രോഷാഗ്നിയില്‍ ബലൂചികള്‍

Mail This Article
പാക്കിസ്ഥാനിലെ ബലൂചിസ്ഥാനില്‍ അഞ്ചു ദിവസങ്ങള്‍ക്കിടയിലുണ്ടായ രണ്ടു ഭീകരാക്രമണങ്ങള്‍ ആ രാജ്യത്തിലെ ഏറ്റവും വലിയ പ്രവിശ്യ നേരിടുന്ന ഗുരുതരമായ സുരക്ഷാ പ്രശ്നത്തിലേക്കു വിരല്‍ ചൂണ്ടുന്നു. ബലൂചിസ്ഥാനെ പാക്കിസ്ഥാനില്‍നിന്നു വേര്‍പെടുത്തി സ്വതന്ത്ര രാജ്യമാക്കുന്നതിനുവേണ്ടി നടത്തുന്ന സമരത്തിന്‍റെ ഭാഗമാണ് ഇതിന്‍റെ പിന്നിലെന്നത് പ്രത്യേകം ശ്രദ്ധിക്കപ്പെടുന്നു.
ഭീകരാക്രമണങ്ങള്‍ ഈ പാക്ക് തെക്കു പടിഞ്ഞാറന്‍ പ്രവിശ്യയില്‍ അപൂര്‍വമല്ല. നിരോധിക്കപ്പെട്ട സംഘടനകളായ ബലൂച് വിമോചന സേന അഥവാ ബലൂച് ലിബറേഷന്‍ ആര്‍മി (ബിഎല്‍എ), ബലൂച് വിമോചന മുന്നണി അഥവാ ബലൂച് ലിബറേഷന്‍ ഫ്രണ്ട് (ബിഎല്‍എഫ്) എന്നിവ മിക്ക സംഭവങ്ങളുടെയും ഉത്തരവാദിത്തം ഏല്‍ക്കുന്നു.
ബലൂചിസ്ഥാന്‍റെ തലസ്ഥാനമായ ക്വറ്റയില്‍നിന്നു വടക്കന്‍ പാക്കിസ്ഥാനിലെ ഖൈബര്‍ പഖ്തൂന്‍ഖ്വ പ്രവിശ്യയുടെ തലസ്ഥാനമായ പെഷാവറിലേക്കു പോവുകയായിരുന്ന ജാഫര്‍ എക്സ്പ്രസ് ട്രെയിനാണ് ഇക്കഴിഞ്ഞ ചൊവ്വാഴ്ച (മാര്‍ച്ച് 11) ആക്രമിക്കപ്പെട്ടത്. മലനിരകള്‍ക്കിടയിലൂടെയുളളതാണ് 17 തുരങ്കങ്ങളുളള ഈ പാത. എട്ടാമത്തെ തുരങ്കത്തിന്‍റെ കവാടത്തില്‍ വച്ചായിരുന്നു ആക്രമണം. അക്രമികള്‍ ട്രെയിനിനു നേരെ വെടിവയ്ക്കുകയും അഞ്ഞൂറിലേറെ വരുന്ന യാത്രക്കാരില്‍ മിക്കവരെയും ബന്ദികളാക്കുകയും ചെയതു.
ട്രെയിനിലുണ്ടായിരുന്ന പട്ടാളക്കാരുമായുളള ഏറ്റുമുട്ടലില്‍ അക്രമി സംഘത്തിലെ എല്ലാവരും കൊല്ലപ്പെട്ടു. യാത്രക്കാരില്‍ ചിലരും മരിക്കുകയും പലര്‍ക്കും പരുക്കേല്‍ക്കുകയും ചെയ്തു.
ബലൂചിസ്ഥാന്‍ പ്രവിശ്യയില്‍തന്നെ നോഷ്കി ജില്ലയിലെ ദേശീയ പാതയില്‍ അര്‍ദ്ധസൈനിക വിഭാഗത്തിന്‍റെ വാഹനവ്യൂഹത്തിനു നേരെയായിരുന്നു ഇക്കഴിഞ്ഞ ഞായറാഴ്ച (മാര്‍ച്ച് 16) നടന്ന ആക്രമണം. സ്ഫോടക വസ്തുക്കള്‍ നിറച്ച ട്രക്ക് അക്രമികള്‍ സൈനിക വാഹന വ്യൂഹത്തിലേക്ക് ഓടിച്ചുകയറ്റുകയായിരുന്നു.
