ബിജെപിയെ തൊട്ടില്ല, 3.56 കോടി കൊള്ളയടിച്ചെന്ന് ഇ.ഡി; കൊടകര കുഴൽപ്പണ കേസിൽ കുറ്റപത്രം

Mail This Article
കൊച്ചി ∙ കൊടകര കുഴൽപ്പണ കേസിൽ എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) കുറ്റപത്രം സമർപ്പിച്ചു. പൊലീസ് കണ്ടെത്തൽ തള്ളുന്നതാണു കലൂർ പിഎംഎൽഎ കോടതിയിൽ സമർപ്പിച്ച കുറ്റപത്രം. കേസിൽ ആകെ 23 പ്രതികളാണുള്ളത്. ആലപ്പുഴയിലുള്ള തിരുവതാംകൂർ പാലസ് പ്രോപ്പർട്ടി വാങ്ങുന്നതിനു ധർമരാജ്, ഡൈവർ ഷംജീറിന്റെ പക്കൽ കൊടുത്തുവിട്ട 3.56 കോടി രൂപ കൊടകരയിൽവച്ചു കൊള്ളയടിച്ചെന്നാണ് ഇ.ഡി കണ്ടെത്തൽ.
ഈ പണം കേരളത്തിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തിച്ചതാണ് എന്നായിരുന്നു കേരള പൊലീസിന്റെ കണ്ടെത്തൽ. ഇതു തള്ളിയാണ് ഇ.ഡി കുറ്റപത്രം തയാറാക്കിയത്. ഹൈവേ കവര്‍ച്ചയ്ക്കു ശേഷമുള്ള കള്ളപ്പണ ഇടപാടാണ് അന്വേഷിച്ചതെന്നും ഇ.ഡി പറയുന്നു. ധര്‍മരാജന്‍ ആലപ്പുഴയില്‍ ഭൂമി വാങ്ങാന്‍ കൊണ്ടുപോയ മൂന്നരക്കോടി രൂപയാണു കൊള്ളയടിക്കപ്പെട്ടത്. പണത്തിന്റെ ഉറവിടത്തെപ്പറ്റി ധര്‍മരാജന്‍ വെളിപ്പെടുത്തിയിട്ടുണ്ടെന്നും ഇ.ഡി പറയുന്നു. ഇത്തരത്തില്‍ ഭൂമിയിടപാട് സംബന്ധിച്ച യാതൊന്നും പൊലീസ് കണ്ടെത്തിയിരുന്നില്ല.
കൊടകര കുഴൽപ്പണക്കേസിൽ ബിജെപിയെ വെള്ളപൂശിയാണ് ഇ.ഡി കുറ്റപത്രം സമർപ്പിച്ചതെന്ന് ആരോപണമുയർന്നു. കുഴൽപ്പണക്കേസിൽ ബിജെപി നേതാക്കൾക്ക് പങ്കുണ്ടെന്ന് ബിജെപി തൃശൂർ ഓഫിസ് മുൻ സെക്രട്ടറി തിരൂർ സതീശൻ നേരത്തേ പറഞ്ഞിരുന്നു. കുഴൽപ്പണ കവർച്ചാ സംഘത്തെ അറസ്റ്റ് ചെയ്ത പൊലീസ്, ബിജെപിയുടെ അന്നത്തെ സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രനടക്കമുള്ള നേതാക്കളെ ചോദ്യം ചെയ്‌തിരുന്നു. 2021 മേയിലാണ് ഇ.ഡി കേസന്വേഷണം ആരംഭിച്ചത്.