ADVERTISEMENT

ആപ്പിള്‍ ഇന്ത്യയുടെ ഓണ്‍ലൈന്‍ സ്‌റ്റോറില്‍ ഐഫോണ്‍ 12 സീരിസിലെ രണ്ടു മോഡലുകളുടെ പ്രീ ഓര്‍ഡര്‍ സ്വീകരിച്ചു തുടങ്ങി. ചരിത്രത്തില്‍ ആദ്യമായാണ് ആപ്പിള്‍ സ്വന്തമായി ഇന്ത്യയില്‍ ഐഫോണുകളുടെ പ്രീ ഓര്‍ഡര്‍ സ്വീകരിക്കുന്നത്. ഐഫോണ്‍ 12, ഐഫോണ്‍ 12 പ്രോ എന്നീ മോഡലുകള്‍ മാത്രമാണ് ഇപ്പോള്‍ ഓര്‍ഡര്‍ ചെയ്യാന്‍ സാധിക്കുക. ഒക്ടോബര്‍ 31 മുതല്‍ ഫോണുകള്‍ എത്തിച്ചു നല്‍കിത്തുടങ്ങാനാണ് കമ്പനിയുടെ ഉദ്ദേശം. വിവിധ ഓഫറുകളും മറ്റും പരിശോധിക്കുന്നതിനു മുൻപായി ലഭ്യമായ മോഡലുകളുടെ വിലകള്‍ പരിശോധിക്കാം:

 

ഐഫോണ്‍ 12 64 ജിബി 79,900 രൂപ

ഐഫോണ്‍ 12 128 ജിബി 84,900 രൂപ

ഐഫോണ്‍ 12 256 ജിബി  94,900 രൂപ

 

ഇവ നീല, പച്ച, കറുപ്പ്, വെളുപ്പ്, പ്രൊഡക്ട് റെഡ് എന്നീ നിറങ്ങളില്‍ ലഭ്യമാക്കിയിട്ടുണ്ട്. ഇഷ്ടാനുസരണം തിരഞ്ഞെടുക്കാം.

 

ഐഫോണ്‍ 12 പ്രോ 128ജിബി 1,19,900 രൂപ

ഐഫോണ്‍ 12 പ്രോ 256ജിബി 1,29,900 രൂപ

ഐഫോണ്‍ 12 പ്രോ 512ജിബി 1,49,900  രൂപ

 

ഇവ പസിഫിക് ബ്ലൂ, ഗ്രാഫൈറ്റ്, സില്‍വര്‍, ഗോള്‍ഡ് നിറങ്ങളിലാണ് ലഭ്യം.

 

നിലവില്‍ ആപ്പിള്‍ സ്റ്റോര്‍ ക്യാഷ് ബാക് ഓഫറൊന്നും ഇറക്കിയിട്ടില്ല. ഇഎംഐ ഓഫര്‍ ഉണ്ട്. അതുപോലെ എക്‌സ്‌ചേഞ്ച് ഓഫറും ഉണ്ട്. പഴയ ഐഫോണ്‍ മോഡലുകള്‍ അടക്കം ഏതു ഫോണും എക്‌സ്‌ചേഞ്ച് ചെയ്യാം. എന്നാല്‍ അവയുടെ മൂല്യം വിവിധ ഘടകങ്ങള്‍ വിലയിരുത്തി ആപ്പിളായിരിക്കും നിശ്ചയിക്കുക. ഐഫോണ്‍ 12 വാങ്ങുമ്പോള്‍ പരമാവധി 22,000 രൂപ വരെ എക്‌ചേഞ്ചായി ഓഫര്‍ ചെയ്യുന്നു. പ്രോ വാങ്ങിയാല്‍ 34,000 രൂപ വരെയും ലഭിക്കും. ഇതിന് ട്രെയ്ഡ്-ഇന്‍ ഓപ്ഷന്‍ എന്നാണ് പറയുക. അവസാന ബില്ലില്‍ പഴയ ഫോണിന്റെ വില കുറച്ച ശേഷം ഐഫോണ്‍ 12 സീരിസിലെ നിങ്ങള്‍ ഓര്‍ഡര്‍ ചെയ്ത ഫോണ്‍ ലഭിക്കും.

 

∙ ആപ്പിള്‍ കെയര്‍ പ്ലസ് (AppleCare+)

 

യാദൃശ്ചികമായി ഫോണിന് എന്തെങ്കിലും സംഭവിച്ചാല്‍ മാറ്റി വാങ്ങാവുന്ന ഒന്നാണിത്. ഇത് എടുക്കണമെങ്കല്‍ ഐഫോണ്‍ 12ന് 16,900 രൂപ നല്‍കണം. അതേസമയം ഐഫോണ്‍ 12 പ്രോയ്ക്ക് 26,900 രൂപ നല്‍കണം.

