ADVERTISEMENT

പേരിലെന്തിരിക്കുന്നു എന്ന ഷെയ്ക്സ്പിയര്‍ മഹാകവിയുടെ ചോദ്യത്തിന് ഉണ്ടെന്നും ഇല്ലെന്നും മറുപടി പറയുന്നവരുണ്ട്. അമേരിക്കയും മെക്സിക്കോയും തമ്മില്‍ ഇപ്പോള്‍ ഉയര്‍ന്നു വന്നിരിക്കുന്ന ഒരു തര്‍ക്കം പേരിനെച്ചൊല്ലിയാണ്. അവര്‍ തമ്മില്‍ തര്‍ക്കങ്ങള്‍ വേറെയുമുണ്ട്. 

വടക്കെ അമേരിക്കന്‍ ഭൂഖണ്ഡത്തില്‍ അമേരിക്കയും മെക്സിക്കോയും പങ്കിടുന്ന ഉള്‍ക്കടലിനെ ഇത്രയും കാലം എല്ലാവരും വിളിച്ചിരുന്നത് ഗള്‍ഫ് ഓഫ് മെക്സിക്കോ അഥവാ മെക്സിക്കോ ഉള്‍ക്കടല്‍ എന്നായിരുന്നു. പക്ഷേ, അമേരിക്കയ്ക്ക് അതിഷ്ടമല്ല. 

അമേരിക്ക ഇപ്പോള്‍ ആവശ്യപ്പെടുന്നത് ഗള്‍ഫ് ഓഫ് അമേരിക്കയെന്നു വിളിക്കണമെന്നാണ്. കാരണം മെക്സിക്കോയുടേതിനേക്കാള്‍ നീളത്തില്‍ ഉള്‍ക്കടല്‍ പങ്കിടുന്നത് അമേരിക്കയാണ്. പ്രസിഡന്‍റായി സ്ഥാനമേറ്റ ഉടന്‍തന്നെ  ഡോണള്‍ഡ് ട്രംപ് ഒട്ടേറെ എക്സിക്യൂട്ടീവ് ഉത്തരവുകള്‍ പുറപ്പെടുവിക്കുകയുണ്ടായി. കേന്ദ്ര ഗവണ്‍മെന്‍റുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ഗള്‍ഫ് ഓഫ് മെക്സിക്കോ എന്നു പരാമര്‍ശിക്കേണ്ടി വരുന്നിടത്തെല്ലാം ഗള്‍ഫ് ഓഫ് അമേരിക്ക എന്നു പറയണമെന്നാണ് ഉത്തരവ്.

അങ്ങനെ ചെയ്തില്ലെങ്കില്‍ ശിക്ഷ അനുഭവിക്കേണ്ടിവരും. പ്രമുഖ വാര്‍ത്താ ഏജന്‍സിയായ അസോഷിയേറ്റഡ് പ്രസ് അതിന്‍റെ ഒരു റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചത് പഴയതുപോലെ ഗള്‍ഫ് ഓഫ് മെക്സിക്കോയെന്നാണ്. അവരുടെ പ്രതിനിധികള്‍ക്ക് ഏതാനും ദിവസത്തേക്ക് വൈറ്റ് ഹൗസില്‍ പ്രവേശനം നിഷേധിക്കപ്പെട്ടു. 

മറുഭാഗത്ത് മെക്സിക്കോയും വെറുതെയിരുന്നില്ല. സെര്‍ച്ച് എന്‍ജിനായ ഗൂഗ്ള്‍ ഗള്‍ഫ് ഓഫ് മെക്സിക്കോ എന്നതിനു പകരം ഗള്‍ഫ് ഓഫ് അമേരിക്ക എന്നുപയോഗിക്കാന്‍ തുടങ്ങിയത് മെക്സിക്കോയെ ചൊടിപ്പിച്ചു. അവര്‍ ഗൂഗ്ളിനെതിരെ കേസ് കൊടുത്തു. 

