‘അയേൺ മാനെ’ കുറിച്ച് സംസാരിച്ചു, അലക്സിസ് ഹൃദയം കീഴടക്കി: ആദ്യ ഡേറ്റിങ്ങിനെ കുറിച്ച് സറീന

Mail This Article
രണ്ടുവർഷം നീണ്ട ഡേറ്റിങ്ങിനു ശേഷം 2017ലായിരുന്നു ടെന്നിസ് താരം സറീന വില്യംസും അലക്സിസ് ഒഹാനിയയും വിവാഹിതരായത്. ഇപ്പോഴിതാ ഒഹാനിയയുമായുള്ള ആദ്യ കൂടിക്കാഴ്ചയെ കുറിച്ച് പറയുകയാണ് സറീന വില്യംസ്. ഇരുവർക്കും ഏറ്റവും പ്രിയപ്പെട്ട മാർവൽ, അയേൺ മാൻ സിനിമകളെ കുറിച്ച് സംസാരിച്ചാണ് പ്രണയത്തിലെത്തുന്നതെന്ന് സറീന വില്യംസ് പറയുന്നു.
‘ഒരിക്കൽ അത്താഴം കഴിച്ചു കൊണ്ടിരിക്കുമ്പോള്‍ അലക്സ് ഈ സിനിമകളെ കുറിച്ച് സംസാരിച്ചു. ഇത് എന്റെ ഹൃദയത്തിലേക്കുള്ള വഴിതുറന്നു.’– ഇഎസ്പിഎന്നിനു നൽകിയ അഭിമുഖത്തിലായിരുന്നു സറീനയുടെ പ്രതികരണം. പ്രസ്തുത അഭിമുഖത്തിൽ അലക്സിസും പങ്കെടുത്തിരുന്നു. ‘ഞാൻ കുറച്ച് സിനിമകൾ മാത്രമാണ് കണ്ടത്. എന്നാൽ ഇതേകുറിച്ച് ആഴത്തിൽ പഠിക്കാറുണ്ട്. പക്ഷേ, ആ സംഭാഷണത്തിന്റെ തുടക്കം അത്ര ലളിതമായിരുന്നില്ലെന്നും അലക്സിസ് വെളിപ്പെടുത്തി.
‘സറീന ഒരു നിബന്ധന വച്ചാണ് ഡേറ്റിങ്ങിനു തയാറായത്. ഡേറ്റിങ്ങിനു മുൻപ് സറീനയുടെ അസിസ്റ്റന്റ് ജിൽ സ്മോളറുമായി സംസാരിക്കണമെന്നായിരുന്നു ആവശ്യം. തുടർന്ന് രണ്ട് മണിക്കൂറോളം സ്മോളർ എന്നെ ചോദ്യം ചെയ്തു. പലതും പരിധിവിട്ട ചോദ്യങ്ങളായിരുന്നു. എനിക്കു കുട്ടികളുണ്ടോ, വിവാഹിതനാണോ എന്നെല്ലാം ചോദിച്ചു. എന്നാലും സറീന തുടക്കം മുതല്‍ നേർരേഖയിലുള്ള സമീപനമായിരുന്നു.’– അലക്സിസ് വ്യക്തമാക്കി. സറീനയ്ക്കും അലക്സിസിനും രണ്ടു പെൺകുട്ടികളാണ് ഉള്ളത്. ഏഴുവയസ്സുള്ള അലക്‌സിസ് ഒളിമ്പിയ ഒഹാനിയന്‍ ജൂനിയറും അതിറ റിവര്‍ ഒഹാനിയനും.