‘എന്റെ കോളജ് ഇന്റർവ്യൂ ദിവസമാണ് പാടത്ത് അച്ഛനെ മരിച്ച നിലയിൽ കണ്ടത്..’: ഇവിടെ നടക്കുന്നത് വേദനയുടെ വിളവെടുപ്പ്

Mail This Article
പപ്പായയും വാഴയും കൃഷിചെയ്യുന്ന തോട്ടത്തിൽ വേണം എന്നെ സംസ്കരിക്കാൻ. അടുത്തുള്ള ജലാശയത്തിൽ നിമജ്ജനം നടത്തണം. കൃഷികൊണ്ട് ജീവിതം മുന്നോട്ടുകൊണ്ടുപോകാൻ കഴിയുന്നില്ല. മക്കളെ പഠിപ്പിക്കാൻ പറ്റുന്നില്ല. കൃഷിക്കു വെള്ളം എത്തിക്കണമെന്ന് ഏറെക്കാലമായി പറഞ്ഞിട്ടും ആരും കേട്ട മട്ടില്ല. മടുത്തു... ജീവിതം അവസാനിപ്പിക്കുന്നു. എന്റെ മക്കളുടെ സംരക്ഷണം മുഖ്യമന്ത്രി ഏറ്റെടുക്കണം... ജീവിതത്തിൽ ഞാൻ ഒന്നുമാകാതെപോയി.’’ - മികച്ച യുവകർഷകനുള്ള പുരസ്കാരം നൽകി മഹാരാഷ്ട്ര സർക്കാർ ആദരിച്ച കൈലാഷ് അർജുൻ നാഗ്രെയുടെ (43) ആത്മഹത്യക്കുറിപ്പാണിത്. വിദർഭ മേഖലയിൽ, ബുൽഡാന ജില്ലയിലെ ശിവ്‌നി അർമാൽ ഗ്രാമത്തിലെ കൃഷിയിടത്തിൽ ഇൗ മാസം 12ന് ആണ് കൈലാഷിന്റെ മൃതദേഹം കണ്ടെത്തിയത്. വരൾച്ചയും വിളനാശവും വിലയിടിവും മൂലം പ്രതിസന്ധിയിലായ വിദർഭ മേഖലയിൽ ഭാവി ചോദ്യചിഹ്നമായ ആയിരക്കണക്കിനു കർഷകരുടെ പ്രതീക്ഷയും ബലവുമായിരുന്നു കൈലാഷ്. ഖടക്‌പുർണ ജലസംഭരണിയിൽനിന്നു ബുൽഡാനയിലെ 14 ഗ്രാമങ്ങളിൽ വെള്ളമെത്തിക്കണമെന്ന് ആവശ്യപ്പെട്ട് വർഷങ്ങളോളം പോരാടി; ഡിസംബറിൽ 10 ദിവസം നിരാഹാരസമരം നടത്തുകവരെ ചെയ്തു. ആരും തിരിഞ്ഞുനോക്കിയില്ല. വെള്ളം കിട്ടാതെ കൃഷി നഷ്ടത്തിലായി, കടം പെരുകി. കൈലാഷ് തോറ്റു പിന്മാറി; ജീവിതത്തിൽനിന്നു തന്നെ. ഈ ഗ്രാമങ്ങളിലെ മുപ്പതിനായിരത്തോളം വരുന്ന ജനങ്ങൾക്കു