പുതിയ ഉല്ലാസ കേന്ദ്രമാകാന്‍ ഗാസ

Mail This Article
അടിപൊളി ജീവിതം ആഗ്രഹിക്കുകയും അതിനാവശ്യമായത്രയും പണം കീശയിലോ ബാങ്കിലോ ഉണ്ടായിരിക്കുകയും ചെയ്യുന്നവര്‍ക്ക് ഏറെ പ്രിയപ്പെട്ട ഒരു സ്ഥലമാണ് ഫ്രഞ്ച് റിവ്യേറ. ഫ്രാന്‍സിന്‍റെ തെക്കു കിഴക്കു ഭാഗത്തു മെഡിറ്ററേനിയന്‍ കടല്‍ത്തീരത്തു കിടക്കുന്ന അതി മനോഹര ഭൂവിഭാഗം. പ്രശസ്തമായ രാജ്യാന്തര ചലച്ചിത്രോല്‍സവം നടക്കുന്ന കാന്‍ അവിടെയാണ്.
ഫ്രഞ്ച് റിവ്യേറ ഇപ്പോള്‍ പെട്ടെന്നു മാധ്യമങ്ങളില്‍ ചര്‍ച്ചാവിഷയമായിരിക്കുന്നത് മറ്റൊരു കാരണത്താലാണ്. ഗാസയിലെ യുദ്ധം അവസാനിച്ചുകഴിഞ്ഞാല്‍ പലസ്തീന്‍കാരുടെ ആ പ്രദേശത്തെ അമേരിക്ക മറ്റൊരു ഫ്രഞ്ച് റിവ്യേറയാക്കി മാറ്റുമത്രേ. പണക്കാര്‍ക്കുമാത്രം ജീവിതം ആസ്വദിക്കാനുളള വിനോദ ഉല്ലാസകേന്ദ്രം. പലസ്തീന്‍ തീവ്രവാദികളായ ഹമാസിനെതിരായ ഇസ്രയേല്‍ വ്യോമാക്രമണത്തില്‍ തകര്‍ന്നു തരിപ്പണമായിരിക്കുന്ന ഗാസയക്ക് ഒരു പുതുജന്മം.
പക്ഷേ, ഇപ്പോള്‍ ഗാസയിലുളള ആര്‍ക്കും പുതിയ ഗാസയില്‍ സ്ഥാനമുണ്ടാവില്ല. തലമുറകളായി ജീവിച്ചുവന്ന 23 ലക്ഷം പേര്‍ യുദ്ധത്തിനു മുന്‍പ് ഗാസയില്‍ ഉണ്ടായിരുന്നു. 2023 ഒക്ടോബര്‍ ഏഴു മുതല്‍ ഒന്നേകാല്‍ വര്‍ഷമായി അവിടെ നടന്നുവരുന്ന യുദ്ധത്തിനിടയല്‍ പകുതിയിലേറെ പേര്‍ കൊല്ലപ്പെടുകയോ സ്ഥലം വിടുകയോ ചെയ്തു.
അവശേഷിച്ചവര്‍ക്ക് ഇനി ഗാസയില്‍ സ്ഥലമുണ്ടാവില്ല. ഓടിപ്പോയവരെ തിരിച്ചുവരാന്‍ അനുവദിക്കുകയുമില്ല. അവര്‍ എങ്ങോട്ടുപോകും? അവരെ എന്തു ചെയ്യും? ഈജിപ്ത്, ജോര്‍ദാന്‍ എന്നിവ പോലുളള സമീപസ്ഥ അറബ് രാജ്യങ്ങള്‍ അവരെ സ്വീകരിക്കുകയും സ്വന്തം പൗരന്മാരായി കുടിയിരുത്തുകയും ചെയ്യുമോ? ഉല്ലാസ കേന്ദ്രമാക്കാനായി ഗാസ വിലയക്കു വാങ്ങുകയാണെങ്കില്‍ അത് ആര് ആരോടായിരിക്കും വാങ്ങുക? എങ്ങനെയായിരിക്കും വില കണക്കാക്കുക?
