പാതിനോമ്പ് ദിനത്തിൽ അച്ചാനെയിൽ ആഗോള സുന്നഹദോസ്

Mail This Article
പാതിനോമ്പിന്റെ കുർബാനയ്ക്കും ശുശ്രൂഷകൾക്കും ശേഷം, ആഗോള സിറിയൻ ഓർത്തഡോക്സ് സഭയുടെ ആഗോള സുന്നഹദോസിനു വേദിയായി ലബനനിലെ ബെയ്റൂട്ട് അച്ചാനെ പാത്രിയാർക്കാ കേന്ദ്രം. സഭയുടെ പരമാധ്യക്ഷൻ പരിശുദ്ധ ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയൻ പാത്രിയർക്കീസ് ബാവായുടെ അധ്യക്ഷതയിൽ കൂടിയ എപ്പിസ്കോപ്പൽ സുന്നഹദോസിൽ നവാഭിഷിക്തനായ ശ്രേഷ്ഠ ബസേലിയോസ് ജോസഫ് കാതോലിക്കാ ബാവായും മലങ്കരയിലെ അടക്കം ആഗോള സുറിയാനി ഓർത്തഡോക്സ് സഭയിലെ അറുപതോളം മെത്രാപ്പൊലീത്തമാരും പങ്കെടുത്തു. സഭയിലെ പ്രതിസന്ധികളും മുന്നോട്ടുള്ള പ്രയാണങ്ങളും സുന്നഹദോസിൽ ചർച്ചയായി. രാവിലെ കുർബാനയോടു കൂടെ ആരംഭിച്ച എപ്പിസ്കോപ്പൽ സുന്നഹദോസിൽ വിവിധ വിഷയാവതരണങ്ങളും നടന്നു. വൈകിട്ടാണു സമാപിച്ചത്.
-
Also Read
ശ്രേഷ്ഠം, ഭക്തിനിർഭരം
ശ്രേഷ്ഠ ബസേലിയോസ് ജോസഫ് കാതോലിക്കാ ബാവാ പദവിയേറ്റശേഷം പങ്കെടുത്ത ആദ്യ സുന്നഹദോസ് എന്ന സവിശേഷത ഇത്തവണയുണ്ട്. സഭയുടെ ഔദ്യോഗിക പരിപാടികൾക്കു ശേഷം ശ്രേഷ്ഠ കാതോലിക്കാ ബാവാ ഞായറാഴ്‌ച കേരളത്തിൽ എത്തും. ഉച്ചയ്ക്ക് 1.30നു കൊച്ചി വിമാനത്താവളത്തിൽ എത്തുന്ന ശ്രേഷ്ഠ ബാവയ്ക്ക് ഔദ്യോഗിക സ്വീകരണം നൽകും. വൈകിട്ട് 3.30നു സഭാ ആസ്ഥാനമായ പുത്തൻകുരിശ് പാത്രിയാർക്കാ സെന്ററിലെ മാർ അത്തനേഷ്യസ് കത്തീഡ്രലിൽ സ്ഥാനാരോഹണ ശുശ്രൂഷ (സുന്ത്രോണീസോ) നടക്കും. തുടർന്നു നടക്കുന്ന അനുമോദ സമ്മേളനം കേരള ഗവർണർ രാജേന്ദ്ര അർലേക്കർ ഉദ്ഘാടനം ചെയ്യും.