പാക്കിസ്ഥാനിലെ നാലു പ്രവിശ്യകളില്‍ ഏറ്റവും വലുതും ഏറ്റവും അവികസിതവും സദാകലുഷിതവുമാണ് ബലൂചിസ്ഥാന്‍. പഞ്ചാബ്, സിന്ധ്, വടക്കു പടിഞ്ഞാറന്‍ അതിര്‍ത്തി പ്രവിശ്യ (ഇപ്പോഴത്തെ പേര് ഖൈബര്‍ പഖ്തൂന്‍ഖ്വ), ബലൂചിസ്ഥാന്‍, കിഴക്കന്‍ പാക്കിസ്ഥാന്‍ എന്നീ അഞ്ച് പ്രവിശ്യകളാണ് തുടക്കത്തില്‍ ഉണ്ടായിരുന്നത്.
പഞ്ചാബി മേധാവിത്തത്തിലുളള ഇസ്ലാമാബാദിലെ കേന്ദ്രഭരണകൂടത്തിന്‍റെ അവഗണനയിലും വിവേചനത്തിലുമുള്ള കിഴക്കന്‍ പാക്കിസ്ഥാന്‍കാരുടെ അസംതൃപ്തിയും രോഷവും ഒടുവില്‍ വിഘടനവാദത്തിലെത്തി. അവര്‍ വേറിട്ടുപോയി 1971ല്‍ ബംഗ്ളദേശ് എന്ന പേരില്‍ പുതിയ രാഷ്ട്രം സ്ഥാപിച്ചതോടെ പാക്ക് പ്രവിശ്യകളുടെ എണ്ണം നാലായി.
ഇനി ബലൂചിസ്ഥാന്‍ രണ്ടാം ബംഗ്ളദേശ് ആകുമെന്നും സ്ഥിതിഗതികള്‍ ആ വിധത്തിലാണെന്നും വിലയിരുത്തപ്പെട്ടുവരികയായിരുന്നു. വിഘടനവാദം ശക്തിപ്പെട്ടുവരുന്നു. ഭീകരപ്രവര്‍ത്തനങ്ങള്‍ക്കും കുറവില്ലാതായി. അതിന്‍റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ഇക്കഴിഞ്ഞ ആഴ്ചയിലെ രണ്ടു സംഭവങ്ങള്‍.
പാക്കിസ്ഥാന്‍റെ ഇതര ഭാഗങ്ങളിലെ ജനങ്ങളില്‍നിന്നു വ്യത്യസ്തമായ ഗോത്രപാരമ്പര്യമുളളവരാണ് ബലൂചികള്‍. ഇന്ത്യാ വിഭജനത്തിനുശേഷം നാലു നാട്ടുരാജ്യങ്ങള്‍ ഉള്‍പ്പെടുന്ന ബലൂചിസ്ഥാന്‍ പാക്കിസ്ഥാനില്‍ ലയിപ്പിക്കപ്പെട്ടതു മുതല്‍ക്കേ ബലൂചികള്‍ അസംതൃപ്തരും അസ്വസ്ഥരുമായിരുന്നു. അവരുടെ പ്രതിഷേധം 1948ല്‍തന്നെ കലാപരൂപം കൈക്കൊളളാന്‍ തുടങ്ങി.
ഇസ്ലാമാബാദിലെ പാക്ക് കേന്ദ്ര ഭരണകൂടം ബലൂചികളുടെ പ്രശ്നങ്ങള്‍ക്കു ന്യായമായ പരിഹാരം കാണാന്‍ ശ്രമിക്കുന്നതിനു പകരം അവരെ അടിച്ചമര്‍ത്തുന്നുവെന്നായിരുന്നു പരക്കേയുള്ള ആക്ഷേപം. പട്ടാളത്തലവന്‍ പര്‍വേസ് മുഷറഫിന്‍റെ ഭരണകാലത്ത് സ്ഥിതിഗതികള്‍ അതീവ ഗരുതരമായി.
