പൊതുതിരഞ്ഞെടുപ്പിൽ ഇന്ത്യൻ, ചൈന ഇടപെടൽ ഉണ്ടായേക്കാം: കനേഡിയൻ രഹസ്യാന്വേഷണ ഏജൻസി

Mail This Article
ന്യൂഡൽഹി∙ ഏപ്രിൽ 28ന് നടക്കുന്ന പൊതുതിരഞ്ഞെടുപ്പിൽ ഇന്ത്യ, ചൈന ഇടപെടൽ ഉണ്ടായേക്കാമെന്ന് കാനഡയുടെ രഹസ്യാന്വഷണ ഏജൻസി. പൊതു തിരഞ്ഞെടുപ്പിനെ കുറിച്ചുള്ള വാർത്താ സമ്മേളനത്തിനിടെ കനേഡിയൻ സെക്യൂരിറ്റി ഇന്റലിജൻസ് സർവീസ് (സിഎസ്ഐഎസ്) ഡപ്യൂട്ടി ഡയറക്ടർ വനേസ്സ ലോയിഡ് നടത്തിയ ഈ പരാമർശം ഇരു രാജ്യങ്ങളുമായുള്ള ബന്ധം മോശമാക്കിയേക്കുമെന്ന വിലയിരുത്തലുണ്ട്. തിരഞ്ഞെടുപ്പിൽ ഇരു രാജ്യങ്ങളും ഇടപെടാനുള്ള സാധ്യത കൂടുതലാണെന്നായിരുന്നു അവരുടെ നിലപാട്.
‘‘എഐ ടൂളുകൾ ഉപയോഗിച്ച് കാനഡയുടെ ജനാധിപത്യ പ്രക്രിയയിൽ ചൈന ഇടപെടാനുള്ള സാധ്യത വളരെയധികമാണ്. സമൂഹമാധ്യമങ്ങളെ സ്വന്തം താൽപര്യങ്ങൾക്ക് അനുസരിച്ച് അനുകൂലമാക്കാനും ചൈനീസ് വംശജരെ സ്വാധീനിക്കാനും ഉപയോഗിക്കാം. ഇന്ത്യൻ സർക്കാരിനും ഇതേ ശേഷിയുണ്ട്’’ – അവർ കൂട്ടിച്ചേർത്തു. മുൻപ് ഇത്തരം ഇടപെടലുകളെ കുറിച്ചുള്ള ആരോപണങ്ങൾ ഇരു രാജ്യങ്ങളും തള്ളിയിരുന്നു. പുതിയ ആരോപണങ്ങളിൽ ഇതുവരെ ഇന്ത്യയും ചൈനയും പ്രതികരിച്ചിട്ടില്ല. അതേസമയം, റഷ്യയും പാക്കിസ്ഥാനും ഇടപെട്ടേക്കാമെന്നും ലോയിഡ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.