ഷിബിലയെ കുത്തിയ കത്തികൾ വാങ്ങിയ സൂപ്പർ മാർക്കറ്റിൽ തെളിവെടുപ്പ്; ആൾക്കൂട്ടം, കരുതലോടെ പൊലീസ്

Mail This Article
താമരശ്ശേരി∙ ഈങ്ങാപ്പുഴ ഷിബില വധക്കേസ് പ്രതിയായ ഭർത്താവ് യാസിറിനെ തെളിവെടുപ്പിനെത്തിച്ചു. ചൊവ്വാഴ്ച രാവിലെ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ എത്തിച്ച് വൈദ്യപരിശോധന നടത്തിയശേഷമാണ് തെളിവെടുപ്പിന് കൊണ്ടുപോയത്. ഷിബിലയെ കുത്താൻ ഉപയോഗിച്ച കത്തികൾ വാങ്ങിയ കൈതപ്പൊയിലിലെ സൂപ്പർ മാർക്കറ്റിലെത്തിച്ചാണ് ആദ്യം തെളിവെടുപ്പ് നടത്തിയത്. നാട്ടുകാരുടെ പ്രതിഷേധമുണ്ടാകുമെന്ന് മുന്നിറിയിപ്പുണ്ടായിരുന്നതിനാൽ കനത്ത സുരക്ഷയിലാണ് കൈതപ്പൊയിലിൽ എത്തിച്ചത്.
സൂപ്പർമാർക്കറ്റിലേക്ക് എത്തിച്ചപ്പോൾ ആളുകൾ കൂടാൻ തുടങ്ങിയതോടെ വളരെ പെട്ടന്ന് തെളിവെടുപ്പ് പൂർത്തിയാക്കി തിരികെ സ്റ്റേഷനിലേക്ക് കൊണ്ടുപോയി. കക്കാട് നക്കലമ്പാടുള്ള ഷിബിലയുടെ വീട്ടിലുൾപ്പെടെ യാസിറിനെ എത്തിച്ച് തെളിവെടുപ്പ് നടത്തേണ്ടതുണ്ട്. എപ്പോഴാണ് ഷിബിലയുെട വീട്ടിലേക്ക് കൊണ്ടുപോകുന്ന സമയമെന്ന് പൊലീസ് അറിയിച്ചിട്ടില്ല.
യാസിറിനെതിരെ കനത്ത പ്രതിഷേധത്തിന് സാധ്യതയുള്ളതിനാൽ വളരെ കരുതലോടെയാണ് പൊലീസ് തെളിവെടുപ്പിന് കൊണ്ടുപോകുന്നത്. 27 വരെയാണ് യാസിർ പൊലീസ് കസ്റ്റഡയിലുള്ളത്. കഴിഞ്ഞ ചൊവ്വാഴ്ച വൈകിട്ടാണ് ഷിബിലയെ ഈങ്ങാപ്പുഴ കക്കാട് നക്കലമ്പാടുള്ള വീട്ടിൽ കയറി യാസിർ കുത്തിക്കൊന്നത്. ഷിബിലയുടെ പിതാവിനും മാതാവിനും കുത്തേറ്റിരുന്നു.