അതിന് ഉദാഹരണമായിരുന്നു ബലൂചിസ്ഥാനിലെ ഏറ്റവും പഴക്കംചെന്ന രാഷ്ട്രീയ നേതാക്കളിലൊരാളും ബലൂച് സ്വാതന്ത്ര്യ പ്രസ്ഥാനത്തിന്‍റെ പ്രമുഖ വക്താവുമായിരുന്ന എണ്‍പതുകാരന്‍ നവാബ് അക്ബര്‍ ഖാന്‍ ബുഗ്തിയുടെ വധം. വിവിധ കാലഘട്ടങ്ങളില്‍ പാക്കിസ്ഥാന്‍റെ പ്രതിരോധമന്ത്രിയും ബലൂചിസ്ഥാന്‍ ഗവര്‍ണറും മുഖ്യമന്ത്രിയുമായിരുന്നു ബുഗ്തി. പര്‍വത നിരകളില്‍ ബുഗ്തിയും അനുയായികളും താവളമടിച്ചിരുന്ന ഗുഹകള്‍ക്കു നേരെ പാക്ക് വ്യോമസേന നടത്തിയ ബോംബാക്രമണത്തിലാണ് അദ്ദേഹം കൊല്ലപ്പെട്ടത്. അതോടെ ബലൂചികള്‍ക്കിടയില്‍ കേന്ദ്രവിരുദ്ധ വികാരം കൂടുതല്‍ ആളിക്കത്താന്‍ തുടങ്ങി.
വിസ്തീര്‍ണത്തില്‍ പാക്കിസ്ഥാന്‍റെ 44 ശതമാനം (347,190 ചതുരശ്ര കിലോമീറ്റര്‍) വരുമെങ്കിലും ബലുചിസ്ഥാനിലെ ജനസംഖ്യ രാജ്യത്തിലെ മൊത്തം ജനസംഖ്യയുടെ ഏഴു ശതമാനം മാത്രമാണ്-ഏതാണ്ട് ഒന്നരക്കോടി. അഫ്ഗാനിസ്ഥാനുമായും ഇറാനുമായും അതിര്‍ത്തി പങ്കിടുന്നു. 750 കിലോമീറ്റര്‍ നീളത്തില്‍ കടല്‍തീരവുമുണ്ട്.
ഭൂമിശാസ്ത്രപരമായ ഈ സവിശേഷതകള്‍ക്കു പുറമെ മറ്റു ചില പ്രത്യേകതകള്‍ കൂടി ബലൂചിസ്ഥാനുണ്ട്. പാക്ക് ആണവ പരീക്ഷണവേദിയായ ഛഗായ് കുന്നുകള്‍ സ്ഥിതി ചെയ്യുന്നത് ബലൂചിസ്ഥാനിലാണ്. ചൈനയുടെ തെക്കു പടിഞ്ഞാറു ഭാഗത്തെ സിന്‍ജിയാങ്വരെ നീളുന്ന ബ്രഹദ് പദ്ധതിയായ ചൈന-പാക്കിസ്ഥാന്‍ സാമ്പത്തിക ഇടനാഴി അവസാനിക്കുന്നതും ആ ഭാഗത്താണ്-ഒമാന്‍ കടല്‍തീരത്തെ ഗ്വാദര്‍ തുറമുഖത്ത്.
പ്രകൃതി വാതകം, കല്‍ക്കരി, ഇരുമ്പ്, ചെമ്പ്, സ്വര്‍ണം, മറ്റു മിനറലുകള്‍ എന്നിവയുടെ വന്‍നിക്ഷേപമുണ്ടെന്നതും ബലൂചിസ്ഥാന്‍റെ തന്ത്രപരമായ പ്രാധാന്യം വര്‍ധിപ്പിക്കുന്നു. ഇതു കാരണം പാക്ക് വരുമാനത്തിന്‍റെ വലിയൊരു ഭാഗവും ബലൂചിസ്ഥാനില്‍നിന്നു ലഭിക്കുന്നതാണ്.
അതേസമയം, അതിന് ആനുപാതികമായ പരിഗണന കേന്ദ്ര ഗവണ്‍മെന്‍റില്‍നിന്നു ലഭിക്കുന്നുമില്ല. അതു കാരണം ബലൂചിസ്ഥാന്‍ പാക്കിസ്ഥാനിലെ ഏറ്റവും അവികസിത പ്രദേശമായി തുടരുന്നു.