മുക്കാല്‍ നൂറ്റാണ്ടു പഴക്കമുളള പലസ്തീന്‍ പ്രശ്നത്തിനു പരിഹാരം കാണാനുളള പുതിയ ശ്രമത്തിനിടയിലാണ് ഈ ചോദ്യങ്ങളും ഉയര്‍ന്നു വന്നിരിക്കുന്നത്. അമേരിക്കയുടെ പുതിയ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് സ്ഥാനമേറ്റതിനു ശേഷം ഏതാനും ദിവസങ്ങള്‍ക്കകം മുന്നോട്ടുവച്ച ആശയമാണിത്. പക്ഷേ, ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹു ഒഴികെ മറ്റൊരു രാഷ്ട്രനേതാവും അതിനോടു യോജിക്കാന്‍ ഇതുവരെ തയാറായിട്ടില്ല. അപ്രായോഗികം, മണ്ടത്തരംഎന്നെല്ലാം പറഞ്ഞ് പുഛിച്ചു തളളിക്കളയുന്നവരും ഏറെയാണ്.
ട്രംപ് ഈ ആശയം മുന്നോട്ടുവച്ചത് ഈ മാസം ആദ്യത്തില്‍ വാഷിങ്ടണില്‍ നെതന്യാഹുവിനോടൊപ്പം മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുന്ന വേളയിലായിരുന്നു. ട്രംപ് ഇത്തവണ പ്രസിഡന്‍റായ ശേഷം അദ്ദേഹത്തെ ചെന്നു കാണുന്ന ആദ്യത്തെ വിദേശ രാഷ്ട്രനേതാവാണ് നെതന്യാഹു. ദിവസങ്ങള്‍ക്കകം പുതുയ യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റുബിയോ ജറൂസലമിലെത്തുകയും നെതന്യാഹുവുമായി സംസാരിക്കുകയും ചെയ്തു. അത്രയും സുദൃഢമാണ് യുഎസ് ഇസ്രയേല്‍ ബന്ധം.
പുതിയ ഗാസയെപ്പറ്റി മാധ്യമ സമ്മേളനത്തില്‍ ട്രംപ് പറയുന്നതു കേട്ടു പുഞ്ചിരിച്ചതല്ലാതെ നെതന്യാഹു സ്വന്തമായ അഭിപ്രായ പ്രകടനമൊന്നും അന്നു നടത്തിയിരുന്നില്ല. എങ്കിലും പിന്നീട് പ്രശംസിക്കുകയും പ്രകീര്‍ത്തിക്കുകയും ചെയ്തു. യുദ്ധാനന്തര ഗാസയില്‍ പലസ്തീന്‍കാര്‍ക്ക് (അവരിലെ മിതവാദികള്‍ക്കുപോലും) പങ്കുണ്ടായിരിക്കില്ലെന്ന് അദ്ദേഹം നേരത്തെതന്നെ പല തവണു വ്യക്തമാക്കിയിരുന്നു.
ട്രംപാണെങ്കില്‍ ഗാസയെ താന്‍ ഫ്രഞ്ച് റിവ്യേറയുടെ മാതൃകയില്‍ മധ്യപൂര്‍വദേശത്തെ സുഖവാസ-ഉല്ലാസകേന്ദ്രമാക്കും എന്നു പറഞ്ഞതല്ലാതെ, അതെങ്ങനെ, ആരുടെ പങ്കാളിത്തത്തോടെ നടപ്പാക്കുമെന്നോ, ഗാസയിലെ നിലവിലുളള നിവാസികളെ എങ്ങനെ എവിടെയെല്ലാം കുടിയിരുത്തുമെന്നോ വിശദീകരിച്ചിട്ടില്ല. ചര്‍ച്ചകള്‍ പല തലങ്ങളിലും തിരക്കിട്ടു നടന്നുവരുന്നു.
