വിരമിക്കൽ കാലത്തെ സമ്പാദ്യം വെള്ളത്തിലാക്കി വേണോ മക്കളുടെ വിദേശപഠനത്തിന് ചെലവിടേണ്ടത്?
Mail This Article
എങ്ങനെയെങ്കിലും മക്കളെ വിദേശത്ത് പഠിക്കാൻ വിടുന്നത് ഇന്ത്യൻ മധ്യവർഗ കുടുംബത്തിന്റെ 'അത്യാവശ്യമായി' മാറിയിരിക്കുകയാണ്. അതിനുവേണ്ടി പണമുണ്ടാക്കാൻ ഇന്ത്യൻ മാതാപിതാക്കൾ എന്തും ചെയ്യുമെന്ന് സൂചന തരുന്ന ഒരു പഠനം ഇപ്പോൾ പുറത്തു വന്നിട്ടുണ്ട്. വായ്പയെടുത്തും കിടപ്പാടം പണയപ്പെടുത്തിയും കടം വാങ്ങിയും എന്തിനധികം പറയുന്നു തങ്ങളുടെ വാർധക്യ കാലത്തിലേക്കായി കരുതിവച്ചിരിക്കുന്ന സമ്പാദ്യം പോലും എടുത്താണ് മാതാപിതാക്കൾ കുട്ടികളെ വിദേശത്തേക്ക് അയക്കുന്നത്.
എച്ച്എസ്ബിസി റിപ്പോർട്ട്
വിദേശങ്ങളിൽ മാതാപിതാക്കൾ മക്കൾക്ക് വിദ്യാഭ്യാസ വായ്പ തരപ്പെടുത്തി കൊടുക്കുമ്പോൾ അവർ തന്നെയാണ് അത് തിരിച്ചടക്കുന്ന ഉത്തരവാദിത്വം ഏൽക്കുന്നത്. എന്നാൽ ഇന്ത്യയിൽ കാര്യങ്ങൾ മറിച്ചാണ്. മക്കളെ വിദേശ പഠനത്തിന് വിടുമ്പോൾ അവരുടെ ചെലവുകളുടെ പൂർണ ഉത്തരവാദിത്വം മാതാപിതാക്കൾ ഏറ്റെടുക്കുകയാണ്. അതായത് മക്കളുടെ ചിലവിന്റെ പൂർണ ചുമതല മാതാപിതാക്കളുടെ തലയിലാണ് എന്ന് ചുരുക്കം. ഇങ്ങനെ മാതാപിതാക്കൾ ചെയ്യുമ്പോൾ മക്കളും അതാണ് ശരിയെന്ന് കരുതുന്നുണ്ട്. വിദേശത്തേക്കയയ്ക്കാൻ പാങ്ങില്ലാത്ത മാതാപിതാക്കൾ തങ്ങളുടെ കിടപ്പാടം പണയപ്പെടുത്തുമ്പോൾ പോലും അത് മാതാപിതാക്കളുടെ ഉത്തരവാദിത്തമാണന്ന് മക്കളും കരുതുന്നു. ഇന്ത്യൻ മാതാപിതാക്കളുടെ ഈ മനോഭാവം അവരുടെ വാർധക്യ കാല സമ്പാദ്യത്തെ വരെ ബാധിക്കുമ്പോൾ കാര്യങ്ങൾ താളം തെറ്റുകയാണ് .
ആഗോളതലത്തിൽ 11 വിപണികളിലായി 11,000 സമ്പന്നരായ വ്യക്തികളെ എച്ച്എസ്ബിസി സർവേ നടത്തിയതിൽ 68 ശതമാനം പേരും ജീവിതച്ചെലവും പണപ്പെരുപ്പവും ജീവിത പദ്ധതികളെ തടസ്സപ്പെടുത്തുന്നുവെന്ന് അഭിപ്രായപ്പെട്ടു. പ്രത്യേകിച്ചും വിദേശ വിദ്യാഭ്യാസത്തിൻ്റെ ചിലവാണ് കാര്യങ്ങൾ താളം തെറ്റിക്കുന്നത്.