മാത്രമല്ല, അമേരിക്കയ്ക്ക് ഒരു മുന്നറിയിപ്പ് നല്‍കുകയും ചെയ്തു. നാലു നൂറ്റാണ്ടുകള്‍ക്കു മുന്‍പ് പ്രചാരത്തിലുണ്ടായിരുന്ന ഒരു ഭൂപടത്തില്‍ വടക്കെ അമേരിക്കന്‍ ഭൂഖണ്ഡത്തിന്‍റെ ആ ഭാഗത്തെ മെക്സിക്കന്‍ അമേരിക്ക എന്നാണത്രേ അടയാളപ്പെടുത്തിയിരുന്നത്. തങ്ങള്‍ വീണ്ടും അങ്ങനെ വിളിക്കാന്‍ തുടങ്ങുമെന്ന് മെക്സിക്കോ പ്രസിഡന്‍റ് ക്ളോഡിയ ഷെയിന്‍േ ബാം പ്രഖ്യാപിച്ചു. അതെത്ര മനോഹരമായ പേരായിരിക്കുമെന്നു ട്രംപിനെ അനുകരിച്ചുകൊണ്ട് പരിഹസിക്കുകയും ചെയ്തു.

ഓരോ രാജ്യത്തിനും അതിനോട് ചേര്‍ന്നു കിടക്കുന്ന കടലിലുളള അധികാരം കരയില്‍നിന്നു 12 നോട്ടിക്കല്‍ മൈല്‍ അഥവാ 22 കിലോമീറ്റര്‍ ആണെന്നാണ് ഐക്യരാഷ്ട്ര സംഘടനയുടെ ആഭിമുഖ്യത്തില്‍ രൂപംകൊണ്ട കടല്‍ നിയമത്തില്‍ പറഞ്ഞിട്ടുളളത്. അതിനാല്‍ അതില്‍ക്കൂടുതല്‍ ദൂരംവരെ അധികാരം അവകാശപ്പെടുന്നത് നിയമവിരുദ്ധമാണെന്നും അമേരിക്കയെ മെക്സിക്കോ ഓര്‍മിപ്പിക്കുന്നു.  

മെക്സിക്കോയുമായുളള പേരുമാറ്റത്തര്‍ക്കത്തിനിടയില്‍തന്നെ മറ്റൊരു പേരുമാറ്റവും ട്രംപ് നടത്തിയിട്ടുണ്ട്. മറ്റേതെങ്കിലും രാജ്യത്തെ ബാധിക്കുന്നതല്ല എന്നുമാത്രം. അതിനാല്‍ തര്‍ക്കത്തിനു കാരണമാകുന്നുമില്ല. വടക്കെ അമേരിക്കന്‍ ഭൂഖണ്ഡത്തിലെ ഏറ്റവും ഉയരമുളളതും  (6190 മീറ്റര്‍) അമേരിക്കയുടെ അലാസ്ക്ക പ്രവിശ്യയില്‍ സ്ഥിതി ചെയ്യുന്നതുമായ ഡെനാലി പര്‍വതത്തിന്‍റെ പേര് മക്കിന്‍ലി പര്‍വതം എന്നാക്കി. 

ട്രംപിനെപ്പോലെ റിപ്പബ്ളിക്കന്‍ പാര്‍ട്ടിക്കാരനായിരുന്ന പ്രസിഡന്‍റ് വില്യം മക്കിന്‍ലിയുടെ ഭരണകാലത്താണ് (1897-1901) ഹവായ്, ഗ്വാം, പോര്‍ട്ടൊറിക്കോ എന്നീ പ്രദേശങ്ങള്‍ അമേരിക്കയുടെ നിയന്ത്രണത്തിലായത്. ഹവായ് പിന്നീട് അമേരിക്കയിലെ ഒരു സംസ്ഥാനമായി. മക്കിന്‍ലി വധിക്കപ്പെടുകയായിരുന്നു. അതെല്ലാം ഓര്‍മിക്കാന്‍ അവസരം നല്‍കുകയാണ് ട്രംപ്. 

