ഓഹരി വിപണിയില്‍ ബുള്‍ തരംഗം ഒപ്പം വെല്ലുവിളികളും, നിക്ഷേപകർ എന്തു ചെയ്യണം?
Mail This Article
ഇന്ത്യന്‍ ഓഹരി വിപണി ബുള്‍ തരംഗത്തിലാണ്. നിഫ്റ്റി കോവിഡ് കാലത്തെ താഴ്ന്ന നിലയായ 7511 പോയിന്റില്‍ നിന്ന് ഉദ്ദേശം മൂന്നിരട്ടിയായി ഉയര്‍ന്ന് നിക്ഷേപകര്‍ക്ക് മികച്ച ലാഭം നല്‍കി. 2024ന്റെ തുടക്കത്തില്‍ പുതിയ റിക്കോര്‍ഡ് സൃഷ്ടിച്ച വിപണി ഇപ്പോള്‍ ഏറെ അസ്ഥിരമാണ്. ഉയര്‍ന്ന സാമ്പത്തിക വളര്‍ച്ചയും കോര്‍പറേറ്റ് മേഖലയുടെ മികച്ച ലാഭവും വിപണിക്കു ശക്തി പകരുന്നുണ്ട്. എന്നാല്‍ വാല്യുവേഷന്‍സ് ഉയര്‍ന്നതായതുകൊണ്ട് വിപണിയില്‍ ഗണ്യമായ താഴ്ചകള്‍ക്കും സാധ്യതയുണ്ട്. നിക്ഷേപകര്‍ ഈ സങ്കീര്‍ണ സാഹചര്യത്തെ എങ്ങനെ നേരിടും?
ആദ്യം അനുകൂല ഘടകങ്ങള്‍ പരിശോധിക്കാം
സമ്പദ് വ്യവസ്ഥ ശക്തമായ നിലയില്‍
2024 സാമ്പത്തിക വര്‍ഷത്തേക്കുള്ള ഇന്ത്യയുടെ ജിഡിപി വളര്‍ച്ചാ നിരക്ക് ഉദ്ദേശം 7 ശതമാനമായിരിക്കും. ഐഎംഎഫ് 2024 വര്‍ഷത്തേക്കു കണക്കാക്കിയിട്ടുള്ള ആഗോള വളര്‍ച്ചാ നിരക്കായ 2.9 ശതമാനത്തേക്കാള്‍ ഇരട്ടിയിലധികമാണിത്. നമ്മുടെ അയല്‍ രാജ്യങ്ങളായ പാക്കിസ്ഥാനും ശ്രീലങ്കയും ബംഗ്ലാദേശും വിദേശ വിനിമയ വായ്പയ്ക്കായി ഇപ്പോള്‍ ഐഎംഎഫിനെ സമീപിച്ചിരിക്കയാണ്. എന്നാല്‍ ഇന്ത്യ 610 ബില്യൺ ഡോളറിന്റെ വിദേശ വിനിമയ ശേഖരത്തോടെ ശക്തമായ നിലയിലാണ്. നമ്മുടെ ബാങ്കിങ് മേഖല ഇപ്പോള്‍ സുദൃഢമായ സ്ഥിതിയിലുമാണ്. രാജ്യത്തിന്റെ ഉയര്‍ന്ന സാമ്പത്തിക വളര്‍ച്ചയും, കോര്‍പറേറ്റ് മേഖലയുടെ നല്ല ലാഭവും ഓഹരി വിപണിക്കു ശക്തമായ പിന്തുണയാണ് നല്‍കുന്നത്.
