സ്വർണ വിലയിലെ അതിജീവന വിദ്യകൾ

Mail This Article
വിവാഹത്തിനു വധുവിനെ അണിയിക്കാൻ മുക്കുപണ്ടം വാങ്ങിപ്പോയവർ 10 ദിവസം കഴിഞ്ഞ് കടയിലേക്ക് വിളിച്ച് താങ്ക് യൂ പറഞ്ഞു. എന്തിനാ താങ്ക് യൂ? ആഭരണം മുഴുവൻ മോഷണം പോയത്രെ. റോൾഡ് ഗോൾഡ് ആയതിനാൽ നഷ്ടമൊന്നുമില്ല, കള്ളനെ പറ്റിച്ചേ എന്ന കള്ളച്ചിരിയാണ്. കടയുടമ ചോദിച്ചു–അപ്പോൾ ചെറുക്കൻ വീട്ടുകാര് ഇതറിയില്ലേ...? ഇതെല്ലാം അവരും ചേർന്നുള്ള അഡ്ജസ്റ്റ്മെന്റ് അല്ലേ...!!
സ്വർണത്തിനു വച്ചടി വില കേറി പവന് 65000 ആയപ്പോൾ നാട്ടിലുണ്ടായ പുത്തൻ പ്രവണതകളാണിതൊക്കെ. പവൻ ഡസൻ കണക്കിനു വാങ്ങാൻ പാങ്ങില്ലെന്ന് ഇരുകൂട്ടർക്കും അറിയാം. എന്നാൽ കല്യാണത്തിന്റെ പകിട്ട് അത്ര കുറയ്ക്കുകയും വേണ്ട. അതിനാൽ മുക്ക് പണ്ടം വാങ്ങി ലാവിഷായി അണിയുന്നു. പിന്നല്ലാണ്ട്?
താങ്ങാനാവാത്ത സ്വർണവിലയിൽ ‘അതിജീവനം’ പ്രശ്നമായപ്പോൾ ആഭരണം വാടകയ്ക്ക് കൊടുക്കുന്ന ബിസിനസും നാട്ടിൽ വന്നു. ‘മടിയിൽ ജ്വല്ലറി’ക്കാരുടെ സ്വർണം വിൽക്കലും തിരിച്ചുകൊടുക്കലും പുക്കാറുമൊന്നും വേണ്ട. പകരം വാടകയ്ക്ക് എടുക്കാം.
അതിന്റെ ലൈൻ പലവിധത്തിലുണ്ട്. ഒരു മോഡൽ ഇങ്ങനെ–എത്ര സ്വർണം എടുക്കാൻ ഉദ്ദേശിക്കുന്നോ അതേ തൂക്കത്തിലുള്ള സ്വർണം അവിടെ ഡിപ്പോസിറ്റ് ചെയ്യണം. ബന്ധുക്കളുടെയോ മറ്റോ. അനന്തരം പുതിയ സ്വർണാഭരണങ്ങൾ കൊടുക്കുന്നു. വിവാഹത്തിന് ഇതെല്ലാം ധരിച്ച് പളപളാന്ന് നിൽക്കാം. വിവാഹം കഴിഞ്ഞ് ആഭരണം തിരികെ കൊടുക്കുമ്പോൾ യഥാർഥ വിലയുടെ 20 ശതമാനത്തിലേറെ വാടക ഈടാക്കും. നേരത്തേ ഡിപ്പോസിറ്റ് വച്ച സ്വർണവും മടക്കി കൊടുക്കും. എങ്ങനെയുണ്ട് ഐഡിയ?
അപ്പോൾ ഇവർക്ക് സ്വർണാഭരണ വിൽപന വേണ്ടേ? അവിടെയാണ് ഗുട്ടൻസ്. ആഭരണം വിറ്റാൽ കിട്ടുന്ന മാർജിൻ തന്നെയാണ് വാടകയായി ഈടാക്കുന്നതും. അതേ സ്വർണം പിന്നീട് വിൽക്കുമ്പോൾ പിന്നെയും ലാഭം. പല തവണ വാടകയ്ക്കു കൊടുക്കുമ്പോൾ മുഴുവൻ വിലയും കിട്ടുന്നു. സ്വർണവിലയിങ്ങനെ കേറിയാൽ ഇതൊക്കെയല്ലേയുള്ളു മാർഗം? തലയ്ക്കു മീതേ വെള്ളം വന്നാൽ അതുക്കു മീതേ വള്ളം തുഴയുകയല്ലേ നിവൃത്തിയുള്ളു!
മുക്കു പണ്ടങ്ങളിൽ ഗോൾഡ് പ്ലേറ്റിങ്ങും ഗോൾഡ് ഫോമിങ്ങുമുണ്ട്. ഗോൾഡ് ഫോമിങ്ങിൽ ശകലം സ്വർണമുള്ളതിനാൽ ഫിനിഷിങ്ങും വിലയും കൂടും. കല്യാണം കഴിഞ്ഞ് തിരികെ കൊടുത്താൽ എടുത്തിട്ട് ശകലം തുക കുറച്ച് ബാക്കി കാശ് കൊടുക്കുകയും ചെയ്യും. കവറിങ് ഗോൾഡ് കച്ചവടത്തിനു ബൂം കാലമാണ്!
ഒടുവിലാൻ∙ മുക്കുപണ്ടം വിൽപന സാമൂഹിക സേവനമാണെന്ന് കടക്കാർ പറയുമ്പോൾ ചിരിക്കേണ്ട. എത്രയോ വിവാഹങ്ങളിലെ സ്വർണാഭരണ പ്രശ്നം അവർ പരിഹരിക്കുന്നുണ്ട്!