കൊഴുപ്പ് കുറച്ച് ചിക്കൻ കറി വയ്ക്കണോ? ഇതൊന്നു പരീക്ഷിക്കൂ
Mail This Article
ഭക്ഷണത്തിൽ കൊഴുപ്പു കുറച്ചാൽ പിന്നെ ആരോഗ്യ കാര്യത്തിൽ ടെൻഷന്‍ വേണ്ട. കൊഴുപ്പു കുറഞ്ഞ ഭക്ഷണ സാധനങ്ങളാണു നമ്മുടെ സാധാരണ ഭക്ഷണക്രമത്തിൽ കൂടുതലായുള്ളത്. ഉഴുന്നും അരിയും പയറുവർഗങ്ങളും പച്ചക്കറികളും കൊണ്ടുള്ള പ്രഭാത ഭക്ഷണം തന്നെ ഉദാഹരണം. പഴങ്ങൾ, പച്ചക്കറികൾ, മീൻ തുടങ്ങിയവയിൽ കൊഴുപ്പിന്റെ അംശം വളരെ കുറവാണ്.
കൊഴുപ്പ് കുറഞ്ഞ ഭക്ഷണങ്ങൾ കഴിക്കുന്നതാണ് നല്ലത്. ഇഞ്ചിയും പച്ചമുളകും കറിവേപ്പിലയുമിട്ടു തയാറാക്കിയ മോര് സ്‌ഥിരമായി ഉപയോഗിക്കാം. കൊഴുപ്പു കുറയ്‌ക്കാൻ ചിക്കൻ ഗ്രിൽ ചെയ്‌തോ കറിവച്ചോ ഉപയോഗിക്കാവുന്നതാണ്. പച്ചക്കറികൾ ആവിയിൽ വേവിച്ചും ചെറുതായി വഴറ്റിയെടുത്തും ഉപയോഗിക്കാം. ചോറ്, ബ്രെഡ് തുടങ്ങിയവയിലും കൊഴുപ്പ് തീരെയില്ല. മൽസ്യവും മാംസവുമൊക്കെ കഴിക്കുമ്പോൾ സലാഡ് ഒപ്പം ഉപയോഗിക്കുന്നതും കൊഴുപ്പു കുറയ്‌ക്കാൻ സഹായിക്കും. കൊഴുപ്പു കുറച്ച് ചിക്കൻ വയ്‌ക്കുന്നത് എങ്ങനെയെന്ന് നോക്കിയാലോ?
നാടൻ ചിക്കൻ കറി
തൊലി കളഞ്ഞ ഒരു കിലോ കോഴിയിറച്ചി കഴുകി വൃത്തിയാക്കി മുളകുപൊടി, മല്ലിപ്പൊടി, മഞ്ഞൾപ്പൊടി എന്നിവ ചേർത്ത് തിരുമ്മി വയ്‌ക്കുക. രണ്ട് സവാള അരിഞ്ഞതും ആവശ്യത്തിനുള്ള വെളുത്തുള്ളി ചതച്ചത്, ഇഞ്ചി ചതച്ചത്, നാല് പച്ചമുളക് എന്നിവ രണ്ടു സ്‌പൂൺ എണ്ണയിൽ കടുകു പൊട്ടിച്ചു വഴറ്റിയെടുക്കുക.
വഴന്നു വരുമ്പോൾ ഇതിൽ കോഴിയിറച്ചി ചേർത്തിളക്കി ചെറുതീയിൽ വേവിക്കുക. കുറുകിയ ചാറ് ആവശ്യമെങ്കിൽ ഒരു ഗ്ലാസ് തേങ്ങാപ്പാൽ ചേർക്കാം. മസാലപ്പൊടിയും മല്ലിയിലയും കറിവേപ്പിലയും ചേർത്തു വാങ്ങാം. സൂപ്പർ ചിക്കന്‍ കറി റെഡി.