‘എനിക്ക് പൊലീസിന്റെ പണിയല്ല, സുരക്ഷിതമായി രാജ്യം വിടാൻ സഹായിക്കേണ്ടത് ബോർഡല്ല’: ബിസിബി പ്രസിഡന്റ്, ഷാക്കിബിന് തിരിച്ചടി
Mail This Article
ധാക്ക∙ ബംഗ്ലദേശ് മണ്ണിൽവച്ച് ദക്ഷിണാഫ്രിക്കയ്‍ക്കെതിരെ അടുത്ത മാസം വിരമിക്കൽ ടെസ്റ്റ് കളിക്കണമെന്ന സൂപ്പർതാരം ഷാക്കിബ് അൽ ഹസന്റെ മോഹത്തിന് തിരിച്ചടി. വിരമിക്കൽ ടെസ്റ്റിനു ശേഷം സുരക്ഷിതനായി രാജ്യം വിടാൻ ബംഗ്ലദേശ് ക്രിക്കറ്റ് ബോർഡ് (ബിസിബി) സഹായിച്ചാൽ മിർപുരിൽ കളിക്കാൻ ആഗ്രഹമുണ്ടെന്ന് ഷാക്കിബ് അറിയിച്ചെങ്കിലും, സുരക്ഷ ഉറപ്പാക്കേണ്ടത് ക്രിക്കറ്റ് ബോർഡല്ലെന്ന് പ്രസിഡന്റ് ഫാറൂഖ് അഹമ്മദ് വ്യക്തമാക്കി. ഇക്കാര്യത്തിൽ ഉറപ്പു നൽകാൻ താൻ പൊലീസല്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, ഷാക്കിബ് വിരമിക്കൽ ടെസ്റ്റ് ബംഗ്ലദേശിൽ കളിക്കണമെന്നാണ് ആഗ്രഹമെന്നും ഫാറൂഖ് പ്രതികരിച്ചു.
‘‘സത്യത്തിൽ ഞാൻ ഒരു നിയമപാലന ഏജൻസിയിലും അംഗമല്ല. പൊലീസിലോ റാപ്പിഡ് ആക്ഷൻ ബറ്റാലിയനിലോ ഞാൻ ഇല്ല. അതുകൊണ്ട് താരത്തിന്റെ സുരക്ഷയുടെ കാര്യം എന്റെ കയ്യിലല്ല’ – ഫാറൂഖ് അഹമ്മദ് പ്രതികരിച്ചു.
‘‘സ്വന്തം നാട്ടിൽ വിരമിക്കൽ ടെസ്റ്റ് കളിക്കാൻ സാധിക്കുന്നതിലും വലുതായി ഒന്നുമില്ലെന്ന് ഞാൻ കരുതുന്നു. പക്ഷേ, ഷാക്കിബിന്റെ സുരക്ഷ ഉറപ്പു നൽകേണ്ടത് ഞാനല്ല. അക്കാര്യത്തിൽ നിയമപാലക സംവിധാനവും താരവുമാണ് മുൻകൈ എടുക്കേണ്ടത്. ഒരു വ്യക്തിയുടെയും സുരക്ഷ ഉറപ്പു നൽകാനുള്ള അധികാരം ക്രിക്കറ്റ് ബോർഡിനില്ല.’ – ഫാറൂഖ് അഹമ്മദ് ചൂണ്ടിക്കാട്ടി.
ഇന്ത്യ–ബംഗ്ലദേശ് രണ്ടാം ക്രിക്കറ്റ് ടെസ്റ്റിനു മുന്നോടിയായി രാജ്യാന്തര ക്രിക്കറ്റിൽ നിന്നുള്ള വിരമിക്കൽ പ്രഖ്യാപിക്കുമ്പോഴാണ്, ബംഗ്ലദേശിൽവച്ച് അവസാന ടെസ്റ്റ് കളിക്കണമെന്നാണ് ആഗ്രഹമെങ്കിലും സുരക്ഷയുടെ കാര്യത്തിൽ ഭയമുണ്ടെന്ന് ഷാക്കിബ് പറഞ്ഞത്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ അടുത്ത മാസം മിർപുരിൽ അവസാന ടെസ്റ്റ് കളിച്ച് വിരമിക്കണമെന്നാണ് ആഗ്രഹമെങ്കിലും, മത്സരത്തിനു ശേഷം ബംഗ്ലദേശിൽനിന്ന് സുരക്ഷിതനായി പുറത്തുപോകാൻ സൗകര്യമൊരുക്കുമെങ്കിൽ മാത്രമേ അതിനു തയാറുള്ളൂവെന്ന് ഷാക്കിബ് വ്യക്തമാക്കി. അതല്ലെങ്കിൽ ഇന്ത്യയ്‍ക്കെതിരെ നാളെ മിർപുരിൽ ആരംഭിക്കുന്ന രണ്ടാം ക്രിക്കറ്റ് ടെസ്റ്റ് തന്റെ വിരമിക്കൽ ടെസ്റ്റ് ആയിരിക്കുമെന്നും ഷാക്കിബ് വ്യക്തമാക്കിയിരുന്നു.
ബംഗ്ലദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ രാജിയിൽ കലാശിച്ച വിദ്യാർഥി പ്രക്ഷോഭത്തിനിടെ യുവാവ് വെടിയേറ്റുമരിച്ച സംഭവത്തിൽ ഷാക്കിബിന് എതിരെയും പൊലീസ് കേസെടുത്തിരുന്നു. ഷെയ്ഖ് ഹസീനയുടെ പാർട്ടിയായ അവാമി ലീഗിന്റെ മുൻ എംപിയാണ് ഷാക്കിബ് അൽ ഹസൻ. ബംഗ്ലദേശ് തലസ്ഥാനമായ ധാക്കയിലെ വസ്ത്രവ്യാപാരിയായ റഫിഖുൽ ഇസ്‍ലാമാണ് മകൻ റുബൽ വെടിയേറ്റു മരിച്ച സംഭവത്തിൽ പൊലീസിനെ സമീപിച്ചത്. കേസിലെ 28–ാം പ്രതിയാണ് ഷാക്കിബ് അൽ ഹസൻ. ഇത്തരം സാഹചര്യം നിലനിൽക്കെയാണ്, ബംഗ്ലദേശിൽനിന്ന് പുറത്തുപോകാൻ സൗകര്യമൊരുക്കണമെന്ന ഷാക്കിബിന്റെ ആവശ്യം.