ADVERTISEMENT

ജനീവ ∙ തെക്കൻ ഗാസയിൽ ബോംബാക്രമണം കടുപ്പിച്ച ഇസ്രയേൽ വീണ്ടും ആളുകളെ ഒഴിപ്പിക്കുന്നു. ഖാൻ യൂനിസിലും റഫയിലും ഉള്ളവർ പ്രയോജനപ്പെടുത്തിയിരുന്ന യൂറോപ്യൻ ഗാസ ഹോസ്പിറ്റൽ ഉൾപ്പെടെ കേന്ദ്രങ്ങളിൽനിന്ന് ഒഴിഞ്ഞു പോകാനാണ് രണ്ടരലക്ഷം പലസ്തീൻകാരോട് ഇസ്രയേൽ ആവശ്യപ്പെട്ടത്. ഖാൻ യൂനിസിനു സമീപം അൽ ഖരാര, ബാനി സുഹൈല പ്രദേശങ്ങളിൽനിന്ന് പലായനം തുടങ്ങി. 

തെക്കൻ ഗാസയിലെ ഇപ്പോഴത്തെ നടപടികളോടെ യുദ്ധത്തിന്റെ രൂക്ഷഘട്ടം അവസാനിക്കുകയാണെന്നും ഹമാസ് വീണ്ടും സംഘടിക്കുന്നത് ഒഴിവാക്കാനുള്ള പോരാട്ടത്തിലേക്കു മാത്രമായി സൈനികനീക്കം ഒതുങ്ങുമെന്നും ഇസ്രയേൽ പറയുന്നു. ഹമാസിന്റെ ആയുധക്ഷമതയും പോരാട്ടശേഷിയും തകർക്കാനായെന്നാണ് ‌ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവിന്റെ അവകാശവാദം. എന്നാൽ, ഇനിയും വർഷങ്ങളോളം യുദ്ധം ചെയ്യാനാകുമെന്ന് ഹമാസ് പറയുന്നു. 

ഗാസ സിറ്റിയിൽ പട്ടാളടാങ്കുകളുടെ ഷെല്ലാക്രമണത്തിൽ 17 പലസ്തീൻകാർ കൊല്ലപ്പെട്ടു. ഗാസയിൽ 27 പലസ്തീൻകാർ 24 മണിക്കൂറിൽ കൊല്ലപ്പെട്ടെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. 81 പേർക്കു പരുക്കേറ്റു. 9 മാസം പിന്നിട്ട യുദ്ധത്തിൽ ഇതുവരെ 37,925 പലസ്തീൻകാർ കൊല്ലപ്പെട്ടു. യുഎസ്, യുകെ, ഇസ്രയേൽ എന്നീ രാജ്യങ്ങളുമായി ബന്ധപ്പെട്ട 4 കപ്പലുകൾ ആക്രമിച്ചതായി യെമനിലെ ഹൂതികൾ പറഞ്ഞു.

ചെങ്കടലിലും അറബിക്കടലിലും മെഡിറ്ററേനിയൻ കടലിലുമായാണ് ആക്രമണം നടത്തിയത്. ഇതിനിടെ, ഗാസ യുദ്ധത്തിനു കാരണമായ ഹമാസിന്റെ ഇസ്രയേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെയ‌ും പരുക്കേറ്റവരുടെയും ബന്ധുക്കൾ 400 കോടി ഡോളർ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഇറാനും സിറിയയ്ക്കും ഉത്തര കൊറിയയ്ക്കും എതിരെ യുഎസ് കോടതിയിൽ കേസു കൊടുത്തു. 

English Summary:

Gaza: Israeli bombardment intensified

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com