ADVERTISEMENT

തണുപ്പുകാലമാകുമ്പോള്‍ വഴിയോരങ്ങളിലെങ്ങും കുറഞ്ഞ വിലയ്ക്ക് കെട്ടുകണക്കിന് കാരറ്റ് എത്താറുണ്ട്. ദിവസവും കാരറ്റ് കഴിക്കുന്നത് ആരോഗ്യത്തിന് ഏറെ ഗുണകരമാണ്. കാരറ്റിലെ കരോട്ടിനോയിഡുകൾ ഫ്രീ റാഡിക്കലുകളെ നിർവീര്യമാക്കുന്ന ശക്തമായ ആന്റിഓക്‌സിഡന്റുകളാണ്. കാരറ്റിലെ വൈറ്റമിൻ എ, കാൻസറിലേക്ക് നയിച്ചേക്കാവുന്ന ഓക്സിഡേറ്റീവ് നാശത്തിൽനിന്ന് ഡിഎൻഎയെ സംരക്ഷിക്കുന്നു. കരോട്ടിനോയിഡുകളായ ല്യൂട്ടിൻ, സിയാക്സാന്തിൻ എന്നിവയുൾപ്പെടെ വൈറ്റമിൻ എയുടെ മികച്ച ഉറവിടമായതിനാല്‍, പ്രായമാകുമ്പോൾ കാഴ്ച നഷ്ടപ്പെടുന്നതുമായി ബന്ധപ്പെട്ട മാക്യുലർ ഡീജനറേഷൻ തടയാൻ ഇത് സഹായിക്കും. കൂടാതെ, കാരറ്റിൽ ധാരാളം നാരുകൾ അടങ്ങിയിരിക്കുന്നതിനാൽ ദഹനവും മെച്ചപ്പെടുത്തും.

ഇത്രയേറെ ഗുണങ്ങള്‍ ഉണ്ടെങ്കിലും എന്നും കാരറ്റ് കഴിക്കുന്നത് എങ്ങനെയാണ് എന്നല്ലേ? റസ്‌റ്ററന്‍റുകളില്‍ സൈഡ് ഡിഷായി വിളമ്പുന്ന കാരറ്റ് ഫ്രൈ ഉണ്ടാക്കി നോക്കൂ, ഇനി കാരറ്റ് കണ്ടാല്‍ കൊതി വരും! ഇത് വളരെ എളുപ്പം വീട്ടില്‍ തന്നെ ഉണ്ടാക്കിയെടുക്കാം.

ചേരുവകൾ

കാരറ്റ് - 500 ഗ്രാം
ബട്ടര്‍ - 50 ഗ്രാം
തൈം - 3-4 തണ്ട്
ചിക്കൻ മസാല പൊടി 1 ടീസ്പൂൺ 
തേൻ 10 ഗ്രാം അല്ലെങ്കിൽ ബ്രൗൺഷുഗർ 25 ഗ്രാം

ഉണ്ടാക്കുന്ന വിധം

ആദ്യം കാരറ്റ് ചെറുതായി ചെരിച്ചോ അല്ലെങ്കില്‍ വട്ടത്തിലോ അരിയുക. ഒരു പാന്‍ അടുപ്പത്ത് വച്ച്, ഇതിലേക്ക് കാരറ്റ് ഇടുക. ഇതിനു മുകളിലേക്ക് വെള്ളമോ ചിക്കന്‍ വേവിച്ച ശേഷം ബാക്കി വരുന്ന വെള്ളമോ ഒഴിക്കുക. മുകളില്‍ ബട്ടര്‍ വയ്ക്കുക. ചിക്കന്‍ മസാല പൊടി ചേര്‍ക്കുക. വെള്ളം വറ്റുന്നത് വരെ വേവിക്കുക. ഇതിലേക്ക് വീണ്ടും വെള്ളം ഒഴിക്കുക. തേൻ അല്ലെങ്കിൽ ബ്രൗൺഷുഗർ, തൈം എന്നിവ കൂടി ചേര്‍ത്ത് മൂടി വയ്ക്കുക. വെന്ത ശേഷം, കാരറ്റിന് മുകളിലേക്ക് ഒരു കഷ്ണം ബട്ടര്‍ കൂടി ചേര്‍ക്കുക. ഇത് കാരറ്റിന് നല്ല തിളക്കവും രുചിയും നല്‍കും. ചിക്കന്‍ റോസ്റ്റ്, മീന്‍ റോസ്റ്റ് തുടങ്ങിയ വിഭവങ്ങള്‍ക്കൊപ്പം സൈഡ് ഡിഷായി ഈ രുചികരമായ കാരറ്റ് ഫ്രൈ വിളമ്പാവുന്നതാണ്.

English Summary:

Easy Carrot Fry Recipe

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com