ADVERTISEMENT
We've detected that you're currently using an ad-blocker
You can now access Manorama Online with minimal ads by subscribing to Premium
Subscribe Now
OR

Please turn off your ad blocker

Already a Premium Member?

നിലവില്‍ നാം ഇന്റര്‍നെറ്റ് സേവനങ്ങള്‍ ആസ്വദിക്കുന്ന രീതിയെ സമൂലമായി പൊളിച്ചെഴുതാന്‍ കെല്‍പ്പുള്ളതാകാം ആപ്പിള്‍ ജൂണ്‍ 5ന് പുറത്തിറക്കുമെന്നു കരുതുന്ന ഹെഡ്സെറ്റ് എന്ന് സെഡ്ഡിനെറ്റ്. ഗൂഗിള്‍, സാംസങ്, സോണി, മെറ്റാ തുടങ്ങി പല കമ്പനികളും കിണഞ്ഞു ശ്രമിച്ചിട്ടും അവതരിപ്പിക്കാന്‍ സാധിക്കാത്ത അനുഭവം ആപ്പിളിന്റെ ഹെഡ്സെറ്റിനു നല്‍കാന്‍ സാധിക്കുമെന്നാണ് പ്രവചനം. ഈ കമ്പനികള്‍ പുറത്തിറക്കിയ ഹെഡ്സെറ്റുകളൊന്നും വെര്‍ച്വല്‍ റിയാലിറ്റിയെ ഇഷ്ടപ്പെടാന്‍ പ്രേരിപ്പിക്കുന്നതായിരുന്നില്ല. എന്നാല്‍, അതായിരിക്കില്ല ആപ്പിളിന്റെ മിക്സഡ് റിയാലിറ്റി ഹെഡ്സെറ്റിന്റെ കാര്യത്തില്‍ സംഭവിക്കുക എന്നാണ് അവകാശവാദം.

 

റിയാലിറ്റി പ്രോ എആര്‍-വിആര്‍ ഹെഡ്സെറ്റ്

ജൂണ്‍ 5ന് ആപ്പിള്‍ റിയാലിറ്റി പ്രോ എന്നു പേരിട്ടേക്കുമെന്നു കരുതുന്ന എആര്‍-വിആര്‍ ഹെഡ്സെറ്റ് അവതരിപ്പിച്ചേക്കില്ലെന്നു കരുതാന്‍ ഒട്ടനവധി കാരണങ്ങളുണ്ടെങ്കിലും ഇത്തരം ഹെഡ്സെറ്റിന്റെ നിര്‍മാണത്തില്‍ ആപ്പിള്‍ നേരിട്ടിരുന്ന പ്രശ്നങ്ങള്‍ പരിഹരിച്ചു എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. പുതിയ ഹെഡ്സെറ്റ് ആകട്ടെ ഇതുവരെ ഈ മേഖലയില്‍ പുറത്തിറക്കപ്പെട്ട ഒന്നിനും സമാനമായിരിക്കില്ലെന്നും അവര്‍ പറയുന്നു. ലോകത്തെ ഏറ്റവും വലിയ ടെക്നോളജി കമ്പനി വീണ്ടുമൊരിക്കല്‍ കൂടി പുതിയൊരു തുടക്കം കുറിക്കാന്‍ തയാറെടുക്കുകയാണ്. ജൂണ്‍ 5ന്റെ മീറ്റിങ്ങില്‍ പങ്കെടുക്കാന്‍ ക്ഷണം കിട്ടിയിരിക്കുന്നവര്‍ക്ക് ഭ്രമിപ്പിക്കുന്ന പുതിയ സാങ്കേതികവിദ്യ നേരിട്ടു പരിചയപ്പെടാനാകുമെന്ന് റിപ്പോര്‍ട്ട് പറയുന്നു. ഇതാകട്ടെ ആദ്യ മാക്, ഐപോഡ്, ഐഫോണ്‍, ആപ്പിള്‍ വാച്ച് തുടങ്ങിയവ അനാവരണം ചെയ്ത സമയത്തേതിനു സമാനമായ അനുഭവമായിരിക്കുമെന്നുമാണ് പ്രവചനം.