വിദേശ വിദ്യാഭ്യാസ ചിലവുകൾ
ഉന്നതവിദ്യാഭ്യാസത്തിനായി ഒരു കുട്ടിയെ വിദേശത്തേക്ക് അയയ്ക്കുന്നത് വലിയ സാമ്പത്തിക ബാധ്യതയാണ് ഓരോ കുടുംബത്തിനും ഉണ്ടാക്കുന്നത്. മാതാപിതാക്കൾ ഓരോ വർഷവും ശരാശരി 63,664 ഡോളർ ഇതിനായി ചെലവഴിക്കുന്നു എന്ന് റിപ്പോർട്ടിലുണ്ട്. ഈ ചെലവ് റിട്ടയർമെൻ്റ് സമ്പാദ്യത്തെ സാരമായി ബാധിക്കുമെന്ന് റിപ്പോർട്ട് സൂചിപ്പിക്കുന്നു.
പ്രത്യേകിച്ച് ഇന്ത്യ, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങളിൽ ഒരു കുട്ടിയുടെ വിദ്യാഭ്യാസത്തിനായി മാതാപിതാക്കൾക്ക് അവരുടെ റിട്ടയർമെൻ്റ് ഫണ്ടിൻ്റെ 66 ശതമാനം വരെ വരെ ചെലവഴിക്കേണ്ടി വന്നേക്കാം എന്ന ഞെട്ടിക്കുന്ന കണക്കുകളും ഈ റിപ്പോർട്ടിലുണ്ട്. കൃത്യമായി പറഞ്ഞാൽ ഇന്ത്യൻ മാതാപിതാക്കളെ സംബന്ധിച്ചിടത്തോളം, മൂന്ന് വർഷത്തെ ബിരുദത്തിനായി ഒരു കുട്ടിയെ വിദേശത്തേക്ക് അയക്കുന്നത് അവരുടെ റിട്ടയർമെൻ്റ് സമ്പാദ്യത്തിൻ്റെ 48 ശതമാനം കുറയ്ക്കും. അതേസമയം നാല് വർഷത്തെ ബിരുദം 64 ശതമാനം വരെ വിരമിക്കൽ സമ്പാദ്യത്തിനായി നീക്കിവെച്ച തുകയെ ബാധിക്കും.
ബന്ധങ്ങളിൽ വിള്ളൽ
കുടുംബങ്ങളിലെ സാമ്പത്തിക ബുദ്ധിമുട്ടും അവരുടെ കുട്ടിയുടെ വിദ്യാഭ്യാസത്തിനും സ്വന്തം റിട്ടയർമെൻ്റ് പ്ലാനുകൾക്കുമിടയിൽ വ്യക്തികൾ നിലനിർത്തേണ്ട സന്തുലിതാവസ്ഥ എടുത്തുകാണിക്കുന്നതാണ് എച്ച് എസ് ബി സി റിപ്പോർട്ട്. പണം മുഴുവൻ മക്കളുടെ വിദേശ വിദ്യാഭ്യാസത്തിനായി ചിലവഴിക്കുമ്പോൾ ആ സമയത്ത് സന്തോഷത്തോടെ പണം ഏറ്റുവാങ്ങുന്ന മക്കൾ പിന്നീട് ആവശ്യ നേരത്ത് തിരിച്ചു ചോദിക്കുമ്പോൾ തരാൻ തയ്യാറാകുന്നില്ല. ഇത് ബന്ധങ്ങളിൽ വിള്ളൽ വീഴ്ത്തുന്നു എന്ന് അനുഭവസ്ഥർ പറയുന്നു. അതുകൊണ്ടുതന്നെ വാർദ്ധക്യകാല പെൻഷൻ പോലുള്ള പദ്ധതികളെ ബാധിക്കുന്ന തരത്തിലുള്ള സഹായങ്ങൾ മക്കളുടെ വിദേശ വിദ്യാഭ്യാസത്തിനായി മാതാപിതാക്കൾ ചെയ്യേണ്ടതുണ്ടോ എന്ന് ചിന്തിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.