നൽകണമെന്നും പറഞ്ഞു. ഇതുപ്രകാരം ആനന്ദ് കുറച്ചു പണം ഗൂഗിൾ പേ വഴി കൊടുത്തു.
പിറ്റേന്ന് രാവിലെ പ്രതിയായ സുരേഷ് ആനന്ദിന്റെ വീട്ടിൽ എത്തി വീണ്ടും ചികിത്സാ ചെലവിനായി 4000 രൂപ കൂടി ആവശ്യപ്പെട്ടു. ഇതു കൊടുത്തെങ്കിലും ഇയാളുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ ആനന്ദിന്റെ കുടുംബം കസബ പൊലീസിൽ പരാതി നൽകി. തുടർന്നുള്ള അന്വേഷണത്തിലാണു തട്ടിപ്പ് വ്യക്തമായത്. സുരേഷിനൊപ്പം പണം തട്ടാൻ ഒപ്പംനിന്ന നജിമുദ്ദീനെയും പൊലീസ് പിടികൂടി.
ദേശീയപാതയിൽ അപകടം സംഭവിക്കുന്നവരെ നോട്ടമിടുകയും സഹായിക്കുക എന്ന വ്യാജേന പണവും വിലപിടിപ്പുള്ള വസ്തുക്കളും കൈക്കലാക്കുകയും ചെയ്യുന്നത് വർഷങ്ങളായി സുരേഷ് ചെയ്യുന്നതായി അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.
അപകടത്തിനിടയിൽ ആനന്ദിന്റെ കയ്യിലുണ്ടായിരുന്ന പഴ്സും നഷ്ടപ്പെട്ടിട്ടുണ്ട്. ഇതിലും അന്വേഷണം തുടങ്ങി. പാലക്കാട് കസബ പൊലീസ് ഇൻസ്പെക്ടർ എം.സുജിത്ത്, എസ്‌ഐമാരായ എച്ച്. ഹർഷാദ്, കെ.മനോജ് കുമാർ, എ. ജതി, ടി.പി. യേശുദാസ്, സീനിയർ സിവിൽ പൊലീസ് ഓഫിസർ മാരായ ആർ.രാജീദ്, സി. സുനിൽ എന്നിവരാണ് പ്രതികളെ അന്വേഷണം നടത്തി പിടികൂടിയത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.