ആഭ്യന്തര നിക്ഷേപകര്‍ നിർണായക ശക്തി
ഓഹരി വിപണിയില്‍ സംഭവിക്കുന്ന സുപ്രധാനമായൊരു മാറ്റമാണ് നിക്ഷേപകരുടെ എണ്ണത്തിലുണ്ടായ സ്‌ഫോടനാത്മകമായ വളര്‍ച്ച. 2020 ഏപ്രിലിലെ 4.09 കോടിയില്‍ നിന്ന് ഡീമാറ്റ് എക്കൗണ്ടുകളുടെ എണ്ണം 2023 നവംബറോടെ 13 കോടിയായി ഉയര്‍ന്നിരിക്കുന്നു. മ്യൂച്വല്‍ ഫണ്ടുകള്‍ കൈകാര്യം ചെയ്യുന്ന ആസ്തി 2012 ലെ 7.96 ട്രില്യണ്‍ രൂപയില്‍ നിന്ന് 2023 ഡിസംബറില്‍ 50 ട്രില്യണ്‍ രൂപയായി ഉയര്‍ന്നു കഴിഞ്ഞു. എസ്‌ഐപിയിലൂടെ പ്രതിമാസം വിപണിയില്‍ എത്തുന്ന തുക 2023 നവംബറില്‍ 17,000 കോടിയിലധികം രൂപയായി ഉയര്‍ന്നു. ഓഹരി വിപണിയില്‍ നേരിട്ടും മ്യൂച്വല്‍ ഫണ്ടുകളിലൂടെയും നിക്ഷേപം നടത്തുന്നവരുടെ എണ്ണം വന്‍ തോതില്‍ വര്‍ധിച്ച് വിദേശ പോര്‍ട്‌ഫോളിയോ നിക്ഷേപത്തെ വെല്ലുവിളിക്കാന്‍ പോന്ന കരുത്തു നേടിക്കഴിഞ്ഞു. ബാഹ്യപ്രേരണകളാല്‍ വിദേശ പോര്‍ട്‌ഫോളിയോ നിക്ഷേപകര്‍ വ്യാപകമായി വിറ്റഴിക്കുമ്പോള്‍ ആഭ്യന്തര രംഗത്തു നിന്നുള്ള പണമാണ് വിപണിയെ പിന്തുണയ്ക്കുന്നത്.
റിസ്‌കുകള്‍ എന്തൊക്കെ ?
വിപണിയില്‍ എപ്പോഴും റിസ്‌കുണ്ടാവും. വാല്യുവേഷന്‍ കൂടുന്തോറും റിസ്‌കു കൂടും. വാല്യുവേഷന്‍ ഉയര്‍ന്നു നില്‍ക്കുന്നു എന്നതാണ് ഇപ്പോഴത്തെ ഏറ്റവും വലിയ റിസ്‌ക്. ലോകത്തിലെ ഏറ്റവും ഉയര്‍ന്ന വാല്യുവേഷനുള്ള ഓഹരി വിപണി ഇപ്പോള്‍ ഇന്ത്യയുടേതാണ് എന്ന വസ്തുത പ്രാധാന്യമര്‍ഹിക്കുന്നു. നിഫ്റ്റി 21000 എന്ന നിലയില്‍ ട്രേഡ് ചെയ്യുമ്പോള്‍ പിഇ അനുപാതം 21 ആണ്. (2024 സാമ്പത്തിക വര്‍ഷത്തെ കോര്‍പറേറ്റ് ലാഭത്തിന്റെ അടിസ്ഥാനത്തില്‍). ഉയര്‍ന്ന വാല്യുവേഷന്‍ ഭാഗികമായി രാജ്യത്തിന്റെ വളര്‍ച്ചയിലുള്ള നിക്ഷേപകരുടെ ആത്മ വിശ്വാസം കൂടിയാണ് പ്രതിഫലിപ്പിക്കുന്നത് എന്നു പറയാം. എന്നാല്‍ ഉയര്‍ന്ന വാല്യുവേഷനില്‍ അപ്രതീക്ഷിതമായ കാരണങ്ങള്‍ കൊണ്ട് വിപണിയില്‍ കടുത്ത തിരുത്തലുകള്‍ ഉണ്ടാകാം.
