വ്ളാഡിമിർ പുട്ടിന്റെ കാറിന് തീപിടിച്ചു; സുരക്ഷ ശക്തമാക്കി, ദുരൂഹത – വിഡിയോ

Mail This Article
മോസ്കോ∙ റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുട്ടിന്റെ ആഡംബരക്കാറിനു തീപിടിച്ചതായി റിപ്പോർട്ട്. കാറിനു തീപിടിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു. മോസ്കോയിലെ ഫെഡറൽ സെക്യൂരിറ്റി സർവീസ് ഓഫിസ് ആസ്ഥാനത്തിനു സമീപത്തായാണ് കാറിന് തീപിടിച്ചതെന്നു രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. വെള്ളിയാഴ്ചയായിരുന്നു സംഭവം.
കാറിൽനിന്നു പുക ഉയരുന്നതും സമീപത്തുള്ളവർ തീ അണയ്ക്കാൻ ശ്രമിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. തീപിടിക്കുന്ന സമയത്ത് കാറിനുള്ളിൽ ആരെങ്കിലും ഉണ്ടായിരുന്നോ എന്നതിനെ സംബന്ധിച്ച് വ്യക്തതയില്ല. എൻജിൻ ഭാഗത്താണ് ആദ്യം തീപിടിച്ചത്. പിന്നീട് കാറിനുള്ളിലേക്കു തീ വ്യാപിക്കുകയായിരുന്നു. കാറിന്റെ മുൻഭാഗത്തുനിന്നു കറുത്ത പുക ഉയരുന്നതും ദൃശ്യങ്ങളിൽ കാണാം.
കാറിനു തീപിടിച്ചതിനെ തുടർന്ന് മോസ്കോയിൽ സുരക്ഷ കർശനമാക്കി. റഷ്യൻ നിർമിത ആഡംബര കാറാണ് പുടിൻ ഉപയോഗിക്കുന്നത്. റഷ്യൻ പ്രസിഡന്റിനുനേരെ നടന്ന വധശ്രമമാണെന്ന തരത്തിലും അഭ്യൂഹങ്ങൾ പ്രചരിക്കുന്നുണ്ട്.