‘ഇന്ത്യ ഒപ്പമുണ്ടാകും, സുരക്ഷയ്ക്കും ക്ഷേമത്തിനും വേണ്ടി പ്രാര്‍ഥിക്കുന്നു’; മ്യാൻമർ ഭൂകമ്പത്തിൽ അനുശോചനം അറിയിച്ച് മോദി

Mail This Article
ന്യൂഡൽഹി∙ മ്യാൻമറിലുണ്ടായ ഭൂകമ്പത്തിൽ ജീവൻ നഷ്ടമായവർക്ക് അനുശോചനം അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. മ്യാൻമറിലെ പട്ടാള ഭരണകൂടത്തിന്റെ തലവൻ മിൻ ഓങ് ലെയ്ങ്ങിനെ ഫോണിൽ വിളിച്ചാണ് മോദി അനുശോചനം അറിയിച്ചത്. അടുത്ത സുഹൃത്ത് എന്ന നിലയിലും അയൽരാജ്യമെന്ന നിലയിലും ഈ ദുഷ്‌കരമായ സമയത്ത് മ്യാൻമർ ജനതയ്ക്കൊപ്പം ഇന്ത്യയുണ്ടാകുമെന്ന് മോദി പറഞ്ഞു.
ദേശീയ ദുരന്ത നിവാരണ സേനയ്ക്കൊപ്പം ദുരിതാശ്വാസ വസ്തുക്കളും മാനുഷിക സഹായങ്ങളും മ്യാൻമറിലേക്ക് അയച്ചതായും മോദി വ്യക്തമാക്കി. ഓപ്പറേഷൻ ബ്രഹ്മ എന്ന പേരിൽ 15 ടൺ ദുരിതാശ്വാസ വസ്തുക്കൾ ഇതിനോടകം യാങ്കൂൺ വിമാനത്താവളത്തിലെത്തി. മ്യാൻമറിന് സാധ്യമായ എല്ലാ സഹായവും നൽകാൻ തയാറാണെന്ന് കഴിഞ്ഞദിവസം എക്സിൽ പങ്കുവച്ച പോസ്റ്റിലൂടെ പ്രധാനമന്ത്രി പറഞ്ഞിരുന്നു. ‘‘മ്യാന്‍മറിലും തായ്‌ലന്‍ഡിലും ഉണ്ടായ ഭൂകമ്പത്തെത്തുടര്‍ന്നുള്ള സ്ഥിതിഗതികളില്‍ ആശങ്കയുണ്ട്. എല്ലാവരുടെയും സുരക്ഷയ്ക്കും ക്ഷേമത്തിനും വേണ്ടി പ്രാര്‍ഥിക്കുന്നു. സാധ്യമായ എല്ലാ സഹായവും നല്‍കാന്‍ ഇന്ത്യ തയാറാണ്. മ്യാന്‍മറിലും തായ്ലന്‍ഡിലും സര്‍ക്കാരുകളുമായി ബന്ധപ്പെടാൻ വിദേശകാര്യ മന്ത്രാലയത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്’’– മോദി എക്സിൽ കുറിച്ചു.
മ്യാൻമറിനെയും തായ്‌ലൻഡിനെയും പിടിച്ചുകുലുക്കിയ ഭൂകമ്പത്തിൽ ആയിരത്തിലേറെ ആളുകളാണ് മരിച്ചത്. 2376 പേർക്കു പരുക്കേറ്റു. കെട്ടിടങ്ങളിൽ കുടുങ്ങിക്കിടക്കുന്നവർക്കായി തിരച്ചിൽ തുടരുകയാണ്. മരണ സംഖ്യ ഇനിയും ഉയരുമെന്നാണ് അധികൃതർ പറയുന്നത്.