കേരള സ്പോർട്സ് കൗൺസിൽ: മേഴ്സി കുട്ടൻ രാജിവച്ചു; ഷറഫലി പ്രസിഡന്റ്
Mail This Article
തിരുവനന്തപുരം∙ കേരള സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് ഒളിംപ്യൻ മേഴ്സി കുട്ടനും തിരഞ്ഞെടുക്കപ്പെട്ട മറ്റു ഭരണ സമിതി അംഗങ്ങളും രാജിവച്ചു. പിന്നാലെ ഇന്ത്യൻ ഫുട്ബോൾ ടീം മുൻ ക്യാപ്റ്റൻ യു. ഷറഫലിയെ പുതിയ പ്രസിഡന്റായി നിയമിച്ച് സർക്കാർ ഉത്തരവിറക്കി.
വൈസ് പ്രസിഡന്റ് ഒ.കെ.വിനീഷ്, സ്ഥിരം സമിതി അംഗങ്ങളായ ഐ.എം.വിജയൻ, ജോർജ് തോമസ്, വി.സുനിൽ കുമാർ, എസ്.രാജീവ്, എം.ആർ.രഞ്ജിത്ത്, കെ.റഫീക്ക് എന്നിവരാണ് സിപിഎം നിർദേശത്തെത്തുടർന്ന് പ്രസിഡന്റിനൊപ്പം രാജിവച്ചത്. തിരഞ്ഞെടുപ്പിലൂടെയാണ് വൈസ് പ്രസിഡന്റിനെയും സ്ഥിരം സമിതി അംഗങ്ങളെയും തിരഞ്ഞെടുക്കുന്നത്. അത് ആരൊക്കെയാവണമെന്നു പാർട്ടി തലത്തിൽ അന്തിമ തീരുമാനം ആയിട്ടില്ല. രാജിവച്ചവർ പലരും പുതിയ ഭരണ സമിതിയിലും ഇടംപിടിച്ചേക്കും.
ഭരണ സമിതിയുടെ 5 വർഷ കാലാവധി അവസാനിക്കാൻ ഒരു വർഷം ശേഷിക്കെയാണ് പാർട്ടി ഇടപെട്ടുള്ള രാജി. വെള്ളിയാഴ്ച ചേർന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗമാണ് സ്പോർട്സ് കൗൺസിൽ പുനഃസംഘടിപ്പിക്കാൻ തീരുമാനിച്ചത്. എസ്.രാജീവ് ശനിയാഴ്ച തന്നെ കായിക മന്ത്രിയുടെ ഓഫിസിൽ രാജി എത്തിച്ചിരുന്നു.
കൗൺസിലിന്റെ പ്രവർത്തനങ്ങളിൽ കടുത്ത അസംതൃപ്തി അറിയിച്ചാണ് അദ്ദേഹത്തിന്റെ രാജിക്കത്ത്. മറ്റുള്ളവർ ഇന്നലെ രാജിവച്ചു. ഏറെക്കാലമായി സ്പോർട്സ് കൗൺസിലുമായി ബന്ധപ്പെട്ടു നിലനിന്നിരുന്ന തർക്കങ്ങളെയും വിവാദങ്ങളെയും തുടർന്നാണ് ഭരണസമിതി പൂർണമായി പുനസംഘടിപ്പിക്കാൻ തീരുമാനിച്ചത്. മേഴ്സി കുട്ടനും കായിക മന്ത്രി വി.അബ്ദു റഹിമാനും തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങളും ഭരണ സമിതിയിലെ തന്നെ ഭിന്നതയും പുനഃസംഘടനയ്ക്കു കാരണമായി. മേഴ്സി കുട്ടനെ മാറ്റാൻ തീരുമാനിച്ചതോടെയാണ് അത് ഒരു പുറത്താക്കലാണെന്ന ആക്ഷേപം ഒഴിവാക്കാൻ ഭരണസമിതി ഒന്നാകെ രാജിവച്ച് പുനസംഘടനയെന്ന ധാരണയിലെത്തിയത്. സംസ്ഥാന ഭാരവാഹികൾ രാജിവച്ചെങ്കിലും ജില്ലാ സ്പോർട്സ് കൗൺസിലുകളിലെ തിരഞ്ഞെടുക്കപ്പെട്ട ഭരണ സമിതികൾ തുടരും.
English Summary: Sport council president Mercy Kuttan resigned