ജോലി സാരിയുടുപ്പിക്കൽ, പ്രതിഫലം രണ്ടുലക്ഷം വരെ: ഡോളി സെലിബ്രിറ്റികളുടെ പ്രിയപ്പെട്ടവളായി മാറിയത് ഇങ്ങനെ

Mail This Article
ആറടി നീളമുള്ള സാരി ഞൊറിഞ്ഞടുത്തു വരുന്നത് ഭംഗി മാത്രമല്ല ഒരു കല കൂടിയാണ്. സ്ത്രീകൾ സാരിയുടുത്താൽ അതിസുന്ദരികളാകുമെന്ന് പറയുന്നത് വെറുതെയല്ല. ആ സാരിയുടെ മനോഹാരിത മാത്രമല്ല അത് ഉടുക്കുന്ന രീതിയുടെയും കൂടിയാണ്. അപ്പോൾ ‘സാരി ഉടുപ്പിക്കൽ’ ഒരു പ്രൊഫഷനായി ഒരാൾ സ്വീകരിച്ചാൽ എങ്ങനെയിരിക്കും. അതെ ഇന്ത്യയിലെ ഏറ്റവും പ്രശസ്തയായ സാരി ഡ്രേപ്പിങ് സ്റ്റൈലിസ്റ്റിനെ കുറിച്ചാണ് പറഞ്ഞു വരുന്നത്. സാരി ഉടുപ്പിക്കൽ ഒന്നാന്തരം പ്രൊഫഷൻ തന്നെയാണെന്നു തെളിയിക്കുകയാണ് കൊൽക്കത്ത സ്വദേശിയായ ഡോളി ജെയിൻ. ബോളിവുഡ് സുന്ദരികൾ മാത്രമല്ല രാജ്യത്തെ ഏറ്റവും സമ്പന്നനായ അംബാനിയുടെ ഭാര്യയും മകളും മരുമക്കളും വരെ ഇവരുടെ സാരി ഡ്രേപ്പിങ് ആരാധകരാണ്. ഏഴാം ക്ലാസിൽ പഠനം നിർത്തേണ്ടി വന്ന ഒരു വനിത, സെലിബ്രിറ്റികളുടെ പ്രിയപ്പെട്ടവളായി മാറിയത് തന്റെ കഴിവും നിശ്ചയദാർഢ്യവും കൊണ്ടാണ്.
ശ്രീദേവി കണ്ടെത്തിയ കലാകാരി
ഡോളിയെ കലാകാരി എന്ന് തന്നെ വിളിക്കാം. കാരണം അവർ സാരി ഉടുപ്പിക്കുന്നത് കണ്ടാൽ മനോഹരമായൊരു ചിത്രം വരയ്ക്കുന്നതു പോലെയാണ്. ഒരു സാധാരണ സാരി പോലും ഡോളി ജെയിന്റെ കയ്യിലെത്തിയാൽ ഭംഗി കൂടുമെന്നുറപ്പ്. നടി ശ്രീദേവിയാണ് ഡോളി ജെയിനെ ഈ പ്രൊഫഷനിലേക്ക് തിരിച്ചുവിട്ടത്. സാരി ഡ്രേപ്പിങ് മേഖലയിലേക്കുള്ള കടന്നുവരവിനെ കുറിച്ച് ഡോളി പലപ്പോഴും പറഞ്ഞിട്ടുണ്ട്. ഡോളിയുടെ അമ്മാവൻ ഒരു സിനിമ നിർമാതാവ് ആയിരുന്നു. അദ്ദേഹത്തിന്റെ കൂടെ പ്രവർത്തിക്കുന്ന സമയത്ത് ഒരിക്കൽ ശ്രീദേവിയെ കാണാൻ ഇടയായപ്പോൾ അവരുടെ സാരിയിലൊരു പന്തികേട് ശ്രദ്ധയിൽപ്പെട്ടു. നടിയോടൊപ്പം കുറച്ച് സമയം ചെലവഴിക്കാമെന്ന പ്രതീക്ഷയിൽ സാരി ശരിയാക്കാൻ സഹായിച്ചു. സാരി പ്ലീറ്റ്‌സ് ചെയ്യുന്നതിനിടയിൽ, ശ്രീദേവി ഡോളി ജെയിനിന്റെ വിരലുകളിൽ തന്നെ ശ്രദ്ധിക്കുകയായിരുന്നു. പെട്ടെന്ന് അവർ ഡോളിയുടെ കൈയിൽ പിടിച്ച് വിരലുകൾക്ക് എന്തോ മാന്ത്രികത ഉണ്ടെന്ന് പറഞ്ഞു. ‘‘നിങ്ങൾ എന്തുകൊണ്ട് ഇത് ഒരു പ്രൊഫഷനായി എടുക്കുന്നില്ല?’’– എന്നായിരുന്നു ശ്രീദേവി ഡോളിയോടു ചോദിച്ചത്. ആ ചോദ്യം തന്റെ ജീവിതം മാറ്റി മറിച്ചെന്നാണ് ഡോളി പറയുന്നത്.
സാരി ഉടുപ്പിച്ച് റെക്കോർഡ്
18.5 സെക്കൻഡിൽ സാരിയുടുപ്പിച്ച് ലോകത്തിലെ ഏറ്റവും വേഗതയേറിയ സാരി ഡ്രെപ്പർ എന്ന പേരിൽ 2019 ൽ ലിംക ബുക്ക് ഓഫ് റെക്കോർഡ് ഡോളിക്കു ലഭിച്ചിട്ടുണ്ട്. ഇരുപത്തിയൊന്നാമത്തെ വയസ്സിൽ വിവാഹിതയായതു മുതൽ സാരി മാത്രമാണ് ഡോളി ധരിക്കുന്നത്. ആദ്യകാലങ്ങളിൽ സ്വന്തം സ്റ്റൈലിങ്ങിനു മാത്രമായിരുന്നു അവർ ശ്രദ്ധ കൊടുത്തിരുന്നത്. എന്നാൽ പിന്നീട് പലർക്കും സാരി ഞൊറിഞ്ഞുകൊടുത്തപ്പോൾ പരിഹാസങ്ങളും നേരിട്ടു. ഡോളി ഇതൊരു കരിയറായി തിരഞ്ഞെടുത്ത് വിജയം നേടുമെന്ന് ആരും കരുതിയിരുന്നില്ല. തമിഴ്‌നാട് മുൻ മുഖ്യമന്ത്രി ജയലളിത, നടാഷ പൂനാവാല, ശ്രീദേവി, നിത അംബാനി, ഇഷ അംബാനി, രാധിക മർച്ചന്റ്, ആലിയ ഭട്ട്, ദീപിക പദുക്കോൺ, പ്രിയങ്ക ചോപ്ര, അങ്ങനെ ഡോളി സാരിയുടുപ്പിക്കുന്ന പ്രമുഖരുടെ നീണ്ട നിരതന്നെയുണ്ട്. 35,000 മുതൽ 2 ലക്ഷം രൂപ സാരിയുടുപ്പിക്കുന്നതിനു ഡോളിക്കു ലഭിക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ.