ആവേശം നിറച്ച് 'എമിനൻസ്' പത്താം പതിപ്പ്
Mail This Article
മണർകാട് സെന്റ്. മേരീസ് കോളേജ് ബികോം ഡിപ്പാർട്മെന്റിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച പത്താമത് എമിനൻസ് ഫെസ്റ്റിന് ആവേശകരമായ പരിസമാപ്തി. വിവിധ കോളജുകളിൽ നിന്നെത്തിയ വിദ്യാർഥികളും ആഥിത്യം വഹിച്ച സെന്റ്. മേരീസ് കോളേജ് വിദ്യാർഥികളും ചേർന്നപ്പോൾ രണ്ട് നാൾ മേള, പുത്തൻ വ്യവസായിക - സംരംഭകത്വത്തിന്റെയും ഒപ്പം കലയുടെയും അത്യപൂർവമായൊരു കൂടികാഴ്ച്ചയായി മാറുകയായിരുന്നു.
ഫുട്ബോൾ മത്സരങ്ങളോടെ തുടങ്ങിയ മേളയുടെ ഔദ്യോഗിക ഉദ്ഘാടനം മാക്സ് ഗ്ലോബൽ കൺസൾട്ടൻസ് സിഇഒ രമ രാജീവ് ചെയ്തു. സെന്റ്. മേരീസ് കോളേജ് പ്രിൻസിപ്പൽ ഡോ. പുന്നൻ കുര്യൻ, ബി കോം ഹെഡ് ഓഫ് ഡിപ്പാർട്മെന്റ് സൂസൻ ബിൻസി ആൻഡ്രൂസ് എന്നിവരും ചടങ്ങിൽ പങ്കെടുത്തു.
വിദ്യാർഥികളുടെ സംരംഭക കാഴ്ചപ്പാട് ഉയർത്തുന്നതിനും കലാപരമായ കഴിവുകളെ ഉയർത്തുക എന്നതുമാണ് എമിനൻസിന്റെ ലക്ഷ്യം. ഐപിഎൽ ലേലം, ട്രെഷർ ഹണ്ട്, ബെസ്റ്റ് മാനേജർ കോമ്പറ്റീഷൻ, ഫുട്ബോൾ, സ്പോട് ഡാൻസ്, സോളോ സോങ് തുടങ്ങി നിരവധി മത്സരയിനങ്ങൾ മേളയിൽ സംഘടിപ്പിച്ചു.
കോളേജ് വിദ്യാർഥികൾക്കൊപ്പം ഹയർ സെക്കന്ററി വിദ്യാർഥികൾക്കും മത്സരത്തിൽ പങ്കെടുക്കാമെന്നത് മേളയെ വ്യത്യസ്തമാക്കി. പതിനേഴ് കോളേജുകൾ മത്സരിച്ച മേളയിൽ ചങ്ങനാശ്ശേരി എസ്ബി കോളേജ് കിരീടം നേടി.