 

വരും കാല വിദ്യാഭ്യാസ മേഖലയെ വിആര്‍ മാറ്റിമറിച്ചേക്കാം

അതേസമയം, ആപ്പിള്‍ റിയാലിറ്റി പ്രോ, അണിയാവുന്ന ഒരു ഉപകരണം എന്ന നിലയില്‍ അത്ര മികവു പുലര്‍ത്തണമെന്നില്ല എന്നും റിപ്പോര്‍ട്ട് പ്രവചിക്കുന്നു. വരും വര്‍ഷങ്ങളില്‍ കൂടുതല്‍ മികവുറ്റ ഡിസൈന്‍ രീതി അനുവര്‍ത്തിക്കേണ്ടതായി വന്നേക്കാം. പക്ഷേ അതല്ല അതില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്ന വെര്‍ച്വല്‍ റിയാലിറ്റി സാങ്കേതികവിദ്യയുടെ കാര്യം. വിവിധ തരം പരിശീലനങ്ങള്‍ നല്‍കുന്ന കാര്യത്തില്‍ അതിവേഗം കുതിക്കുകയാണ് വിആര്‍ സാങ്കേതികവിദ്യ. പിഡബ്ല്യൂസിയുടെ ( PwC) പുതിയ പഠനം പ്രകാരം ക്ലാസ്റൂമില്‍ പോയി പഠിക്കുന്ന കുട്ടികളെക്കാള്‍ നാലുമടങ്ങ് വേഗത്തില്‍ പരിശീലനം നല്‍കാന്‍ വിആര്‍ ഹെഡ്സെറ്റുകള്‍ക്ക് സാധിക്കും. വിആര്‍ ഹെഡ്സെറ്റ് ഉപയോഗച്ചു പഠിക്കുന്നവര്‍ക്ക് നാലുമടങ്ങ് കൂടുതല്‍ ഏകാഗ്രതയും ലഭിക്കും. വിആര്‍ ഉപയോഗിച്ചവര്‍ തങ്ങള്‍ പഠിച്ച കാര്യങ്ങള്‍ പ്രാവര്‍ത്തികമാക്കാന്‍ ക്ലാസില്‍ പോയി ഇക്കാര്യങ്ങള്‍ പഠിച്ചവരെക്കാള്‍ 275 ശതമാനം കൂടുതല്‍ ആത്മവിശ്വാസം കാണിക്കുന്നു. ക്ലാസ് റൂമിലെത്തി പഠിച്ചവരെക്കാള്‍ തങ്ങള്‍ ഗ്രഹിച്ച കാര്യങ്ങളോട് 3.75 മടങ്ങ് വൈകാരികമായ അടുപ്പം കാണിക്കാനും അവര്‍ക്കു സാധിക്കുന്നു എന്നാണ് പഠനത്തിന്റെ കണ്ടെത്തല്‍. ഇത്തരത്തിലുള്ള പഠനരീതി അതിവേഗം പ്രചരിച്ചേക്കാം. കാരണം ഒട്ടനവധി ജോലികള്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ വരവോടെ ഇല്ലാതാകുമെന്നാണല്ലോ പ്രവചനം. അപ്പോള്‍ പുതിയ കാര്യങ്ങള്‍ അതിവേഗം പഠിക്കണമെങ്കല്‍ ഇത്തരം സാധ്യതകള്‍ അനിവാര്യമായേക്കാം.

 

എന്തുകൊണ്ടാണ് വിആര്‍ ടൂളിന് ക്ലാസ്റൂമുകളെക്കാള്‍ ഫലപ്രദമാകുന്നത്?

മികച്ച പ്രകടനം കഴ്ചവയ്ക്കാന്‍ വിആര്‍ ഹെഡ്സെറ്റുകള്‍ക്ക് സാധിക്കുമെന്നതു തന്നെയാണ് അവ ക്ലാസ്റൂമുകളെ കടത്തിവെട്ടാനുള്ള കാരണം. ഇപ്പോള്‍ വെബില്‍ ഒരു വാര്‍ത്ത വായിക്കുന്നതോ, വിഡിയോ കാണുന്നതോ ഒന്നും ഇതിനു സമാനമായ അനുഭവമല്ല. നിങ്ങളുടെ ഫോണില്‍ നോട്ടിഫിക്കേഷനുകള്‍ ശല്യപ്പെടുത്തിക്കൊണ്ടിരിക്കുന്നു, അടുത്തിരിക്കുന്നയാള്‍ ചോദ്യങ്ങള്‍ ചോദിക്കുന്നു, മേശപ്പുറത്ത് കഴിക്കാനുള്ള സ്നാക്സ് ഇരിക്കുന്നു - ഇവയുടെയൊന്നും ശല്യമില്ലാതെ മുറിയാത്ത ഏകാഗ്രതയോടെ പഠനം നിര്‍വഹിക്കാമെന്നതാണ് വിആര്‍ ഹെഡ്സെറ്റില്‍ നിന്ന് പ്രതീക്ഷിക്കുന്നത്. ഇത്തരം ഒരു അനുഭവം പ്രദാനം ചെയ്യാന്‍ സാധിക്കുമോ? ഇതുതന്നെ ആയിരിക്കും ആപ്പിള്‍ തങ്ങളുടെ ഹെഡ്സെറ്റില്‍ കൊണ്ടുവരാന്‍ ആഗ്രഹിക്കുന്നത്.

