കളി തോറ്റപ്പോൾ ഓസീസ് താരങ്ങളോട് വാക്കേറ്റം; ദൃശ്യങ്ങൾ പുറത്ത്, 3 പേർക്ക് സസ്പെൻഷൻ

Mail This Article
ലണ്ടൻ ∙ ആഷസ് രണ്ടാം ക്രിക്കറ്റ് ടെസ്റ്റിലെ തോൽവിക്കു പിന്നാലെ ലോഡ്സ് സ്റ്റേഡിയത്തിലെ ലോങ് റൂമിൽ വച്ച് ഓസ്ട്രേലിയൻ ക്രിക്കറ്റ് താരങ്ങളോടു മോശമായി പെരുമാറിയ 3 ക്ലബ് അംഗങ്ങളെ മാർലിബൻ ക്രിക്കറ്റ് ക്ലബ് (എംസിസി) സസ്പെൻഡ് ചെയ്തു. ലോഡ്സ് ക്രിക്കറ്റ് ഗ്രൗണ്ടിന്റെ ഉടമകളായ എംസിസി ക്ലബ്ബിലെ അംഗങ്ങൾക്കു മാത്രമാണ് ലോങ് റൂമിൽ ഇരിക്കാൻ അനുവാദമുള്ളത്.
അംഗങ്ങളെ സസ്പെൻഡ് ചെയ്തതിനു പിന്നാലെ സംഭവത്തിൽ ഓസ്ട്രേലിയൻ താരങ്ങളോട് എംസിസി ഖേദം അറിയിച്ചു. അഞ്ചാം ദിവസം ഇംഗ്ലിഷ് ബാറ്റർ ജോണി ബെയർസ്റ്റോയുടെ വിവാദ പുറത്താകലോടെയാണ് സംഭവങ്ങൾക്ക് തുടക്കം. ബെയർസ്റ്റോ പുറത്തായതിനു പിന്നാലെ ഓസ്ട്രേലിയൻ താരങ്ങളെ ഇംഗ്ലിഷ് ആരാധകർ കൂകിവിളിച്ചിരുന്നു.
ഇതിന്റെ തുടർച്ചയായാണ് മത്സരം ജയിച്ചു ഡ്രസിങ് റൂമിലേക്കു മടങ്ങുകയായിരുന്ന ഓസ്ട്രേലിയൻ താരങ്ങളുമായി ലോഡ്സ് ലോങ് റൂമിൽ വച്ച് ചില എംസിസി അംഗങ്ങൾ തർക്കിച്ചത്. ഓസീസ് താരങ്ങളായ ഉസ്മാൻ ഖവാജയും ഡേവിഡ് വാർണറുമായി ഇവർ തർക്കിക്കുന്ന ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതിനു പിന്നാലെയാണ് എംസിസിയുടെ നടപടി.
English Summary: Usman Khawaja In Heated Exchange With MCC Members