പലസ്തീന്‍ പ്രശ്നത്തിനുളള പരിഹാരമെന്ന നിലയില്‍ രൂപീകരിക്കാന്‍ ഉദ്ദേശിച്ചിരുന്ന രാജ്യത്തിന്‍റെ ഒരു ഭാഗമാണ് ഗാസ. 1967ലെ ആറു ദിവസത്തെ യുദ്ധത്തിനുശേഷം നിലവില്‍വന്നതാണ് ഈ രാജ്യത്തെക്കുറിച്ചുളള സങ്കല്‍പ്പം. ജോര്‍ദാന്‍ നദിയുടെ പടിഞ്ഞാറന്‍ തീരം (വെസ്റ്റ് ബാങ്ക്), അതിനോടു ചേര്‍ന്നു കിടക്കുന്ന കിഴക്കന്‍ ജറൂസലം എന്നിവയും ഗാസയോടൊപ്പം അതില്‍ ഉള്‍പ്പെടുന്നു.
വെസ്റ്റ് ബാങ്കും കിഴക്കന്‍ ജറൂസലമും ജോര്‍ദാനില്‍നിന്നും ഗാസ ഈജിപ്തില്‍നിന്നുംഇസ്രയേല്‍ പിടിച്ചെടുത്തതായിരുന്നു. ഒരു ഭാഗത്ത് ഈ പ്രദേശങ്ങള്‍ ഉള്‍പ്പെടുന്ന പലസ്തീന്‍ രാജ്യവും മറുഭാഗത്ത് ഇസ്രയേലും. രണ്ടും ചേര്‍ന്നുളള സമാധാനപരമായ സഹവര്‍ത്തിത്വത്തെയാണ് ദ്വിരാഷ്ട്ര പരിഹാരമെന്നു വിളിക്കുന്നത്.
ഐക്യരാഷ്ട്ര സംഘടനയുടെ പിന്തുണയുളള ഇത് ആ നിലയില്‍ എല്ലാ രാജ്യാന്തര വേദികളിലും അംഗീകരിക്കപ്പെട്ടുവരുന്നു. 1993ല്‍ അന്നത്തെ പലസ്തീന്‍ നേതാവ് യാസ്സര്‍ അറഫാത്തുമായി ഇസ്രയേല്‍ പ്രധാനമന്ത്രി യിത്സാക് റബീന്‍ ഒപ്പുവച്ച സമാധാന കരാറില്‍ അതു സ്ഥിരീകരിക്കപ്പെടുകയുമുണ്ടായി. അതിനു വിരുദ്ധമാണ് ട്രംപിന്‍റെയും നെതന്യാഹുവിന്‍റെയും നിലപാടും നീക്കങ്ങളും.
ഗാസയിലെ യുദ്ധം അവസാനിച്ചു കഴിഞ്ഞാല്‍ ആ പ്രദേശത്തിന്‍റെ ഭാവിയുടെ കാര്യത്തില്‍ ഇസ്രയേല്‍ സ്വീകരിക്കുന്ന നിലപാട് എന്തായിരിക്കുമെന്ന ചോദ്യത്തിന് ഇസ്രയേല്‍ ഇതുവരെ വിശദമായ മറുപടി നല്‍കിയിരുന്നില്ല. അതേസമയം ഹമാസിനെ ഗാസയിലേക്കു തിരിച്ചുവരാന്‍ ഒരിക്കലും അനുവദിക്കില്ലെന്നു തീര്‍ത്തു പറയുകയും ചെയ്തിരുന്നു.
മഹമൂദ് അബ്ബാസിനെപ്പോലുളള പലസ്തീന്‍ മിതവാദികള്‍ക്കുപോലും ഗാസയിലെ ഭരണത്തില്‍ പങ്ക് നല്‍കുന്നതിനെ നെതന്യാഹു എതിര്‍ക്കുകയാണ് ചെയ്തത്. അബ്ബാസ് നയിക്കുന്ന പലസ്തീന്‍ അതോറിറ്റിയുടെ ഭരണത്തിലുളള വെസ്റ്റ് ബാങ്കിനെ ഇസ്രയേലില്‍ ലയിപ്പിക്കുന്ന കാര്യം സഗൗരവം പരിഗണിച്ചു വരികയുമായിരുന്നു. അതിനുവേണ്ടി ആവശ്യപ്പെടുന്ന തീവ്ര വലതുപക്ഷ കക്ഷികളുടെ പിന്തുണയോടെയാണ് അദ്ദേഹം ഇപ്പോള്‍ അധികാരത്തില്‍ തുടരുന്നതും.