രാജ്യത്തിനകത്തു പല കാരണങ്ങളാല്‍ സ്ഥലനാമങ്ങള്‍ മാറ്റപ്പെടുന്നത് അപൂര്‍വമോ അസാധാരണമോ അല്ല. സിലോണ്‍ ശ്രീലങ്കയും ബര്‍മ മ്യാന്‍മറും ആയ സംഭവങ്ങളുണ്ട്.  ആരെങ്കിലും എതിര്‍ത്തതായി അറിവില്ല. എന്നാല്‍ തെക്കു കിഴക്കന്‍ യൂറോപ്പിലെ രണ്ടു രാജ്യങ്ങള്‍ തമ്മിലുള തര്‍ക്കം ഒരേ പേരുതന്നെ രണ്ടു രാജ്യങ്ങള്‍ ഉപയോഗിക്കന്നതിനെക്കുറിച്ചാണ്.  മസിഡോണിയ എന്ന പേര് മസിഡോണിയ എന്ന രാജ്യം ഉപയോഗിക്കുന്നത് അയല്‍രാജ്യമായ ഗ്രീസിന് ഇഷ്ടമല്ല. 

ഗ്രീസില്‍തന്നെ മസിഡോണിയ എന്ന പേരില്‍ ഒരു  പ്രവിശ്യയുളളതാണ് പ്രശ്ന കാരണം. വടക്കു ഭാഗത്തുള്ള മസിഡോണിയ എന്ന രാജ്യവുമായി ചേര്‍ന്നുകിടക്കുകയാണിത്.  കാലക്രമത്തില്‍ ഗ്രീസിലെ ഈ പ്രദേശത്തിന്മേല്‍ മസിഡോണിയ അവകാശവാദം പുറപ്പെടുവിക്കുമോയെന്നു ഗ്രീസ് ഭയപ്പെടുന്നു. 

ക്രിസ്തുവിനു മുന്‍പുള്ള മൂന്നാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന അലക്സാന്‍ഡര്‍ ചക്രവര്‍ത്തിയുടെ പേരു പലപ്പോഴും ഈ തര്‍ക്കത്തില്‍ പരാമര്‍ശിക്കപ്പെടാറുണ്ട്. 33-ാം വയസ്സില്‍ മരിക്കുന്നതിനു മുന്‍പ് ലോകത്തിന്‍റെ പല ഭാഗങ്ങളും വെട്ടിപ്പിടിച്ച ആ യോദ്ധാവിന്‍റെ അനന്തരാവകാശികളാണ് തങ്ങളെന്നു മസിഡോണിയന്മാര്‍ അവകാശപ്പെടുന്നു. 

തങ്ങളുടെ തലസ്ഥാനത്തെ (സ്കോപ്യെ) രാജ്യാന്തര വിമാനത്താവളത്തിനും ഗ്രീസിലേക്കുള്ള മുഖ്യ ഹൈവേക്കും സ്പോര്‍്ട്സ് സ്റ്റേഡിയങ്ങള്‍ക്കും അലക്സാന്‍ഡറുടെ പേരു നല്‍കാനും അവര്‍ മടിച്ചില്ല. അലക്സാന്‍ഡറുടെയും അദ്ദേഹത്തിന്‍റെ പിതാവിന്‍റെയും പ്രതിമകള്‍ നാടൊട്ടുക്കും സ്ഥാപിക്കുകയും ചെയ്തു. 

