ADVERTISEMENT

ഒളിംപിക്സ് ട്രാക്ക് ആൻഡ് ഫീൽഡ് വിഭാഗത്തിൽ മെഡൽ നേടുന്ന ആദ്യ പാക്കിസ്ഥാൻകാരനായ അർഷാദ് നദീമിന്റെ തുടക്കം ക്രിക്കറ്റിൽ. പാക്കിസ്ഥാൻ പഞ്ചാബിലെ ഖാനെവാൾ ജില്ലയിലെ മിയാൻ ചന്നുവിൽ 1997 ജനുവരി 2ന്  ജനിച്ച അർഷാദിന് ചെറുപ്പം മുതലേ കായികരംഗത്തോട് താൽപര്യമായിരുന്നു. അത്‌ലറ്റിക്സടക്കം പല ഇനങ്ങളിലും മികവ് പ്രകടിപ്പിച്ചെങ്കിലും ക്രിക്കറ്റിലായിരുന്നു പ്രധാന കമ്പം.

പിന്നീട് കോച്ച് റഷീദ് അഹമ്മദ് സാഖിയുടെയും മുതിർന്ന സഹോദരൻമാരുടെയും ഉപദേശപ്രകാരമാണ് ജാവലിൻ ത്രോയിൽ നിലയുറപ്പിച്ചത്. ക്രിക്കറ്റിൽ മുന്നോട്ട് പോകാൻ വേണ്ട സാമ്പത്തികസൗകര്യം ഒരുക്കാൻ കെട്ടിടനിർമാണത്തൊഴിലാളിയായ പിതാവിന് പ്രയാസമാകുമെന്നതും അർഷാദ് കണക്കിലെടുത്തു.

വേദനയോടെയാണ് ക്രിക്കറ്റിനോട് വിടപറഞ്ഞതെങ്കിലും ജീവിതത്തിൽ എടുത്ത ഏറ്റവും മികച്ച തീരുമാനമായിരുന്നു അതെന്ന് പിന്നീട് ബോധ്യമായെന്ന് അർഷാദ് പറയുന്നു. 

തുടക്കക്കാലത്ത് ഷോട്ട്പുട്ടിലും ഡ‍ിസ്കസ് ത്രോയിലുംകൂടി ഒരു കൈനോക്കിയെങ്കിലും ജാവലിനാണ് തന്റെ മേഖലയെന്ന് വൈകാതെ തിരിച്ചറിഞ്ഞു. തുടക്കത്തിൽ 60 മീറ്ററിൽ താഴെ മാത്രം എറിഞ്ഞിരുന്ന അർഷാദ് ഒരു മാസത്തിനുളളിൽ തന്നെ 65 മീറ്റർ പിന്നിട്ടു. 2016 സാഫ് ഗെയിംസിൽ 78.33 മീറ്റർ  ത്രോയിലൂടെ വെങ്കലം നേടി.

2016ൽ രാജ്യാന്തര അത്‍ലിറ്റിക് അസോസിയേഷന്റെ സ്കോളർഷിപ് നേടി മൊറീഷ്യസിൽ വിദഗ്ധ പരിശീലനം നേടാനായത് വഴിത്തിരിവായി. തുടക്കത്തിൽ നാട്ടുകാരും ബന്ധുക്കളും നൽകിയ സാമ്പത്തിക പിന്തുണയാണ് സഹായമായതെന്ന് പിതാവ് മുഹമ്മദ് അഷ്റഫ് വെളിപ്പെടുത്തിയിട്ടുണ്ട്. 

രാജ്യാന്തര വേദികളിൽ അരങ്ങേറിയ 2015 മുതൽ താൻ ഒരേ ജാവലിനാണ് ഉപയോഗിക്കുന്നതെന്നും പുതിയൊരണ്ണം ലഭിക്കാത്തതിന്റെ പ്രയാസങ്ങളെക്കുറിച്ചുമെല്ലാം അർഷാദ് ഏതാനും മാസങ്ങൾ മുൻപ് പരിതപിച്ചിരുന്നു.നീരജ് ചോപ്ര അർഷാദിന്റെ ഈ ആവശ്യത്തെ പൂർണമായി പിന്തുണച്ച് രംഗത്തെത്തിയിരുന്നു. 

English Summary:

Arshad Nadeem started his career in cricket

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com