ADVERTISEMENT

വിവിധ ആഗോള സൂചനകള്‍ മൂലം സെപ്‌റ്റംബറില്‍ സ്വര്‍ണത്തിന്റെ രാജ്യാന്തര വില അഞ്ച്‌ ശതമാനത്തോളമാണ്‌ ഇടിഞ്ഞത്‌. കഴിഞ്ഞ ഫെബ്രുവരിക്കു ശേഷം ഒരു മാസമുണ്ടാകുന്ന ഏറ്റവും വലിയ ഇടിവാണ്‌ ഇത്‌. വിലയിലെ ഇടിവ്‌ സ്വാഭാവികമായും നിക്ഷേപകരെ മഞ്ഞലോഹത്തിലേക്ക്‌ ആകൃഷ്‌ടരാക്കുന്നുണ്ട്‌.

സ്വര്‍ണത്തോടുള്ള പ്രിയം മലയാളികളുടെ നിക്ഷേപതാല്‍പ്പര്യങ്ങളിലും പ്രതിഫലിക്കുന്നുണ്ട്‌. സ്വര്‍ണം ആഭരണങ്ങളായി വാങ്ങാനാണ്‌ പൊതുവെ മലയാളികള്‍ താല്‍പ്പര്യപ്പെടുന്നത്‌. അതേ സമയം ഇത്‌ ചെലവേറിയ നിക്ഷേപ രീതിയാണെന്നത്‌ നാം പൊതുവെ ശ്രദ്ധിക്കാതെ പോകുന്ന കാര്യമാണ്‌. മറ്റ്‌ സ്വര്‍ണ നിക്ഷേപ മാര്‍ഗങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇത്‌ വ്യക്തമാകും.

സ്വർണവില കുറഞ്ഞു, പക്ഷെ ജൂവല്ലറിയിൽ ശരിക്കും എത്ര കൊടുക്കണം Read more ...

സ്വര്‍ണം ഭൗതിക രൂപത്തില്‍ വാങ്ങുമ്പോള്‍ പണിക്കൂലി, ജിഎസ്‌ടി തുടങ്ങിയ ഇനങ്ങളിലുള്ള അധിക ചെലവുകള്‍ നിക്ഷേപകന്‍ വഹിക്കേണ്ടി വരുന്നു. സ്വര്‍ണാഭരണങ്ങള്‍ക്ക്‌ മൂന്ന്‌ ശതമാനം ജിഎസ്‌ടിയും കുറഞ്ഞത്‌ എട്ട്‌ ശതമാനം പണിക്കൂലിയും നല്‍കേണ്ടതുണ്ട്‌. മൊത്തം നിക്ഷേപത്തിന്റെ 11 ശതമാനം ഇതുവഴി തന്നെ അധികമായി നല്‍കേണ്ടി വരുന്നു. ആഭരണങ്ങളുടെ സ്വഭാവം അനുസരിച്ച്‌ പണിക്കൂലിയില്‍ ഗണ്യമായ വര്‍ധന ഉണ്ടാകാം.

സ്വര്‍ണം പണിക്കൂലി ഇല്ലാതെ

tablehedge

അതേ സമയം സ്വര്‍ണത്തില്‍ നിക്ഷേപിക്കാനുള്ള ഇതര നിക്ഷേപ മാര്‍ഗങ്ങളായ ഗോള്‍ഡ്‌ എക്‌സ്‌ചേഞ്ച്‌ ട്രേഡഡ്‌ ഫണ്ടുകള്‍ (ETF) ക്കോ സോവറിൻ ഗോള്‍ഡ്‌ ബോണ്ടുകള്‍(SGB)ക്കോ നികുതിയും പണിക്കൂലിയും ബാധകമാകുന്നില്ല. സ്വര്‍ണത്തിന്റെ വിപണി വിലയുടെ അടിസ്ഥാനത്തില്‍ ഡീമാറ്റ്‌ രൂപത്തില്‍ സ്വര്‍ണത്തില്‍ നിക്ഷേപിക്കാനുള്ള മാര്‍ഗമാണ്‌ ഗോള്‍ഡ്‌ ഇടിഎഫുകള്‍. സോവറിൻ ഗോള്‍ഡ്‌ ബോണ്ടുകള്‍ റിസര്‍വ്‌ ബാങ്ക്‌ ആണ്‌ വിപണിയിലെത്തിക്കുന്നത്‌.

ഭൗതികരൂപത്തിലുള്ള സ്വര്‍ണത്തിന്റെ ഒരു പ്രധാന ന്യൂനത സുരക്ഷയില്ല എന്നതാണ്‌. അതുകൊണ്ടുതന്നെ നിക്ഷേപകര്‍ക്ക്‌ ബാങ്ക്‌ ലോക്കറുകളെ ആശ്രയിക്കാതെ നിവൃത്തിയില്ല. ബാങ്ക്‌ ലോക്കറുകള്‍ക്ക്‌ നല്‍കേണ്ടി വരുന്ന ഏറ്റവും കുറഞ്ഞ വാടക 1200 രൂപയാണ്‌. ലോക്കറിന്റെ വലിപ്പത്തിന്‌ അനുസരിച്ച്‌ അധിക തുക നല്‍കേണ്ടി വരും. മാത്രവുമല്ല, ഇപ്പോള്‍ പല ബാങ്കുകളും ബാങ്ക്‌ ലോക്കറുകള്‍ തുറക്കുന്നതിന്‌ ഫിക്‌സഡ്‌ ഡിപ്പോസിറ്റ്‌ ആയി നിശ്ചിത തുക നിക്ഷേപിക്കണമെന്ന്‌ ആവശ്യപ്പെടുന്നുമുണ്ട്‌.

