ഒരു വർഷ നിക്ഷേപത്തിന് സഹകരണ ബാങ്കുകൾ നൽകും 8.75 ശതമാനം പലിശ!
Mail This Article
സംസ്ഥാനത്തെ സഹകരണ ബാങ്കുകളിൽ ഒരു വർഷത്തേക്ക് നിക്ഷേപിച്ചാൽ ഇപ്പോൾ ഉയർന്ന പലിശ ലഭിക്കും. മുതിർന്ന പൗരന്മാരുടെ ഒരു വർഷ സ്ഥിര നിക്ഷേപങ്ങൾക്ക് സഹകരണ ബാങ്കുകൾ 8.75 പലിശ വാഗ്ദാനം ചെയ്യുന്നു. പൊതുമേഖലാ ബാങ്കുകൾ, പോസ്റ്റാഫീസ്, ട്രഷറി നിക്ഷേപങ്ങളെ അപേക്ഷിച്ച് ഇപ്പോൾ ലഭിക്കുന്ന മെച്ചപ്പെട്ട പലിശനിരക്കാണിത്. സംസ്ഥാന ട്രഷറികളിലെ സ്ഥിര നിക്ഷേപങ്ങൾക്ക് നിലവിൽ നൽകുന്ന പരമാവധി പലിശ നിരക്ക് 7.5% മാത്രം.
വർദ്ധനവ് നിക്ഷേപ സമാഹരണത്തിന്റെ ഭാഗമായി
സഹകരണ ബാങ്കുകളിലെ നിക്ഷേപ സമാഹരണ യജ്ഞത്തോടനുബന്ധിച്ചാണ് പലിശ നിരക്കുകൾ ഉയർത്തിയത്. 1 വർഷം മുതൽ 2 വർഷം വരെയുള്ള സാധാരണ നിക്ഷേപങ്ങൾക്ക് 8.25 % പലിശ നിരക്ക് ലഭിക്കും. 2 വർഷത്തിനു മുകളിലുള്ള നിക്ഷേപങ്ങളുടെ പലിശ നിരക്ക് 8% മാണ്. മുതിർന്ന പൗരന്മാർക്ക് അര ശതമാനം കൂടുതൽ പലിശ ലഭിക്കും.
ഹ്രസ്വകാല നിക്ഷേപമോ മെച്ചം?
ചുരുങ്ങിയ കാലാവധിക്ക് ഉയർന്ന പലിശ നൽകുന്ന നിക്ഷേപങ്ങൾ ഗുണം ചെയ്തേക്കും. കാരണം പലിശ നിരക്കുകൾ ചെറിയ തോതിൽ ഉയരാൻ ഇനിയും സാധ്യതയുണ്ട്. മാത്രമല്ല അടുത്ത വർഷം ഇതേ കാലത്ത് വീണ്ടും സഹകരണ നിക്ഷേപ സമാഹരണ യജ്‌ഞം ഉണ്ടാകും. അപ്പോൾ നിക്ഷേപം പുതുക്കി നൽകി അതിലൂടെ ലഭിക്കുന്ന ഉയർന്ന നേട്ടം സ്വന്തമാക്കുകയും ചെയ്യാം.
കാലാവധി എത്തും മുമ്പേ
സഹകരണ ബാങ്കുകളിൽ നിലവിലുള്ള സ്ഥിര നിക്ഷേപങ്ങൾ കാലാവധി തീരുന്നതിനു മുമ്പ് അവസാനിപ്പിച്ച് പുതിയ പലിശ നിരക്കിൽ പുതുക്കിയിടാം. പക്ഷേ പ്രീ മെച്വർ ക്ലോഷറിന് പിഴ നൽകേണ്ടി വരും. പൂർത്തിയായ കാലയളവിന് നിക്ഷേപ സമയത്ത് വാഗ്ദാനം ചെയ്തിരുന്ന പലിശനിരക്കിൽ നിന്ന് ഒരു ശതമാനം കുറഞ്ഞ നിരക്കിലേ ഇത്തരം സാഹചര്യങ്ങളിൽപലിശ കണക്കാക്കൂ. ഇതു ലാഭകരമാണോ എന്ന് കണക്കാക്കി നോക്കി മാത്രമായിരിക്കണം പ്രീ മെച്വർ ക്ലോഷർ ചെയ്യേണ്ടത്.
English Summary : Kerala Co Operative Banks will Give more Interest for One Year Deposit