സാരിക്ക് സ്വാഗതമോതി ബ്രിട്ടിഷ് നാവികസേന; പക്ഷേ, ഓവർ കോട്ട് വേണം

Mail This Article
ബ്രിട്ടിഷ് നാവികസേന ഔദ്യോഗിക ചടങ്ങുകൾക്ക് ധരിക്കാവുന്ന വസ്ത്രങ്ങളുടെ പട്ടികയിൽ സാരിയും ഉൾപ്പെടുത്തി. മെസ് ജാക്കറ്റ് എന്നറിയപ്പെടുന്ന ഓവർകോട്ട് കൂടി സാരിക്കൊപ്പം ധരിക്കണമെന്ന നിഷ്കർഷയുമുണ്ട്. വിവിധ സംസ്കാരങ്ങളിൽ പെട്ടവരുടെ വസ്ത്രധാരണ രീതികൾ ഉൾപ്പെടുത്തുന്നതിന്റെ ഭാഗമായിട്ടാണു നടപടിയെന്നു ബ്രിട്ടിഷ് നാവികസേനാ അധികൃതർ അറിയിച്ചു. സ്കോട്‌ലൻഡ്, അയർലൻഡ്, വെയിൽസ് തുടങ്ങിയ ഇടങ്ങളിലെ തദ്ദേശീയ വസ്ത്രങ്ങൾ നേരത്തെ നാവികസേന ധരിക്കാവുന്ന വസ്ത്രങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നു. പാക്ക് വംശജയും ബ്രിട്ടിഷ് നാവികസേനയിലെ ഓണററി ക്യാപ്റ്റനുമായ ദുർദന അൻസാരി സാരിയും മെസ് ജാക്കറ്റുമണിഞ്ഞു നിൽക്കുന്ന ചിത്രവും അധികൃതർ പുറത്തുവിട്ടു.
എന്നാൽ ബ്രിട്ടിഷ് നാവികസേനയിലെ ചില മുൻ ഉന്നത ഉദ്യോഗസ്ഥർ ഇതിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. ബ്രിട്ടന്റെ ആണവ അന്തർവാഹിനികളിലൊന്നിന്റെ മുൻ കമാൻഡറായ റിയർ അഡ്മിറൽ ഫിലിപ് മത്തിയാസ് രൂക്ഷ വിമർശനമുയർത്തി. സാംസ്കാരിക രാഷ്ട്രീയം കളിക്കുന്നതിനു പകരം ആക്രമണനിരയുടെ മൂർച്ച കൂട്ടാനാണ് ബ്രിട്ടിഷ് നാവികസേന ശ്രമിക്കേണ്ടതെന്ന് അദ്ദേഹം പ്രതികരിച്ചു.