പാലക്കാട് നഗരസഭയിൽ ഈ ലീഡ് നേടിയാൽ ബിജെപിക്ക് ജയം; ഒരു പഞ്ചായത്ത് അകലെ രാഹുലിന്റെ ഭാവി; വോട്ടിൽ വിള്ളലിന് ഇടത് ശ്രമവും
Mail This Article
പകുതിയിലേറെ വോട്ട് നഗരസഭയിൽ കിടക്കുന്നതിനാൽ പട്ടണത്തിൽ നേടുന്ന ലീഡ് മുന്നണികൾക്കു നിർണായകമാകുന്ന മണ്ഡലം; പാലക്കാട്ട് മത്സരം ബിജെപിയും കോൺഗ്രസും തമ്മിലാണ്. 2021 നിയമസഭാ തിരഞ്ഞെടുപ്പിൽ നഗരസഭയിൽനിന്നു മാത്രം 34,143 വോട്ടു നേടാൻ ബിജെപിക്ക് കഴിഞ്ഞു. രണ്ടാം സ്ഥാനത്ത് എത്തിയ കോൺഗ്രസിന് ലഭിച്ചതാകട്ടെ 27,905 വോട്ടും. ബിജെപിക്ക് 6238 വോട്ടിന്റെ ലീഡ്. മൂന്നാം സ്ഥാനത്ത് എത്തിയ സിപിഎമ്മിനു കിട്ടിയത് 16,455 വോട്ടു മാത്രം. എന്നാൽ 2024 ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ സ്ഥിതിക്ക് ചെറിയ മാറ്റമുണ്ടായി. നഗരസഭയിൽ ബിജെപി ലീഡ് 497 വോട്ടിൽ ഒതുക്കാൻ കോൺഗ്രസിനു കഴിഞ്ഞു. ബിജെപി സ്ഥാനാർഥിയുടെ വോട്ടിൽ 4788 വോട്ടിന്റെ കുറവുണ്ടായി. പാർട്ടി നേടിയത് 29,355 വോട്ട്. കോൺഗ്രസ് പെട്ടിയിൽ 28,858 വോട്ടു വീണു. 953 വോട്ടിന്റെ വർധന. സിപിഎം വോട്ടിൽ വലിയ ഏറ്റകുറച്ചിലുണ്ടായില്ല. ഇടതു സ്ഥാനാർഥിക്ക് 16,356 വോട്ട് ലഭിച്ചു. നഗരസഭയിൽ ബിജെപിയും യുഡിഎഫും മുന്നിലെത്തുന്നതിനാൽ, മണ്ഡലത്തിൽ ഒന്നും രണ്ടും സ്ഥാനത്തിനായുള്ള മത്സരം കോൺഗ്രസും ബിജെപിയും തമ്മിലാണ്. ഇവിടെ പതിനായിരത്തിലേറെ വോട്ടിനു പിന്നിലായതിനാൽ പഞ്ചായത്തുകളിൽ മുന്നിലെത്തിയാലും ഇടതുമുന്നണിക്കു വിജയപ്രതീക്ഷ ഏറെ അകലെയാണ്. നഗരസഭയിൽ ഏഴായിരത്തിലധികം വോട്ടിന്റെ ലീഡ് നേടിയാൽ മാത്രമെ ബിജെപിക്ക് വിജയപ്രതീക്ഷ നിലനിർത്താൻ കഴിയൂ.