ഈ തര്‍ക്കം വാസ്തവത്തില്‍ നേരത്തെതന്നെയുണ്ടായിരുന്നതാണ്. 1991നു മുന്‍പ് മസിഡോണിയ യുഗൊസ്ളാവിയയുടെ ഭാഗമായിരുന്നപ്പോള്‍ ആ പേരിനെച്ചൊല്ലി കാര്യമായ തര്‍ക്കമുണ്ടായിരുന്നില്ല. മസിഡോണിയയ്ക്കു പുറമെ സെര്‍ബിയ, ക്രൊയേഷ്യ, സ്ളൊവേനിയ, ബോസ്നിയ-ഹെര്‍സഗോവിന, മോണ്‍ടിനെഗ്രോ എന്നീ പ്രദേശങ്ങളും  ഉള്‍പ്പെടുന്ന ഒരു ഫെഡറല്‍ റിപ്പബ്ളിക്കായിരുന്നു യുഗൊസ്ളാവിയ. സെര്‍ബിയയുടെ മേധാവിത്തത്തില്‍ പ്രതിഷേധിച്ച് മറ്റു പ്രദേശങ്ങള്‍ ഒന്നൊന്നായി വേറിട്ടുപോയതോടെ യുഗൊസ്ളാവിയ ഇല്ലാതായി.  

സ്വാതന്ത്ര്യം പ്രഖ്യാപിച്ച മസിഡോണിയ  റിപ്പബ്ളിക്ക് ഓഫ് മസിഡോണിയ എന്ന പേരു സ്വീകരിച്ചു. അപ്പോള്‍തന്നെ ഗ്രീസ് ആ പേരിനെ എതിര്‍ക്കാന്‍ തുടങ്ങുകയും ചെയ്തു. മസിഡോണിയയ്ക്ക്  ഉടന്‍ യുഎന്‍ അംഗത്വം കിട്ടാന്‍ പോലും അതു തടസ്സമായി. 

രണ്ടു വര്‍ഷത്തിനു ശേഷം ഗ്രീസിന്‍റെ എതിര്‍പ്പ് മറികടക്കാന്‍ ഫോര്‍മര്‍ യുഗൊസ്ളാവ് റിപ്പബ്ളിക്ക് ഓഫ് മസിഡോണിയ അഥവാ മസിഡോണിയ എന്ന മുന്‍ യുഗൊസ്ളാവ് റിപ്പബ്ളിക്ക് (ഇംഗ്ളിഷ് ആദ്യാക്ഷരള്‍ ചേര്‍ത്തുള്ള ചുരുക്കപ്പേര് ഫൈറോം) എന്ന താല്‍ക്കാലിക നാമം സ്വീകരിക്കേണ്ടി വന്നു. ഒടുവില്‍ യുഎന്‍ ഇടപെടുകയും വര്‍ഷങ്ങള്‍ നീണ്ടുനിന്ന ചര്‍ച്ചകള്‍ക്കു ശേഷം 2018ല്‍ റിപ്പബ്ളിക്ക് ഓഫ് നോര്‍ത്ത് മസിഡോണിയ എന്ന പേരില്‍ ഒത്തുതീര്‍പ്പിലെത്തുകയും ചെയ്തു. 

ഇരു രാജ്യങ്ങളിലും ജനങ്ങള്‍ പൊതുവില്‍ ഈ പേരില്‍ സംതൃപ്തരായിരുന്നില്ല. എങ്കിലും യൂറോപ്യന്‍ യൂണിയനില്‍ റിപ്പബ്ളിക്ക് ഓഫ് നോര്‍ത്ത് മസിഡോണിയയ്ക്ക് അംഗത്വം നല്‍കുന്നതിനോടുളള ഗ്രീസിന്‍റെ എതിര്‍പ്പ് കുറയാന്‍  അതു കാരണമായി. അതേസമയം വടക്കന്‍ മസിഡോണിയയിലെ പുതിയ ഭരണകൂടം  വീണ്ടും പഴയ പേര് ഉപയോഗിക്കാന്‍ തുടങ്ങിയതോടെ അന്തരീക്ഷം വീണ്ടും കലുഷമാകാന്‍ തുടങ്ങുകയും ചെയ്തു.

English Summary:

Videsharangam column

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com