 

ഇനി വരുന്ന ഉപകരണങ്ങള്‍

ആദ്യം റിയാലിറ്റി പ്രോ ഹെഡ്സെറ്റും പിന്നെ ഓഗ്മെന്റഡ് റിയാലിറ്റി കണ്ണടയും ഒക്കെയാണ് ആപ്പിള്‍ ഇറക്കാന്‍ പോകുന്ന ഉപകരണങ്ങള്‍. ഇപ്പോഴത്തെ നമ്മുടെ കംപ്യൂട്ടറുകള്‍ക്കോ, ഫോണുകള്‍ക്കോ, ടാബുകള്‍ക്കോ സാധ്യമല്ലാത്ത തരത്തിലുള്ള അനുഭവമായിരിക്കും എത്തുക. ആദ്യ ഐഫോണ്‍ ഒരു വിപ്ലവമായിരുന്നില്ല എന്നതു പോലെ ആദ്യ ഹെഡ്സെറ്റും പുതിയൊരു തുടക്കം കുറിക്കുകയായിരിക്കും ചെയ്യുക. അതുപോലെ, നിലവിലുള്ള ഒരു ഉപകരണത്തിനും പകരകവുമാകില്ല ഹെഡ്സെറ്റ്. അതേസമയം, അല്‍പം കൂടി ആഴത്തിലുള്ള അനുഭവം വേണമെന്നുള്ളപ്പോള്‍ ആശ്രയിക്കാവുന്ന ഒരു ഉപകരണം ആയിരിക്കും ഇത്.

 

ചില സാധ്യതകള്‍

ഒരു ആര്‍ക്കിടെക്ടിന് തന്റെ ക്ലൈന്റിനെ ഒരു നഗരത്തിലുള്ള അഞ്ചു വീടുകളുടെ ഉള്‍ഭാഗം കാണിച്ചുകൊടുക്കാനായി ഒരു ദിവസം മുഴുവന്‍ വണ്ടിയില്‍ കൊണ്ടു നടക്കേണ്ടതായി വരില്ല. വെര്‍ച്വലായി അത് കാണിച്ചുകൊടുക്കാം. ടൂര്‍ പോകുന്നതിനു മുന്‍പും കുടുംബാഗങ്ങള്‍ക്കും കൂട്ടുകാര്‍ക്കും പോകാന്‍ ആഗ്രഹിക്കുന്ന പ്രദേശത്തെക്കുറിച്ചുള്ള വിവരങ്ങള്‍ ഹെഡ്സെറ്റ് വഴി നേരത്തേ കണ്ടറിയാം. കായികവിനോദ പ്രേമിക്ക് ഹെഡ്സെറ്റ് ഉപയോഗിച്ച് സ്‌റ്റേഡിയത്തിന് തൊട്ടടുത്ത് എന്നവണ്ണം ആസ്വദിക്കാം. പുതിയൊരു ജോലിക്കായി തയാറെടുക്കുന്ന ഒരാള്‍ക്ക് ഭൂമിയുടെ മറുവശത്തിരിക്കുന്ന ഒരു വിദഗ്ധന്റെ സഹായം പോലും തേടാം. ഇത്തരം അനുഭവങ്ങളുടെ ആദ്യ തലം ഇന്റര്‍നെറ്റ് നമുക്കു പരിചയപ്പെടുത്തിക്കഴിഞ്ഞു. അടുത്ത ഘട്ടമായിരിക്കും വിആര്‍ നമുക്ക് ഇനി പരിചയപ്പെടുത്തി നല്‍കുക. വരും വര്‍ഷങ്ങളില്‍ പ്രതീക്ഷിക്കുന്ന മറ്റൊരു ഇന്റര്‍നെറ്റ് യുഗത്തിന് തുടക്കമിടുകയായിരിക്കും ആപ്പിള്‍ ചെയ്യുക. അതേസമയം, തങ്ങള്‍ ഇത്തരം ഒരു ഹെഡ്സെറ്റ് ജൂണ്‍ 5ന് ഇറക്കുമെന്ന് ആപ്പിള്‍ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ലെന്നും ഓര്‍ക്കണം.

