‘രാഹുൽ പ്രസംഗിച്ചത് കുശുമ്പും നുണയും ചേർത്തെന്ന്’ മന്ത്രി ബിന്ദു; രാഹുലിനെ ‘പോടാ ചെറുക്കാ’ എന്നു വിളിച്ചെന്ന് സതീശൻ: പ്രതിഷേധം

Mail This Article
തിരുവനന്തപുരം ∙ സര്‍വകലാശാലാ നിയമഭേദഗതി വിഷയത്തില്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ വിമര്‍ശനം ഉന്നയിച്ച മന്ത്രി ആര്‍.ബിന്ദുവിനെതിരെ നിയമസഭയില്‍ പ്രതിപക്ഷ പ്രതിഷേധം. രാഹുല്‍ മാങ്കൂട്ടത്തിൽ സഭയില്‍ നടത്തിയത് ‘വെര്‍ബല്‍ ഡയറിയ’ ആണെന്ന മന്ത്രിയുടെ പരാമര്‍ശമാണ് വിവാദത്തിനിടയാക്കിയത്. പുതിയ അംഗത്തെ അപമാനിക്കുന്ന വാക്കുകള്‍ സഭാരേഖകളില്‍നിന്ന് മാറ്റണമെന്നു രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. പരാമര്‍ശം പിന്‍വലിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ പറഞ്ഞു. തുടര്‍ന്നു പ്രതിപക്ഷംഗങ്ങള്‍ നടുത്തളത്തില്‍ ഇറങ്ങി പ്രതിഷേധിച്ചു.
ബില്‍ സംബന്ധിച്ചു മന്ത്രിക്ക് അറിവില്ലെന്നും സര്‍വകലാശാലകളെ അടക്കിഭരിക്കാന്‍ മന്ത്രിക്ക് ആര്‍ത്തിയാണെന്നും രാഹുല്‍ പറഞ്ഞതാണു ബിന്ദുവിനെ ചൊടിപ്പിച്ചത്. ‘‘എന്റെ മകന്റെ പ്രായമുള്ള ആള്‍ക്ക് എന്നെക്കുറിച്ച് ഇങ്ങനെയൊക്കെ പറയാമെങ്കില്‍ പിന്നെ എനിക്കും പറയാം. നാലാംകിട കുശുമ്പും നുണയും ചേര്‍ത്താണു രാഹുല്‍ ഇവിടെ പ്രസംഗിച്ചത്’’ എന്നു മന്ത്രി ബിന്ദു രോഷത്തോടെ പ്രതികരിച്ചു. രാഹുല്‍ പ്രസംഗിക്കുന്നതിനിടെ മന്ത്രി മൈക്കില്ലാതെ ‘പോടാ ചെറുക്കാ’ എന്നു പറഞ്ഞുവെന്നും മന്ത്രി സ്ഥാനത്തിരിക്കാന്‍ ആര്‍.ബിന്ദുവിനു യോഗ്യതയില്ലെന്നും വി.ഡി.സതീശൻ പറഞ്ഞു. മന്ത്രിയുടെ നടപടിയില്‍ പ്രതിഷേധിച്ച്, സഭാ നടപടികള്‍ ബഹിഷ്‌കരിച്ച് പ്രതിപക്ഷം ഇറങ്ങിപ്പോയി.
ബിജെപിയുടെ കാവിവല്‍ക്കരണത്തെ എതിര്‍ക്കാന്‍ കൊണ്ടുവന്ന ബില്‍ ഉപയോഗിച്ചു സിപിഎം സര്‍വകലാശാലകളെ ചുവപ്പുവല്‍ക്കരിക്കുകയാണെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു. ‘‘നേരത്തേ ഉണ്ടായിരുന്ന ഗവര്‍ണര്‍ രാജ് മാറ്റി മന്ത്രിരാജ് ആക്കിയിരിക്കുകയാണ്. സര്‍വകലാശാലകളെ അടക്കിഭരിക്കാനുള്ള മന്ത്രിയുടെ ആര്‍ത്തി നിയമം വായിക്കുമ്പോള്‍ വ്യക്തമാകും. നിയമത്തിന്റെ ബാലപാഠം പോലും വായിക്കാതെയാണു മന്ത്രി, എ.പി.അനില്‍കുമാറിനെ പോലെ മുതിര്‍ന്ന അംഗങ്ങളെ പുച്ഛവും പരിഹാസവും വാരിവിതറി സഭയില്‍ നേരിടുന്നത്. വൈസ് ചാന്‍സലറെ ഒഴിവാക്കി മന്ത്രിക്ക് അടക്കിഭരിക്കാന്‍ വേണ്ടിയുള്ള നിയമഭേദഗതിയാണ് നടപ്പാക്കിയിരിക്കുന്നത്.
കല്‍പാന്തകാലത്തോളം താനായിരിക്കില്ല മന്ത്രി എന്നാണ് ആര്‍.ബിന്ദു എപ്പോഴും മറുപടി പറയുക. അത് ഞങ്ങള്‍ക്കു നല്ല ബോധ്യമുണ്ട്. നിങ്ങളുടെ ഉന്നതവിദ്യാഭ്യാസ മന്ത്രിസ്ഥാനം എട്ടു മാസം കൂടിയേ ഉള്ളൂ. അതു കഴിയുമ്പോള്‍ യുഡിഎഫ് മന്ത്രി വരും. പക്ഷേ മന്ത്രി ബിന്ദുവിന് കല്‍പാന്തകാലത്തോളം ഗുണം അനുഭവിക്കാന്‍ പറ്റുന്ന ഭേദഗതികളാണ് നിയമത്തില്‍ വരുത്തുന്നത്. കേരള സര്‍വകലാശാലയുടെ മുന്നില്‍ കുമാരനാശാന്റെ പ്രതിമയുണ്ട്. അത് മാറ്റി എന്റെ പ്രതിമ വേണമെന്ന് മന്ത്രി പറയുന്നത് ഒഴിച്ചാല്‍ ബാക്കി എല്ലാം ഭേദഗതികളിലുണ്ട്. അത് അംഗീകരിക്കാന്‍ കഴിയില്ല. അക്കാദമിക് ആയിട്ട് മന്ത്രി മറുപടി പറയുന്നില്ല. വൈകിട്ട് റീല്‍സ് ഇടുന്നതിന് പരിഹാസം വാരിവിതറുന്നതിനു പകരം അക്കാദമിക് ആയി മറുപടി പറയാന്‍ അധ്യാപിക കൂടി ആയിരുന്ന മന്ത്രി തയാറാകണം.’’- രാഹുല്‍ പറഞ്ഞു.