കാപ്പാ കേസ് പ്രതിയെ പിടികൂടുന്നതിനിടെ എസ്ഐയ്ക്ക് കുത്തേറ്റു; ശ്രീജിത്ത് ഉണ്ണിക്കായി തിരച്ചിൽ

Mail This Article
തിരുവനന്തപുരം ∙ കാപ്പാ കേസ് പ്രതിയെ പിടികൂടുന്നതിനിടെ എസ്ഐക്ക് നേരെ ആക്രമണം. പൂജപ്പുര എസ്ഐ സുധീഷിനെ ശ്രീജിത്ത് ഉണ്ണി എന്ന ഗുണ്ടയാണ് ആക്രമിച്ചത്. സുധീഷിന്റെ കയ്യിലാണ് കുത്തേറ്റത്. ഇന്നലെ രാത്രി ആയിരുന്നു ആക്രമണം. കുപ്പി കൊണ്ടാണ് കയ്യിൽ കുത്തിയതെന്നാണ് വിവരം. കയ്യിൽ 6 തുന്നലുണ്ട്.
ശ്രീജിത്ത് ഉണ്ണി മദ്യപിച്ച് ബഹളം ഉണ്ടാക്കുന്നുവെന്ന് വിവരം ലഭിച്ചതിനെ തുടർന്ന് സുധീഷിന്റെ നേതൃത്വത്തിൽ ഇയാളെ പിടികൂടാനായി പൊലീസ് പോവുകയായിരുന്നു. വയറു ലക്ഷ്യമാക്കിയാണ് കുത്താൻ ശ്രമിച്ചതെങ്കിലും കയ്യിലാണ് കുത്തേറ്റത്. ആക്രമണം നടത്തിയ ശേഷം ശ്രീജിത്ത് സംഭവ സ്ഥലത്തുനിന്നും ഓടി രക്ഷപ്പെട്ടു. ഇയാൾക്കു വേണ്ടിയുള്ള തിരച്ചിൽ നടത്തുകയാണെന്ന് പൊലീസ് അറിയിച്ചു.