ട്രംപിന്‍റെ ഗാസ പ്ളാനിന് പേരൊന്നും കിട്ടിക്കഴിഞ്ഞിട്ടില്ലെങ്കിലും രണ്ടാം ലോകമഹാ യുദ്ധത്തിനു ശേഷം യൂറോപ്പിന്‍റെ പുനര്‍നിര്‍മാണത്തിനുവേണ്ടി നടപ്പിലാക്കപ്പട്ട മാര്‍ഷല്‍ പ്ളാനിനെ ഓര്‍മിപ്പിക്കാന്‍ അതിടയാക്കുന്നു. യുദ്ധത്തിനു ശേഷമുളള അമേരിക്കയില്‍ സ്റ്റേറ്റ് സെക്രട്ടറി അഥവാ വിദേശമന്ത്രിയായിരുന്നു ജോര്‍ജ് മാര്‍ഷല്‍. പ്രസിഡന്‍റായിരുന്നത് ഹാരി എസ് ട്രൂമന്‍.
യുദ്ധത്തില്‍ തകര്‍ന്നുപോയ പശ്ചിമ യൂറോപ്പിലെയും ദക്ഷിണ യൂറോപ്പിലെയും ഒന്നര ഡസന്‍ രാജ്യങ്ങളെ സാമ്പത്തികമായി പുനരുദ്ധരിക്കുന്നതിനു അതിബ്രഹത്തായ ഒരു പ്ളാനാണ് മാര്‍ഷല്‍ തയാറാക്കുകയും നാലു വര്‍ഷത്തിനകം നടപ്പാക്കുകയും ചെയ്തത്. ചെലവിന്‍റെ വലിയൊരു ഭാഗം അമേരിക്കതന്നെ വഹിച്ചു. ആ രാജ്യങ്ങളെല്ലാം കമ്യൂണിസത്തിന്‍റെ പിടിയിലാകാതിരിക്കണമെന്ന ലക്ഷ്യവും ആ പദ്ധതിയുടെ പിന്നിലുണ്ടായിരുന്നു.
ഗാസ-റിവ്യേറ പ്ലാന്‍ ആരു തയാറാക്കിയാലും നാലു വര്‍ഷം കൊണ്ടൊന്നും അതു പൂര്‍ത്തിയാക്കാനാകുമെന്ന് ആരും കരുതുന്നില്ല. പുതിയ സൗകര്യങ്ങള്‍ ഉണ്ടാക്കാന്‍ തുടങ്ങുന്നതിനു മുന്‍പ്, ഇതുവരേയുളള യുദ്ധത്തിന്‍റെ അവശിഷ്ടങ്ങള്‍ നീക്കംചെയ്യണം. അതിനുതന്നെ വര്‍ഷങ്ങള്‍ വേണ്ടിവരുമത്രേ.
ഗാസാ നിവാസികളായ ലക്ഷക്കണക്കിനു പലസ്തീന്‍കാരെ എന്തുചെയ്യുമെന്ന ചോദ്യത്തിനുളള വ്യക്തവും വിശദവുമായ മറുപടി കേള്‍ക്കാനാണ് എല്ലാവരും കാത്തിരിക്കുന്നത്. സമീപത്തുളള അറബ് രാജ്യങ്ങള്‍, പ്രത്യേകിച്ച് ജോര്‍ദാനും ഈജിപ്തും അവരെ ഉള്‍ക്കൊളളണം, അതിനുളള പ്രതിഫലവും സാമ്പത്തിക സഹായവും അമേരിക്ക നല്‍കും, ഇല്ലെങ്കില്‍ നിലവില്‍ അമേരിക്ക അവര്‍ക്കു നല്‍കുന്ന സാമ്പത്തിക സഹായം വെട്ടിക്കുറയ്ക്കും എന്നിങ്ങനെയുളള നിലപാടുമായി മുന്നോട്ടു പോകാനായിരിക്കും ട്രംപിന്‍റെ തീരുമാനമെന്നു പൊതുവില്‍ കരുതപ്പെടുന്നു. അറബ് രാജ്യങ്ങള്‍ തമ്മില്‍ പല തലങ്ങളില്‍ ചര്‍ച്ചകള്‍ നടക്കുകയുമാണ്.