പടയൊരുക്കം, റിസർവ് സൈനികരെ തിരിച്ചുവിളിച്ച് ഇസ്രയേൽ; ഒത്തുതീർപ്പിന് ഖത്തറും ഈജിപ്തും രംഗത്ത്

Mail This Article
ജറുസലം ∙ ശനിയാഴ്ച ഹമാസ് ബന്ദികളെ വിടുന്നില്ലെങ്കിൽ, ഗാസയിൽ ആക്രമണം പുനരാരംഭിക്കാൻ ഇസ്രയേൽ സൈന്യം ഒരുക്കം തുടങ്ങി. ഇതിന്റെ ഭാഗമായി റിസർവ് സൈനികരോടു തിരിച്ചെത്താൻ ആവശ്യപ്പെട്ടു. വെടിനിർത്തൽ കരാർ പ്രകാരം ശനിയാഴ്ച 3 ബന്ദികളെയാണ് ഹമാസ് മോചിപ്പിക്കേണ്ടത്. ഗാസ അതിർത്തിയിൽ പടയൊരുക്കം ആരംഭിക്കാൻ നിർദേശം നൽകിയതായി പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവും വ്യക്തമാക്കി. ജനുവരി 19ന് ആരംഭിച്ച വെടിനിർത്തൽ ഇസ്രയേൽ ലംഘിക്കുന്നെന്നാരോപിച്ചാണു ശനിയാഴ്ച ബന്ദികളെ വിടില്ലെന്ന നിലപാട് ഹമാസ് സ്വീകരിച്ചത്. മുഴുവൻ ബന്ദികളെയും വിട്ടില്ലെങ്കിൽ വെടിനിർത്തൽ ഇസ്രയേൽ റദ്ദാക്കണമെന്നു യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും ആവശ്യപ്പെട്ടിരുന്നു. വെടിനിർത്തൽ രണ്ടാം ഘട്ട ചർച്ച ഇതോടെ അവതാളത്തിലായി. ഇസ്രയേൽ സംഘം ദോഹയിൽനിന്ന് തിങ്കളാഴ്ച മടങ്ങി. അതിനിടെ, വെടിനിർത്തൽ നിലനിർത്താനുള്ള തീവ്രശ്രമം മധ്യസ്ഥരായ ഖത്തറും ഈജിപ്തും ആരംഭിച്ചിട്ടുണ്ട്.