ആഗോള സംഘര്‍ഷങ്ങളാണ് പ്രധാന വെല്ലുവിളി
ആഗോള രാഷ്ട്രീയ സാഹചര്യം വളരെ മോശമായിത്തീര്‍ന്നിരിക്കുന്നു. ഇസ്രായേല്‍-ഹമാസ് യുദ്ധം പെട്ടെന്ന് അവസാനിക്കുന്നതിന്റെ ഒരു ലക്ഷണവും കാണാതായതോടെ പശ്ചിമേഷ്യ കുഴപ്പം പിടിച്ച സ്ഥലമായി മാറിക്കഴിഞ്ഞു. യുദ്ധം വ്യാപിപ്പിക്കാന്‍ ഇറാന്‍ ശ്രമം ആരംഭിച്ചതായി വേണം മനസിലാക്കാന്‍. ഇറാന്‍-ഇറാഖ് സംഘര്‍ഷത്തിലേക്കും കാര്യങ്ങള്‍ നീങ്ങുന്നുണ്ട്. സുപ്രധാനമായ രാജ്യാന്തര കപ്പല്‍പാത കടന്നു പോകുന്ന ചെങ്കടലില്‍ യെമനിലെ ഹൂതികള്‍ കപ്പലുകള്‍ക്കു നേരെ നടത്തുന്ന മിന്നലാക്രമണങ്ങള്‍ വലിയ തലവേദന സൃഷ്ടിച്ചിട്ടുണ്ട്. ഇതിനു പ്രതികാരമായി അമേരിക്കയും ബ്രിട്ടനും യമനിലെ ഹൂതി കേന്ദ്രങ്ങള്‍ക്കു നേരെ ആക്രമമഴിച്ചു വിടുന്നുണ്ട്. ചുരുക്കിപ്പറഞ്ഞാല്‍, ആഗോള സാഹചര്യം വളരെ മോശമായ അവസ്ഥയിലേക്കു നീങ്ങിയിരിക്കുന്നു. അപ്രതീക്ഷിതമായ ചില സാഹസങ്ങള്‍ മാരകമായ പ്രത്യാഘാതങ്ങളുണ്ടാക്കിയേക്കാം.
ആഭ്യന്തര രാഷ്ട്രീയം വിപണിയെ സ്വാധീനിക്കില്ല, എങ്കിലും ...
ആഭ്യന്തര രാഷ്ട്രീയം വിപണിയില്‍ കാര്യമായ അട്ടിമറികളുണ്ടാക്കാന്‍ സാധ്യതയില്ല. സംസ്ഥാന തെരഞ്ഞെടുപ്പു ഫലങ്ങള്‍ പ്രഖ്യാപിക്കപ്പെട്ടതിനു ശേഷം 2023 ഡിസംബര്‍ 4 ന് സെന്‍സെക്‌സ് 1384 പോയിന്റ് ഉയര്‍ന്നു. പൊതു തെരഞ്ഞെടുപ്പ് ഭരണകക്ഷിക്ക് വിജയം കൊണ്ടു വരുമെന്നും അതു വഴി ഗുണകരമായ രാഷ്ട്രീയ സ്ഥിരതയുണ്ടാവുമെന്നുമാണ് വിപണി കരുതുന്നത്. ബ്രിട്ടീഷ് പ്രധാനമന്ത്രി ഹരോള്‍ഡ് വില്‍സന്റെ പ്രസിദ്ധമായ ഉദ്ധരണിയുണ്ട്. '' ഒരാഴ്ച എന്നത് രാഷ്ട്രീയത്തില്‍ ദീര്‍ഘമായ കാലയളവാണ് ''. അതു കൊണ്ടു തന്നെ ഏതാനും മാസങ്ങള്‍ക്കു ശേഷം നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിന്റെ ഫലം ഉറപ്പിക്കാന്‍ വയ്യ. വിപണി ഇതിനകം ഉള്‍ക്കൊണ്ടു കഴിഞ്ഞതിന് വിരുദ്ധമായി തെരഞ്ഞെടുപ്പു ഫലത്തില്‍ അത്ഭുതം സംഭവിച്ചാല്‍, വിപണിയിലെ തിരുത്ത് കടുത്തതും ആഴത്തിലുള്ളതുമായിരിക്കും.
