സ്റ്റൈലിൽ വെള്ള ഷർട്ടു തന്നെയാണ് ഇപ്പോഴും മുന്നിൽ, ഈ വേനലിൽ ഒരുങ്ങാന് എളുപ്പവഴികൾ

Mail This Article
പുരുഷന്മാരായാലും സ്ത്രീകളായാലും തൂവെള്ള നിറത്തിലുള്ള ഒരു ഷർട്ട് ഇല്ലാതെ വാർഡ്രോബ് പൂർണമാകില്ല. ഏറ്റവും ലളിതമായ രീതിയിൽ സ്റ്റൈലിഷാകാൻ വെള്ള ഷർട്ടുകളേക്കാൾ മികച്ചത് മറ്റൊന്നുമില്ല താനും. സ്ത്രീകൾക്ക് വെള്ള ഷർട്ടിന്റെ ഫാഷൻ സാധ്യതകൾ പരീക്ഷിക്കാൻ ഏറ്റവും ഉചിതമായ കാലമാണ് വേനൽക്കാലം. ക്രോപ്ടോപ്പുകൾക്കൊപ്പം കോട്ടുപോലെ അണിഞ്ഞോ ഡെനിം സ്കേർട്ടുകൾക്കൊപ്പം ധരിച്ചോ വെള്ള ഷർട്ടിൽ സ്റ്റൈലിഷാകാം. ഏതു നിറങ്ങളോടൊപ്പവും എളുപ്പത്തിൽ യോജിച്ചു പോകുന്നതിനാൽ സ്വന്തമായ ഐഡിയകളും പരീക്ഷിക്കാവുന്നതാണ്. പകലായാലും രാത്രിയായാലും ഏതൊരു ഇവന്റിലും വെള്ളവസ്ത്രം വേറിട്ടു തന്നെ നിൽക്കും. വെള്ള ഷർട്ടിൽ ലുക്ക് വർധിപ്പിക്കാനുള്ള അഞ്ച് സ്റ്റൈലുകൾ നോക്കാം.
• ഒരു ബോസി ലേഡി ലുക്കാണ് നിങ്ങൾ ആഗ്രഹിക്കുന്നതെങ്കിൽ വെള്ള ഷർട്ടും ഓവർ സൈസ്ഡ് ആയിട്ടുള്ള സ്യൂട്ടും പോലെ നിങ്ങളുടെ ആഗ്രഹം സാധിച്ചു തരുന്ന മറ്റൊന്നില്ല. വെള്ള ഷർട്ട് ട്രൗസറിനുള്ളിൽ ടക്ക് ചെയ്ത് കറുത്ത നിറത്തിലുള്ള സ്യൂട്ട് ധരിക്കാം. ഇതിനോട് ചേർന്ന് പോകുന്ന സാൻഡലുകളും സിൽവർ അല്ലെങ്കിൽ റോസ് ഗോൾഡിലുള്ള ലളിതമായ ജ്വല്ലറിയും കൂടി ധരിച്ചാൽ ലുക്ക് പൂർത്തിയായി.
• ബോഡികോൺ ഡ്രസ്സുകൾ ഇപ്പോൾ സർവസാധാരണമാണ്. വേനൽക്കാലത്ത് അവ കൂടുതൽ സൗകര്യപ്രദമായി ധരിക്കുകയും ചെയ്യാം. എന്നാൽ ഇതിനു പുറമേ ഒരു ലൈറ്റ് വെയിറ്റ് വെള്ള ഷർട്ട് കോട്ടുപോലെ ധരിക്കുന്നത് കൂടുതൽ ആകർഷണീയത തോന്നിപ്പിക്കും. സ്ലിംഗ് ബാഗും മിനിമൽ ജ്വല്ലറിയുമാണ് ഈ ലുക്കിന് ഏറ്റവും അനുയോജ്യം.
• വെറുതെ ഷർട്ടുകൾ ധരിക്കുന്നതിന് പകരം അവ ഷോർട്ട് ലെങ്തിൽ കെട്ടിവെക്കുന്നത് ലുക്ക് കുറച്ചുകൂടി വർധിപ്പിക്കും. ഹൈ വെയ്സ്റ്റ് പാന്റുകളോ സ്ലിറ്റ് സ്കേർട്ടുകളോ ഇതിനൊപ്പം ധരിക്കാം. ഇതിനു പുറമേ ഒരു ക്യാപ്പ് കൂടി ധരിച്ചാൽ വെയിൽ ഏൽക്കാതിരിക്കാനും അല്പംകൂടി സ്റ്റൈലിഷായി തോന്നിപ്പിക്കാനും സാധിക്കും.
• ഫാഷൻ ലോകത്ത് പരീക്ഷണങ്ങൾക്ക് അവസാനമില്ല. ലൂസ് വെള്ള ഷർട്ടിന് മുകളിൽ ക്രോപ്ടോപ്പോ കോർസെറ്റോ ധരിക്കുന്നതാണ് ഏറ്റവും ഒടുവിലത്തെ ഫാഷൻ പരീക്ഷണങ്ങളിൽ ഒന്ന്. ജീൻസിനും ഷോർട്ട്സിനുമൊപ്പം ഈ ലുക്ക് പരീക്ഷിക്കപ്പെടുന്നുണ്ട്. ഹീൽസുകളും സ്നിക്കേഴ്സുകളും ഒരേപോലെ അനുയോജ്യമാണ്. മിനിമൽ ജ്വല്ലറിയും മിനിമൽ മേക്കപ്പും ആകർഷണീയത വർധിപ്പിക്കും.
• ഏറ്റവും എളുപ്പത്തിൽ സ്റ്റൈലിഷാകാനുള്ള മാർഗമാണ് വെള്ള ഷർട്ടും നീല നിറത്തിലുള്ള ജീൻസും ധരിക്കുന്നത്. ഇറക്കം കുറഞ്ഞ ലൂസ് വെള്ള ഷർട്ട് തന്നെ തിരഞ്ഞെടുക്കാം. ഡെനിം സ്കേർട്ടിന് ഒപ്പവും ഇത് അതിമനോഹരമായ ലുക്ക് സമ്മാനിക്കും. ലളിതമായ മേക്കപ്പിനും ആക്സസറികൾക്കും ഒപ്പം ഒരു സൺഗ്ലാസ് കൂടി ധരിച്ചാൽ ഏതൊരാൾക്കൂട്ടത്തിലും നിങ്ങളുടെ സ്റ്റൈൽ വേറിട്ടു നടക്കും.