ADVERTISEMENT

കൊച്ചി∙ ലഹരിക്കടിമകളായവരെ പേടിച്ച് പകലുപോലും വഴിനടക്കാനോ വാഹനമോടിക്കാനോ സാധിക്കാത്ത അവസ്ഥയില്‍ കേരളത്തിന്റെ വാണിജ്യതലസ്ഥാനം. കടവന്ത്രയിൽ ഇന്നലെ മദ്യലഹരിയിൽ ചേസിങ് നടത്തി ബൈക്കിനെ ഇടിപ്പിക്കാൻ ശ്രമിച്ച കാർ ഇടിച്ചു കയറി ഗോവൻ സ്വദേശിയായ യുവതിക്ക് ഗുരുതരമായി പരുക്കേറ്റിരുന്നു. ആദ്യം ഇന്ദിര ഗാന്ധി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവതിയെ ശസ്ത്രക്രിയ ആവശ്യമായതിനാൽ പിന്നീട് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

കഴിഞ്ഞ ദിവസം കൊച്ചിയിലെത്തിയ ഓൾഡ് ഗോവ സ്വദേശി എസ്തേവാം ഫെറോവും ഭാര്യ ജയ്സെൽ ഗോമസും സെന്റ് അൽഫോൻസ പള്ളി സന്ദർശിച്ചതിനുശേഷം കടവന്ത്ര മെട്രോ സ്റ്റേഷനു സമീപം താമസിക്കുന്ന ഹോട്ടലിലേക്കു നടന്നു പോകുന്നതിനിടെയാണ് കാർ വന്നിടിക്കുന്നത്. റോഡിനു വശത്തൂടെ നടന്നുവരുന്ന ജയ്സെല്‍ ഇടിയിൽ മറുവശത്തേക്കു മറിഞ്ഞുവീഴുന്നതു ദൃശ്യങ്ങളിൽ കാണാം. ഇന്നലെ രാത്രി ഗോവയിലേക്കു മടങ്ങിപ്പോകാനിരിക്കെയായിരുന്നു അപകടം. അപകടമുണ്ടാക്കിയ കാർ ഓടിച്ചിരുന്ന ചാലക്കുടി സ്വദേശിയായ യാസിറിനെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. 

∙ കാരണമായത് ചെറിയ പ്രകോപനം

എംജി റോഡിൽനിന്ന് സഹോദരൻ അയ്യപ്പൻ റോഡിലേക്കു തിരിയുന്ന പള്ളിമുക്ക് ജംക്‌ഷനിലെ ട്രാഫിക് സിഗ്നലിന്റെ ഭാഗത്ത് ബൈക്ക് യാത്രികൻ സൈഡ് നൽകിയില്ല എന്നതായിരുന്നു യാസിറിന്റെ പ്രകോപനം. ഇതോടെ പള്ളിമുക്ക് മുതൽ കടവന്ത്ര മെട്രോ സ്റ്റേഷൻ വരെയുള്ള ഒന്നര കിലോമീറ്റർ വരുന്ന റോഡിലൂടെ ബൈക്കിനെ അതിവേഗത്തിൽ പിന്തുടരാനാരംഭിച്ചു. കനത്ത തിരക്കുള്ള റോഡാണിത്. എസ്എ റോഡ് പാലമിറങ്ങി അതിവേഗത്തിൽ മെട്രോ സ്റ്റേഷനു സമീപമുള്ള പാലത്തിൽ എത്തുന്നതിനു തൊട്ടുമുമ്പായി യാസിർ കാർ ഇടത്തേക്കു വെട്ടിച്ച് ബൈക്കിനെ ഇടിപ്പിക്കാൻ ശ്രമിച്ചതോടെ നിയന്ത്രണം വിട്ട് പാലത്തിന്റെ കൈവരിയോടു ചേർന്ന് ഇടിച്ചു നിൽക്കുകയായിരുന്നു. ഇതിനിടയിൽ ജെയ്സലും പെട്ടു. 

∙ മുന്നിൽ ബൈക്ക്, പിന്നിലും ബൈക്ക്

യാസിർ പിന്തുടർന്നിരുന്ന ബൈക്ക് യാത്രികന്റെ സുഹൃത്തുക്കൾ മറ്റു രണ്ടു ബൈക്കുകളിലായി കാറിനു പിന്നിലും ഉണ്ടായിരുന്നു. യാസർ ബൈക്ക് ഇടിച്ചു വീഴ്ത്തിയതോടെ പിന്നിലെ ബൈക്കിലെത്തിയവർ കാർ വളഞ്ഞു. ഒരു യുവതിയും രണ്ടു യുവാക്കളുമാണ് യാസിറിനൊപ്പം കാറിലുണ്ടായിരുന്നത്. ബൈക്കിലെത്തിയവർ കാർ യാത്രികർക്കുനേരെ തിരിഞ്ഞതോടെ യുവാക്കൾ ഇറങ്ങിയോടി. ഇവർ പിന്നീട് കടവന്ത്ര പൊലീസ് സ്റ്റേഷനിലാണ് പ്രത്യക്ഷപ്പെട്ടത്. അമിതമായി മദ്യപിച്ച അവസ്ഥയിലായിരുന്നു യാസിർ എന്ന് പൊലീസ് പറയുന്നു. കാർ പൊലീസിന്റെ കസ്റ്റഡിയിലാണ്. യാസിർ ഇടിച്ചു തെറിപ്പിച്ച ബൈക്കിലെ യാത്രികനു കാര്യമായ പരുക്കില്ല. 

∙ ചെറിയ ഉരസലിനു പോലും കത്തി 

ഏതു നിമിഷവും ആക്രമിക്കപ്പെടാം എന്നതാണ് കൊച്ചിയിലെ റോഡുകളിലെ അവസ്ഥ. കഴിഞ്ഞ ദിവസം എസ്ആർഎം റോഡിൽ ലഹരി സംഘം നാട്ടുകാരുമായി സംഘർഷമുണ്ടാവുകയും കാർ തടയാൻ ശ്രമിച്ചയാളെ ഇടിച്ച് ബോണറ്റിൽ കുടുക്കി അര കിലോമീറ്ററോളം കൊണ്ടുപോയ സംഭവമുണ്ടായിരുന്നു. ബൈക്ക് യാത്രികർ തമ്മിലുള്ള ചെറിയ ഉരസലുകൾ പോലും വലിയ അക്രമത്തിലേക്കു മാറുന്ന സ്ഥിതി പലപ്പോഴുമുണ്ടാകുന്നു. വാഹനം ഏതെങ്കിലും വിധത്തില്‍ അപകടത്തിൽപ്പെട്ടാലോ അല്ലെങ്കിൽ ഇഷ്ടപ്പെടാത്ത എന്തെങ്കിലും പ്രവർത്തി ഉണ്ടായാലോ പോലും കാര്യങ്ങൾ വഷളാകും. ഹോൺ അടിച്ചതിന്റെ പേരിലുള്ള കയ്യാങ്കളിയൊക്കെ നിത്യസംഭവങ്ങളാണ്. ഈ സംഭവങ്ങളിലെല്ലാം മദ്യത്തിന്റെയോ ലഹരി മരുന്നിന്റെയോ സാന്നിധ്യമുണ്ടു താനും.

LISTEN ON

∙ പരിശോധന കർശനമാക്കി പൊലീസും 

ലഹരി വ്യാപനം കൂടിയതോടെ പൊലീസും എക്സൈസും പരിശോധനകൾ കർശനമാക്കിയിട്ടുണ്ട്. ശനിയാഴ്ച നടത്തിയ പ്രത്യേക പരിശോധനയിൽ ലഹരിമരുന്നു വിൽപന നടത്തിയവർക്കും ഉപയോഗിച്ചവർക്കുമെെതിരെ 36 കേസുകൾ റജിസ്റ്റർ ചെയ്തു. മദ്യപിച്ചു വാഹനം ഓടിച്ചതിന് 191 കേസുകളും അബ്കാരി ആക്ട് പ്രകാരം 31 കേസുകളും റജിസ്റ്റർ ചെയ്തിരുന്നു. വിവിധ സ്റ്റേഷനുകളിൽ നിന്നുള്ള ഉദ്യോഗസ്ഥർ നഗരത്തിലെ വിവിധ ജംക്‌ഷനുകൾ കേന്ദ്രീകരിച്ച് ഒരേ സമയം വാഹനപരിശോധന നടത്തുന്നുമുണ്ട്.

English Summary:

Goan tourist seriously injured in Kochi road rage incident near Kadavantra metro station. Car driver arrested for drunk driving after chase culminating in a collision.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com