മുക്കാല്‍ നൂറ്റാണ്ടിനിടയില്‍ ബലൂചിസ്ഥാനില്‍നിന്നു പാക്ക് പ്രധാനമന്ത്രിയായത് ഒരേയൊരാളാണ് - സഫറുല്ലാ ഖാന്‍ ജമാലി. ജനറല്‍ പര്‍വേസ് മുഷറഫ് പ്രസിഡന്‍റായിരുന്ന കാലത്തുള്ള അദ്ദേഹത്തിന്‍റെ ഭരണം ഒന്നര വര്‍ഷത്തിലധികം നീണ്ടുനിന്നുമില്ല. രാഷ്ട്രീയ രംഗത്തും ബലൂചികള്‍ അവഗണിക്കപ്പെടുന്നതിന് ഉദാഹരണമായി ഇതു ചൂണ്ടിക്കാട്ടപ്പെടുന്നു.
ഗ്വാദര്‍ തുറമുഖവും അതോടനുബന്ധിച്ച് ചൈനയുടെ സഹായത്തോടെ നിര്‍മിച്ചുവരുന്ന രാജ്യാന്തര വിമാനത്താവളവും ബലൂചിസ്ഥാന്‍റെ സാമ്പത്തിക വികസനത്തിനു സഹായകമാകുമെന്നാണ് പാക്ക് ഗവണ്‍മെന്‍റിന്‍റെ അവകാശവാദം. 62 ശതകോടി ഡോളര്‍ ചെലവില്‍ നിര്‍മിച്ചുവരുന്ന ചൈന - പാക്കിസ്ഥാന്‍ സാമ്പത്തിക ഇടനാഴിയും ഇതിന് ഉദാഹരണമായി അവര്‍ ചൂണ്ടിക്കാട്ടുന്നു. ഇതെല്ലാംം ഗുണത്തേക്കാളേറെ ദോഷമാണ് തങ്ങള്‍ക്കു വരുത്തിവയ്ക്കുകയെന്ന ഭീതിയും ബലൂചികള്‍ക്കുണ്ട്.
സാമ്പത്തിക ഇടനാഴിയുമായി ബന്ധപ്പെട്ട ജോലിചെയ്യുന്നവരില്‍ അധികപേരും ചൈനക്കാരും പാക്കിസ്ഥാനിലെതന്നെ മറ്റു പ്രവിശ്യകളിൽ നിന്നുളളവരുമാണെന്നും ഇതുതന്നെ സ്വന്തം നാട്ടില്‍ തങ്ങളെ ഒതുക്കാനുളള പദ്ധതിയുടെ ഭാഗമാണെന്നും ബലൂചികള്‍ പരാതിപ്പെടുന്നു. വരാന്‍ പോകുന്ന മാറ്റങ്ങള്‍ മുന്‍കൂട്ടി കണ്ട് മറ്റു പ്രവിശ്യക്കാര്‍, പ്രത്യേകിച്ച് പഞ്ചാബികള്‍ ബലൂചിസ്ഥാനില്‍ ഭൂമി വാങ്ങിക്കൂട്ടുകയാണെന്ന ആരോപണവുമുണ്ട്.
നിര്‍മാണത്തിലുള്ള പദ്ധതികളുടെ സംരക്ഷണത്തിനായി ബലൂചിസ്ഥാനില്‍ സൈനിക കേന്ദ്രങ്ങള്‍ സ്ഥാപിച്ചിട്ടുള്ളത് ഇത്തരം കാര്യങ്ങളിലുള്ള ജനങ്ങളുടെ എതിര്‍പ്പ് അടിച്ചമര്‍ത്താന്‍ കൂടിയാണെന്നും ആരോപിക്കപ്പെടുന്നു. വിഘടന വാദികള്‍ ചൈനീസ് എന്‍ജിനീയര്‍മാരെയും തൊഴിലാളികളെയും തട്ടിക്കൊണ്ടുപോകുന്നത് അപൂര്‍വമല്ല.
ചൈന-പാക്കിസ്ഥാന്‍ സാമ്പത്തിക ഇടനാഴിയുടെ ഒരു പ്രധാന ഭാഗമാണ് റയില്‍വെ. വിഘടന വാദികളുടെ സംഘടനയായ ബലൂചിസ്ഥാന്‍ ലിബറേഷന്‍ ആര്‍മിയുടെ ആക്രമണത്തിന് അടുത്തകാലത്ത് ഇരയായവയില്‍ ട്രെയിനുകളും റയില്‍വെ സ്റ്റേഷനുകളും റയില്‍പ്പാളങ്ങളും ഉള്‍പ്പെടുന്നു.