അമേരിക്കയില്‍ നിന്നുള്ള സാമ്പത്തിക സൂചനകള്‍ നിര്‍ണായകം
ആഗോള വിപണിയെ സ്വാധീനിക്കാന്‍ കെല്‍പുള്ള ഏറ്റവും നിര്‍ണായകമായ സൂചികകള്‍ യുഎസിലെ വിലക്കയറ്റ നിരക്കും പലിശ നിരക്കും ആയിരിക്കും. അമേരിക്കന്‍ കേന്ദ്ര ബാങ്ക് ഫെഡ് മേധാവി ജെറോം പവല്‍ ഡിസംബര്‍ 13ന് നടത്തിയ പ്രസംഗം, യുഎസ് ബോണ്ട് യീല്‍ഡിനേയും ആഗോള ഓഹരി വിപണികളിലെ കുതിപ്പിനേയും കാര്യമായി സ്വാധീനിച്ചു. ഒക്ടോബര്‍ പകുതിയില്‍ 5 ശതമാനമായിരുന്ന യുഎസ് 10 വര്‍ഷ ബോണ്ട് യീല്‍ഡ് ഡിസമ്പര്‍ ഒടുവില്‍ 3.8 ശതമാനമായി കുറഞ്ഞു. 2024ല്‍ മൂന്നു തവണ പലിശ നിരക്കു കുറയ്ക്കുമെന്നായിരുന്നു ഫെഡ് നല്‍കിയ സൂചന. വിപണിയാകട്ടെ ആറു വട്ടം പലിശ കുറയ്ക്കുമെന്നു വിലയിരുത്തി. യുഎസ് സമ്പദ് വ്യവസ്ഥയിലെ പ്രശ്‌നങ്ങള്‍ നീങ്ങുമെന്നും പലിശ നിരക്കു വര്‍ധന ഇല്ലാതാകുമെന്നുമുള്ള വിവരങ്ങള്‍ വിപണി ഇതിനകം ഉള്‍ക്കൊണ്ടു കഴിഞ്ഞു. ഈ പ്രതീക്ഷ യാഥാര്‍ത്ഥ്യമാകാത്ത പക്ഷം വിപണിയില്‍ തിരുത്തലുണ്ടാകും. യുഎസ് 10 വര്‍ഷ ബോണ്ട് യീല്‍ഡ് 3.8 ശതമാനം എന്ന താഴ്ന്ന നിലയില്‍ നിന്ന് 2024 ജനുവരി അവസാനത്തോടെ 4.18 ശതമാനത്തിലേക്കുയര്‍ന്നു കഴിഞ്ഞു. ഈ റിസ്‌കിനെക്കുറിച്ച് നിക്ഷേപകര്‍ ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്.
ചുരുക്കത്തില്‍, നിക്ഷേപകര്‍ ഈ ബുള്‍ വിപണിയില്‍ നിക്ഷേപം നിലനിര്‍ത്തുകയും വ്യവസ്ഥാപിത നിക്ഷേപം തുടരുകയുമാണ് വേണ്ടത്. സ്ഥിര നിക്ഷേപത്തിന് ആകര്‍ഷകമായ പലിശ ഉളളതിനാല്‍, വാല്യുവേഷന്‍ കൂടുതലുള്ള ചില മേഖലകളില്‍ നിന്ന് ലാഭമെടുത്ത് ആ പണം സ്ഥിര നിക്ഷേപ ആസ്തികളിലേക്കു മാറ്റുന്നത് ഗുണകരവും സുരക്ഷിതവുമായ നിക്ഷേപ തന്ത്രമായിരിക്കും.
ലേഖകൻ ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസിന്റെ ചീഫ് ഇന്‍വെസ്റ്റ്‌മെന്റ് സ്ട്രാറ്റജിസ്റ്റാണ്