 

∙ ഇഎംഐ

 

ക്രെഡിറ്റ് ഡെബിറ്റ് കാര്‍ഡുകള്‍ക്ക് വിവിധ ഓഫറുകള്‍ ഉണ്ട്. റൂപേ കാര്‍ഡുകളിലൂടെയുള്ള പണമടയ്ക്കലാണ് സ്വീകാര്യം. ഇപ്പോള്‍ ക്യാഷ് ഓണ്‍ ഡെലിവറി ഇല്ല. കാരണം ആപ്പിളിന്റെ കോണ്ടാക്ട്‌ലെസ് ഡെലിവറി പണം നേരിട്ടു സ്വീകരിക്കാന്‍ അനുവദിക്കുന്നില്ല.

 

ഐഫോണ്‍ 12 മിനി, ഐഫോണ്‍ 12 പ്രോ മാക്‌സ് എന്നിവയുടെ പ്രീ ഓര്‍ഡര്‍ നവംബര്‍ ആറിന് തുടങ്ങിയേക്കും. നവംബര്‍ 13ന് ഷിപ്പിങ് തുടങ്ങുമെന്നും കരുതുന്നു.

 

ഏത് ഐഫോണാണ് ഒരാള്‍ക്ക് ഉചിതം എന്നറിയാന്‍ സഹായിക്കാന്‍ ഐഫോണ്‍ സ്‌പെഷ്യലിസ്റ്റുകളുമായി സംവാദം നടത്താനും സാധിക്കും. ഇവ ഇംഗ്ലിഷ്, ഹിന്ദി ഭാഷകളില്‍ മാത്രമാണ് ഇപ്പോള്‍ ലഭ്യം.

 

ആപ്പിളിന്റെ ഓണ്‍ലൈന്‍ സ്‌റ്റോര്‍ കൂടാതെ, ഇന്ത്യക്കാര്‍ക്കു സുപരിചിതമായ ഫ്‌ളിപ്കാര്‍ട്ടിലും ആമസോണിലും ഫോണ്‍ ഓര്‍ഡര്‍ ചെയ്യാം. എന്നാല്‍, ഇപ്പോള്‍ ഇളവ് നല്‍കുന്ന ഏക സ്ഥലം ഇന്ത്യാസ്‌റ്റോര്‍.കോമാണ് (indiastore.com). അവര്‍ ഐഫോണ്‍ 12ന് 5,000 രൂപയും, ഐഫോണ്‍ 12 പ്രോയ്ക്ക് 6,000 രൂപയും കിഴിവ് വാഗ്ദാനം ചെയ്യുന്നു. അതു കൂടാതെ പഴയ ഫോണുകള്‍ എക്‌സ്‌ചേഞ്ചു ചെയ്താല്‍ 6000 രൂപ അധികം കിഴിവും നല്‍കുന്നുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഓഫര്‍ എച്ഡിഎഫ്‌സി ബാങ്ക് വഴി നടത്തുന്ന ഇഎംഐ ഇടപാടുകള്‍ക്കു മാത്രമാണ് ബാധകം.

 

എച്ഡിഎഫ്‌സി ബാങ്ക് ക്രെഡിറ്റ് കാര്‍ഡ് ('Effective Price Calculator on HDFC Bank Cards') ഉപയോഗിച്ചാല്‍ ഐഫോണ്‍ 12 ന്റെ തുടക്ക മോഡല്‍ 73,900 രൂപയ്ക്കു ലഭിക്കുന്നതായി കാണുന്നു. 128 ജിബി 78,900 രൂപയ്ക്കും, 256ജിബി 88,900 രൂപയ്ക്കും ലഭിക്കും. ഐഫോണ്‍ 12 പ്രോ മോഡലിന്റെ വില 1,14,900 രൂപ, 1,24,900 രൂപ, 1,44,900 രൂപ എന്നിങ്ങനെയും കുറയുന്നു.

 

എന്നാല്‍ എക്‌സ്‌ചേഞ്ചിന് ഏറ്റവും സൗകര്യം ആപ്പിളിന്റെ ഓണ്‍ലൈന്‍ സ്‌റ്റോര്‍ തന്നെയാണ്. ഐഫോണ്‍ 11 എക്‌ചേഞ്ച് ചെയ്താല്‍ 37,000 രൂപ കിഴിവാണ് ലഭിക്കുന്നത്. അപ്പോള്‍ ഐഫോണ്‍ 12 256 ജിബി വേരിയന്റ് 57,900 രൂപയ്ക്കു വാങ്ങാമെന്നാണ് മനസിലാകുന്നത്.

 

English Summary: iPhone 12, iPhone 12 Pro Up for Pre-Orders in India: Offers, Price

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com