410 വീടുകൾ, 400 തൊഴിലാളികള്‍; ദുരന്തബാധിതർക്കായി ടൗൺഷിപ്പ് നിർമാണം ഉടൻ, തറക്കല്ലിടൽ ആഘോഷമാക്കാൻ സർക്കാർ

Mail This Article
കൽപറ്റ ∙ ഈ വർഷം ഡിസംബറിൽ ചൂരൽമല–മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തബാധിതർക്ക് പുതിയ വീട്ടിൽ താമസം തുടങ്ങാൻ സാധിക്കുമെന്ന് ടൗൺ ഷിപ്പ് നിർമാണം നടത്തുന്ന ഊരാളുങ്കൽ ലേബർ സൊസൈറ്റി. ഏപ്രിൽ മൂന്നിന് ഹൈക്കോടതിയുടെ അന്തിമ വിധി വന്നാൽ അടുത്ത ദിവസം തന്നെ ടൗൺ ഷിപ്പ് നിർമാണം ആരംഭിക്കുമെന്നും ഊരാളുങ്കൽ അറിയിച്ചു. വ്യാഴാഴ്ച വൈകിട്ട് നാല് മണിക്കാണ് കൽപറ്റ എൽസ്റ്റൺ എസ്റ്റേറ്റിൽ മുഖ്യമന്ത്രി പിണറായി വിജയൻ ടൗൺഷിപ്പിന് തറക്കല്ലിടുന്നത്. ചടങ്ങ് വലിയ ആഘോഷമാക്കാനുള്ള നീക്കമാണ് സർക്കാർ നടത്തുന്നത്. കൂറ്റൻ പന്തലിന്റെ നിർമാണം കഴിഞ്ഞ ദിവസം തുടങ്ങി.
ടൗൺഷിപ്പിൽ റോഡുകളും വീടുകളുമായിരിക്കും നിർമിക്കുന്നതെന്ന് യുഎൽസിസി ചീഫ് ഓപ്പറേറ്റിങ് ഓഫിസർ അരുൺ മനോരമ ഓൺലൈനോട് പറഞ്ഞു. ചിലയിടങ്ങളിൽ ചെരിവുള്ള പ്രദേശമായതിനാൽ ആദ്യം ഈ സ്ഥലങ്ങൾ നികത്തി നിർമാണത്തിന് അനുയോജ്യമാക്കും. സാധനങ്ങൾ എത്തിക്കുന്നതിനുള്ള റോഡുകളുടെ നിർമാണം ആദ്യം തുടങ്ങും. റോഡുകളുടെ നിർമാണം പൂർത്തിയാക്കുന്നത് കെടിട്ടങ്ങളുടെ നിർമാണം പൂർത്തിയാക്കിയശേഷമായിരിക്കും. എല്ലാ വീടുകളുടെയും നിർമാണം ഒരുമിച്ച് ആരംഭിക്കാനാണ് നീക്കം. 400 തൊഴിലാളികളെയും 120 എൻജിനീയർമാരെയും നിയോഗിക്കും. മഴയില്ലാത്ത സമയങ്ങളിൽ രണ്ട് ഷിഫ്റ്റായി ജോലി ചെയ്യും. 430 വീടുകൾ നിർമിക്കണമെന്നാണ് ആദ്യം നിർദേശം കിട്ടിയത്. നിലവിൽ 410 എന്നാണ് അറിയാൻ സാധിച്ചത്. ഗുണഭോക്താക്കൾ സമ്മത പത്രം നൽകുന്നത് പൂർത്തിയായാൽ മാത്രമേ എത്ര വീടുകൾ വേണമെന്ന കാര്യം അന്തിമമാകൂ. വിദേശ രാജ്യങ്ങളിൽ കാണുന്ന ക്ലസ്റ്റർ രീതിയിലായിരിക്കും വീടുകൾ നിർമിക്കുന്നത്. വീടുകൾക്കിടയിൽ കൂടുതൽ സ്ഥലം ഒഴിച്ചിടും. വീടിന്റെ മുൻവശത്ത് 22 മീറ്റർ സ്ഥലം വെറുതെയിടും. ഇവിടെ ചെടികൾ വളർത്തുകയോ മറ്റോ ചെയ്യാം. കമ്മ്യൂണിറ്റി ഹാൾ, അങ്കണവാടി തുടങ്ങിയവയുടെ നിർമാണവും ഡിസംബറോടെ പൂർത്തിയാക്കാനാണ് ശ്രമിക്കുന്നത്. ദുരന്തബാധിതർക്ക് ഡിസംബറിൽ പുതിയ വീട്ടിൽ താമസം തുടങ്ങാൻ സാധിക്കുന്ന തരത്തിൽ നിർമാണം പൂർത്തിയാക്കുമെന്നും അദ്ദേഹം പറഞ്ഞു.
കല്‍പറ്റ ബൈപാസിനോട് ചേര്‍ന്ന് സര്‍ക്കാര്‍ ഏറ്റെടുത്ത 64 ഹെക്ടര്‍ ഭൂമിയില്‍ ഏഴ് സെന്റ് വീതമുള്ള പ്ലോട്ടുകളിലില്‍ 1000 ചതുരശ്ര അടിയില്‍ ഒറ്റനിലയായി ക്ലസ്റ്ററുകള്‍ തിരിച്ചാണ് വീടുകള്‍ നിർമിക്കുക. ഒന്നാംഘട്ട ഗുണഭോക്തൃ പട്ടികയിൽ ഉൾപ്പെട്ട 242 പേരിൽ, ടൗണ്‍ഷിപ്പില്‍ വീടിനായി 175 പേരും 15 ലക്ഷം രൂപ സാമ്പത്തിക സഹായത്തിന് 67 പേരുമാണ് സമ്മതപത്രം കൈമാറിയത്. രണ്ടാംഘട്ട 2-എ പട്ടികയിലുള്‍പ്പെട്ട 48 ഗുണഭോക്താക്കളും 2- ബി പട്ടികയിലുള്‍പ്പെട്ട 33 ഗുണഭോക്താക്കളും സമ്മതപത്രം നല്‍കി. 69 പേര്‍ ടൗണ്‍ഷിപ്പില്‍ വീടിനായും 12 പേര്‍ സാമ്പത്തിക സഹായത്തിനുമാണ് സമ്മതപത്രം നല്‍കിയത്. നിരവധിപേർ ടൗൺഷിപ്പിനു പുറത്ത് വീടുവയ്ക്കാൻ താൽപര്യം പ്രകടിപ്പിച്ചതോടെ ടൗൺഷിപ്പിൽ മുന്നൂറിലധികം വീടുകൾ വേണ്ടി വരില്ലെന്നാണ് അനുമാനം.