 

എയ്സര്‍ അസ്പയര്‍ 5 ഗെയിമിങ് ലാപ്ടോപ് അവതരിപ്പിച്ചു, വില 70,990 രൂപ മുതല്‍

ഇന്റല്‍ 13-ാം തലമുറ ഐ5 പ്രോസസര്‍ ഉപയോഗിച്ചു പ്രവര്‍ത്തിക്കുന്ന എയ്സര്‍ അസ്പയര്‍ 5 ഗെയിമിങ് ലാപ്ടോപ് അവതരിപ്പിച്ചു. എന്‍വിഡിയ ജിഫോഴ്സ് ആര്‍ടിഎക്സ് 2050 ഗ്രാഫിക്സ് കാര്‍ഡും ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. വിവിധ റാം കോണ്‍ഫിഗറേഷനുകളില്‍ വാങ്ങാം. ഭാരം 1.57 കിലോ. ഒരു യുഎസ്ബി-സി പോര്‍ട്ട്, ഒരു തണ്ടര്‍ബോള്‍ട്ട് പോര്‍ട്ട്, തുടങ്ങിയവയും ഉണ്ട്. തുടക്ക വേരിയന്റിന് വില 70,990 രൂപ. ആമസോണ്‍ അടക്കം പല ഓണ്‍ലൈന്‍ സ്റ്റോറുകളിലും ലഭിക്കും.

 

പുതിയ തലമുറയിലെ റൂട്ടറുകള്‍ പുറത്തിറക്കി എയ്സര്‍

പ്രമുഖ കംപ്യൂട്ടര്‍ നിര്‍മാതാവയ എയ്സര്‍ തങ്ങളുടെ വെറോ ഡബ്ല്യൂ6എം മെഷ് റൂട്ടര്‍ പുറത്തിറക്കി. പരിസ്ഥിതി സൗഹാര്‍ദമാണ് ഇതില്‍ ഉപയോഗിച്ചിരിക്കുന്ന നിര്‍മാണ വസ്തുക്കള്‍ എന്ന് കമ്പനി പറയുന്നു. കുറച്ചു വൈദ്യുതി മതി പ്രവര്‍ത്തിപ്പിക്കാന്‍. മികച്ച കണക്ടിവിറ്റിയും ലഭിക്കുമെന്ന് കമ്പനി പറയുന്നു. വൈ-ഫൈ 6ഇ, ട്രൈ-ബാന്‍ഡ് എഎക്സ്ഇ7800 ശേഷി ഉള്ളതായിരിക്കും പുതിയ റൂട്ടര്‍. വില പ്രഖ്യാപിച്ചിട്ടില്ല.

 

2,499 രൂപയ്ക്ക് അംബ്രെയ്ന്‍ ക്രെസ്റ്റ് പ്രോ സ്മാര്‍ട് വാച്ച്

പരുക്കന്‍ ഉപയോഗത്തിനു പോലും ഉപകരിച്ചേക്കാമെന്നു കരുതുന്ന നിര്‍മാണ രീതിയുമായി അംബ്രെയ്ന്‍ ക്രെസ്റ്റ് പ്രോ സ്മാര്‍ട് വാച്ച് പുറത്തിറക്കി. വില 2,499 രൂപ. (എംആര്‍പി 6,999 രൂപ.) കമ്പനിയുടെ വെബ്സൈറ്റില്‍ നിന്നും, ഫ്ളിപ്കാര്‍ട്ടില്‍ നിന്നും ഇതു വാങ്ങാം. 1.52-ഇഞ്ച് വലുപ്പമുളള ടച്സ്‌ക്രീന്‍ ഡിസ്പ്ലേയാണ് വാച്ചിനുള്ളത്. ബ്ലൂടൂത് 5.2, ഹാര്‍ട്ട് റെയ്റ്റ് മോണിട്ടര്‍, എസ്പിഒ2 സെന്‍സര്‍ തുടങ്ങിയവയും ഉള്‍ക്കൊള്ളിച്ചിരിക്കുന്നു.

 

English summary: From mixed reality headset to iOS 17: Everything that Apple might announce at WWDC 2023

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com