പലിശ കിട്ടും

ഭൗതിക രൂപത്തിലുള്ള സ്വര്‍ണത്തില്‍ നിന്ന്‌ ലഭിക്കുന്നത്‌ മൂലധന നേട്ടം മാത്രമാണ്‌. അതേസമയം റിസര്‍വ്‌ ബാങ്കിന്റെ സോവറിൻ ഗോള്‍ഡ്‌ ബോണ്ടുകളില്‍ നിക്ഷേപിക്കുന്നവര്‍ക്ക്‌ മൂലധന നേട്ടം കൂടാതെ നിശ്ചിത പലിശ കൂടി എല്ലാ വര്‍ഷവും ലഭിക്കുന്നു. സോവറിൻ ഗോള്‍ഡ്‌ ബോണ്ടുകള്‍ എല്ലാ വര്‍ഷവും രണ്ടര ശതമാനം പലിശ നല്‍കുന്നുണ്ട്‌.

റിസര്‍വ്‌ ബാങ്ക്‌ വില്‍പ്പന നടത്തുമ്പോഴാണ്‌ ബോണ്ടുകളില്‍ നിക്ഷേപിക്കാന്‍ സാധിക്കുന്നത്‌. സോവറിൻ സ്വര്‍ണ ബോണ്ടുകള്‍ സ്റ്റോക്ക്‌ എക്‌സ്‌ചേഞ്ചുകളില്‍ ലിസ്റ്റ്‌ ചെയ്‌തിരിക്കുന്നതിനാല്‍ അവ വഴി വാങ്ങാനും അവസരമുണ്ട്‌. നാഷണല്‍ സ്റ്റോക്ക്‌ എക്‌സ്‌ചേഞ്ചി (NSE)ലെയും ബോംബെ സ്റ്റോക്ക്‌ എക്‌സ്‌ചേഞ്ചി (BSE)ലെയും ക്യാഷ്‌ വിഭാഗത്തിലൂടെയാണ്‌ സ്വര്‍ണ ബോണ്ടുകളുടെ യൂണിറ്റുകള്‍ ഓഹരികള്‍ വാങ്ങുന്നതു പോലെ നിക്ഷേപകര്‍ക്ക്‌ വാങ്ങാന്‍ സാധിക്കുക. എന്നാല്‍ ഇവയിലെ വ്യാപാര വ്യാപ്‌തം താരതമ്യേന വളരെ കുറവാണ്‌.

gold-chain-neck

ഒരു ഗ്രാമിലും നിക്ഷേപിക്കാം

സ്വര്‍ണ ബോണ്ടുകളില്‍ വ്യക്തികള്‍ക്ക്‌ നടത്താവുന്ന കുറഞ്ഞ നിക്ഷേപം ഒരു ഗ്രാമാണ്‌. എട്ട്‌ വര്‍ഷമാണ്‌ നിക്ഷേപ കാലയളവ്‌. നിക്ഷേപ കാലയളവ്‌ അവസാനിപ്പിക്കുമ്പോള്‍ സ്വര്‍ണത്തിന്റെ അപ്പോഴത്തെ വിപണി വില അനുസരിച്ചുള്ള തുക നിക്ഷേപകര്‍ക്ക്‌ തിരികെ ലഭിക്കും. ഇതിന്‌ പുറമെ നിശ്ചിത പലിശയും ലഭ്യമാകും. അര്‍ധവാര്‍ഷികാടിസ്ഥാനത്തിലാണ്‌ പലിശ നിക്ഷേപകര്‍ക്ക്‌ ലഭിക്കുക.

ഗോള്‍ഡ്‌ ഇടിഎഫുകള്‍ ഓഹരികള്‍ പോലെ എപ്പോള്‍ വേണമെങ്കിലും സ്റ്റോക്ക്‌ എക്‌സ്‌ചേഞ്ചുകള്‍ വഴി വാങ്ങാനും സാധിക്കും. ഗോൾഡ് ഇടിഎഫുകൾ മൈക്രോ ഗ്രാം ആയാണ് ഇപ്പോൾ ലഭ്യമാകുന്നത്. ഒരു യൂണിറ്റിന്റെ വില ഏകദേശം 50 രൂപയാണ്.

ഭൗതിക രൂപത്തിലുള്ള സ്വര്‍ണവും ഗോള്‍ഡ്‌ ഇടിഎഫും വിറ്റു കിട്ടുന്ന മൂലധന നേട്ടത്തിന്‌ നികുതി ബാധകമാണ്‌. അതേ സമയം ഗോള്‍ഡ്‌ ബോണ്ടുകള്‍ എട്ട്‌ വര്‍ഷം കൈവശം വെച്ചതിനു ശേഷം ലഭിക്കുന്ന മൂലധന നേട്ടത്തിന്‌ നികുതി ബാധകമല്ല. 

ലേഖകൻ ഹെഡ്ജ് ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ ചെയർമാനാണ്

English Summary: Why Sovereign Gold Bond is a Better Investment Option?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com